10 കോടി കടന്ന് പ്രമേഹബാധിതർ; ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

10 കോടി കടന്ന് പ്രമേഹബാധിതർ; ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

 നമ്മുടെ രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. നിലവിലെ ജീവിതശൈലിയും ഭക്ഷണക്രമത്തിലെ മാറ്റങ്ങളുമാണ് പ്രമേഹബാധിതരുടെ എണ്ണം ഉയരാൻ പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു. ICMR–INDIAB-ന്റെ പുതിയ പഠനപ്രകാരം, 2023-ൽ രാജ്യത്ത് ഏകദേശം 10.13 കോടി പേർ പ്രമേഹബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, 13.6 കോടി പേർ പ്രീ-ഡയബറ്റിക് അവസ്ഥയിലാണെന്നും, അതായത് ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലുള്ള വിഭാഗത്തിലാണെന്നും പഠനം വ്യക്തമാക്കുന്നു.

പ്രമേഹരോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രമേഹമുള്ള പലരും ഭക്ഷണത്തിൽ പഴങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ എല്ലാ പഴങ്ങളും പ്രമേഹരോഗികൾക്ക് ഒരുപോലെ അനുയോജ്യമല്ല. ചില പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കാമെന്നതിനാൽ അവയെക്കുറിച്ച് പലർക്കും സംശയങ്ങളുണ്ട്.പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഗ്ലൈസെമിക് സൂചിക , ഗ്ലൈസെമിക് ലോഡ് , നാരുകളുടെ അളവ്, ഫ്രക്ടോസിന്റെ അളവ് എന്നിവ വ്യത്യാസപ്പെട്ടിരിക്കും. ചില പഴങ്ങളിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലായിരിക്കും. മാങ്ങ, സപ്പോട്ട, മുന്തിരി, വാഴപ്പഴം, സീതപ്പഴം, ചക്കപ്പഴം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ അമിതമായി കഴിക്കുന്നത് ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയരാൻ ഇടയാക്കും. അതിനാൽ ഇത്തരം പഴങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കാനാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.

അതേസമയം, പേരയ്ക്ക, ആപ്പിൾ, പിയർ, ഓറഞ്ച്, പപ്പായ, കിവി, ചെറി,ഞാവൽപ്പഴം, റാസ്ബെറി പോലുള്ള സരസഫലങ്ങൾ എന്നിവയിൽ നാരുകളുടെ അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾക്ക് താരതമ്യേന അനുയോജ്യമായ പഴങ്ങളാണ്. 100 ഗ്രാം പേരയ്ക്കയിൽ ഏകദേശം 5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി അനുഭവപ്പെടാനും ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾ നിയന്ത്രിക്കാനും സഹായിക്കും. എന്നാൽ ആരോഗ്യകരമായ പഴങ്ങളാണെന്ന് കരുതി ഇവയും അമിതമായി കഴിക്കരുത്. ശരിയായ അളവിൽ, ആരോഗ്യവിദഗ്ധരുടെ നിർദേശങ്ങൾ പാലിച്ച് കഴിക്കുമ്പോഴാണ് പഴങ്ങളിൽ നിന്ന് കൂടുതൽ ഗുണം ലഭിക്കുകയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.