റാങ്കിങ്ങിലെ ടോപ് 4 അവസാന നാലിൽ; ലോകകപ്പിൽ ചരിത്ര സെമി

the world's top four ranked teams—France, Argentina, Spain, and England—have all reached the FIFA World Cup 2026 semi-finals

റാങ്കിങ്ങിലെ ടോപ് 4 അവസാന നാലിൽ; ലോകകപ്പിൽ ചരിത്ര സെമി

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ സെമിയിൽ ഏറ്റുമുട്ടുന്നത് ഫിഫ റാങ്കിങ്ങിൽ  ആദ്യ നാല് സ്ഥാനത്തുള്ളവർ ! 1992-ൽ ഫിഫ പുരുഷ ലോക റാങ്കിങ് നിലവിൽ വന്നതിന് ശേഷം ആദ്യമായി, ലോക റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാരായ സ്പെയിൻ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ ടീമുകൾ ഒരുമിച്ച് ലോകകപ്പിന്റെ സെമി ഫൈനലിലെത്തി. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ലോകകപ്പിൽ അട്ടിമറികൾ നിറയുമെന്ന് കരുതിയിരുന്നെങ്കിലും, അവസാന നാലിലെത്തിയത് ലോകഫുട്ബോളിലെ ഏറ്റവും ശക്തരായ നാല് ടീമുകളാണ്.

ഒന്നാം റാങ്കുകാരായ ഫ്രാൻസ്, രണ്ടാമതുള്ള അർജന്റീന, മൂന്നാം സ്ഥാനത്തുള്ള സ്പെയിൻ, നാലാമതുള്ള ഇംഗ്ലണ്ട് എന്നീ ടീമുകളാണ് സെമിയിൽ ഏറ്റുമുട്ടുന്നത്.

2026 ലോകകപ്പിനായി ഫിഫ നറുക്കെടുപ്പ് രീതിയിൽ വരുത്തിയ മാറ്റത്തെ തുടർന്ന്, മുൻനിര ടീമുകൾ സെമിക്ക് മുമ്പ് പരസ്പരം ഏറ്റുമുട്ടാതിരിക്കാനുള്ള ബ്രാക്കറ്റ് ക്രമീകരണവും ഈ ചരിത്രനേട്ടത്തിന് വഴിയൊരുക്കി. നാല് ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു.

ചൊവ്വാഴ്ച രാത്രി 12.30-ന് നടക്കുന്ന ആദ്യ സെമിയിൽ ഫ്രാൻസ് സ്പെയിനിനെ നേരിടും. ബുധനാഴ്ച രാത്രി 12.30-ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇംഗ്ലണ്ടിനെതിരെ ഇറങ്ങും.

ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0ന് തോൽപിച്ചാണ് ഫ്രാൻസ് സെമിയിലെത്തിയത്. ബെൽജിയത്തെ 2-1ന് മറികടന്നാണ് സ്പെയിൻ അവസാന നാലിൽ ഇടംപിടിച്ചത്. അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിൽ നോർവെയെ 2-1ന് കീഴടക്കിയാണ് ഇംഗ്ലണ്ട് മുന്നേറിയത്. സ്വിറ്റ്സർലൻഡിനെ അധികസമയത്ത് 3-1ന് തോൽപിച്ചാണ് അർജന്റീന സെമി ഉറപ്പിച്ചത്.