മമതക്ക് ലോക്കിട്ട് വിമതര്‍; തൃണമൂല്‍ ഭവന്‍ പിടിച്ചെടുത്തു

പാര്‍ട്ടി ആസ്തികളും രേഖകളും പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സ്വാധീനിക്കാനുള്ള നീക്കത്തിലാണ് ഋതബ്രത ബാനര്‍ജിയും കൂട്ടരും

Jul 04, 2026 - 20:23
0
മമതക്ക് ലോക്കിട്ട് വിമതര്‍; തൃണമൂല്‍ ഭവന്‍ പിടിച്ചെടുത്തു

ഏതാണ് യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഇഴകീറി പരിശോധിക്കുന്നതിനിടെ നിര്‍ണായക നീക്കവുമായി വിമതര്‍. പാര്‍ട്ടി ആസ്തികളും രേഖകളും പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സ്വാധീനിക്കാനുള്ള നീക്കത്തിലാണ് ഋതബ്രത ബാനര്‍ജിയും കൂട്ടരും. പശ്ചിമ ബംഗാള് നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം പാര്‍ട്ടി ആസ്ഥാനമായ കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവന്‍ പിടിച്ചെടുത്ത് മമതാ ബാനര്‍ജിക്ക് അക്ഷരാര്‍ഥത്തില്‍ ലോക്കിട്ടു. പൂട്ടുകള്‍ മാറ്റിയ ശേഷം പുതിയ പോസ്റ്ററുകള്‍ സ്ഥാപിച്ച വിമത പക്ഷം ഇനി ഇവിടെയായിരിക്കും പ്രവര്‍ത്തിക്കുക എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫുള്‍ ബെഞ്ചിന് മുന്നില്‍ ഹാജരായി 24 മണിക്കൂര്‍ പിന്നിടും മുമ്പെ വിമത പക്ഷം നടത്തിയ നാടകീയ നീക്കം മമതാ പക്ഷത്തെ ഞെട്ടിച്ചു. നിയമസഭയിലെ ഭൂരിപക്ഷം മുതലെടുത്ത് പാര്‍ട്ടി പിടിച്ചെടുക്കാനും പാര്‍ട്ടി ചിഹ്നവും ആസ്തികളും സ്വന്തമാക്കാനുമാണ് വിമതപക്ഷത്തിന്റെ നീക്കം. ഇതിന് നിയമസഭാ സ്പീക്കറുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഔദ്യോഗിക പിന്തുണയുണ്ടാവുമെന്ന് വിമതര്‍ കരുതുന്നു. 

ഫിര്‍ഹദ് ഹകീം, ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ, അഖ്‌റുസ്സമാന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഋതബ്രത ബാനര്‍ജി തൃണമൂല്‍ ഭവനില്‍ യോഗം ചേര്‍ന്നു. 2022 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനമാണ് ഈ കെട്ടിടം. എന്നാല്‍ മമതയുടെ കാളിഘട്ടിലെ വസതിയാണ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ ഓഫീസായി പ്രവര്‍ത്തിച്ചിരുന്നത്. തൃണമൂല്‍ ഭവന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയുമായി കരാറൊപ്പിട്ടുവെന്നും സംഘടനാ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം ഇവിടെയായിരിക്കുമെന്നും പാര്‍ട്ടി ട്രഷറര്‍ കൂടിയായ അഖ്‌റുസ്സമാന്‍ അറിയിച്ചു. പുതിയ പോസ്റ്ററില്‍ മമതയുടെ ചിത്രമില്ലെന്നു മാത്രമല്ല, പുതിയ ചെയര്‍മാനായി അരൂപ് റോയ് എം.എല്‍.എയുടെ ചിത്രമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഓഫീസിനുള്ളില്‍ മമതയുടെ കട്ടൗട്ടുകളും ചിത്രങ്ങളും മാറ്റിയിട്ടില്ല. വിമതപക്ഷം ആസ്ഥാന മന്ദിരം പിടിച്ചെടുത്ത വിവരമറിഞ്ഞ് മമതാ പക്ഷത്തെ സീനിയര്‍ നേതാവ് കുനാല്‍ ഘോഷ് സ്ഥലത്തെത്തിയെങ്കിലും തൃണമൂല്‍ ഭവനിലേക്ക് പ്രവേശിക്കാനായില്ല. ഗെയ്റ്റുകള്‍ പുതിയ ലോക്കിട്ട് പൂട്ടിയിരുന്നു. പോലീസിനെയും കേന്ദ്ര സേനയെയും ചുറ്റും വിന്യസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മമതാ പക്ഷം പോലീസില്‍ പരാതി നല്‍കി. സംസ്ഥാന ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയോടെയാണ് ഈ കൈയേറ്റമെന്നും കെട്ടിട ഉടമയുമായി 2027 വരെ നീളുന്ന വാടക കരാര്‍ നിലവിലുണ്ടെന്നും കുനാല്‍ ഘോഷ് പറഞ്ഞു. കെട്ടിട ഉടമ മനോതോഷ് സാഹ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അനുഭാവിയായിരുന്നു. പാര്‍ട്ടിയുടെ വാര്‍ഷികാഘോഷത്തിലുള്‍പ്പെടെ വേദികള്‍ നിര്‍മിച്ചിരുന്നത് അദ്ദേഹത്തിന്റെ കമ്പനിയായിരുന്നു. എന്നാല്‍ പാര്‍ട്ടി പിളര്‍പ്പിനു ശേഷം മമതയുമായി സ്വരച്ചേര്‍ച്ചയിലല്ല ഇദ്ദേഹമെന്നാണ് റിപ്പോര്‍ട്ട്. 

ഏതാണ് യഥാര്‍ഥ തൃണമൂല്‍ എന്ന് തീരുമാനിക്കാനുള്ള എല്ലാ രേഖകളും ജൂലൈ ആറിന് വൈകുന്നേരം അഞ്ചരക്ക് മുമ്പ് സമര്‍പ്പിക്കാന്‍ ഇരു വിഭാഗത്തോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുമ്പ് പാര്‍ട്ടി ആസ്ഥാനം കൈയേറി പ്രധാന രേഖകള്‍ കൈക്കലാക്കുകയാണ് വിമതപക്ഷത്തിന്റെ പദ്ധതി. കെട്ടിട ഉടമയുമായി ആലോചിച്ചാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട. തൃണമൂലിന്റെ 80 എം.എല്‍.എമാരില്‍ 58 പേരുടെ പിന്തുണ ഋതബ്രത ബാനര്‍ജിക്കുണ്ട്. പാര്‍ട്ടിയുടെ 28 എം.പിമാരില്‍ 20 പേര്‍ നാഷനലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന അധികമറിയപ്പെടാത്ത കക്ഷിയില്‍ ലയിക്കുകയും ചെയ്തിരുന്നു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User