ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനം തടഞ്ഞ സംഭവം; ഗുരുതര സുരക്ഷാ വീഴ്ചയിൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ്
കോഴിക്കോട് യുവമോർച്ച നടത്തിയ പ്രതിഷേധത്തിൽ മന്ത്രിയുടെ വാഹനം 15 മിനിറ്റോളം തടഞ്ഞിട്ടതായി ആരോപണം; ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട.
പത്തനംതിട്ട: സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനം കോഴിക്കോട് വെച്ച് യുവമോർച്ച–ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ വാഹനം 15 മിനിറ്റോളം തടഞ്ഞുനിർത്തിയത് ഗുരുതരമായ പൊലീസ് സുരക്ഷാ വീഴ്ചയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആരോപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് കൊല്ലത്ത് നടത്തിയത് ജനാധിപത്യപരമായ കരിങ്കൊടി പ്രതിഷേധമായിരുന്നു. എന്നാൽ അതിന് മറുപടിയെന്ന പേരിൽ പ്രകോപനം സൃഷ്ടിച്ച് സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാനാണ് സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നതെന്ന് നഹാസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ ആഭ്യന്തര ചുമതല വഹിക്കുന്ന മന്ത്രിയുടെ വാഹനം 15 മിനിറ്റോളം തടഞ്ഞുനിർത്താൻ പ്രതിഷേധക്കാർക്ക് കഴിഞ്ഞത് സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
ജനപ്രതിനിധികളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും ക്രമസമാധാനനില തകർക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നഹാസ് മുന്നറിയിപ്പ് നൽകി. അക്രമമാർഗങ്ങളിൽനിന്ന് യുവമോർച്ച പ്രവർത്തകർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)