കശ്മീരില്‍ അട്ടിമറിക്ക് ബി.ജെ.പി; എം.എല്‍.എമാര്‍ക്ക് 30 കോടി വരെ

Jul 12, 2026 - 16:06
Updated: 1 month ago
0
കശ്മീരില്‍ അട്ടിമറിക്ക് ബി.ജെ.പി; എം.എല്‍.എമാര്‍ക്ക് 30 കോടി വരെ

കശ്മീരില്‍ രാഷ്ട്രീയ അട്ടിമറിക്ക് ബി.ജെ.പി ശ്രമിക്കുന്നതായി ആരോപണം. നാഷനല്‍ കോണ്‍ഫറന്‍സ് എം.എല്‍.എമാര്‍ക്ക് 30 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. വിവിധ സംസ്ഥാനങ്ങളില്‍ വിവാദമായ 'ഓപ്പറേഷന്‍ ലോട്ടസ്' മാതൃക കശ്മീരിലും ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ഒമര്‍ അബ്ദുള്ള  പൊട്ടിത്തെറിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എമാരെ സമീപിച്ച് 20 മുതല്‍ 30 കോടി രൂപവരെയും, മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തുവെന്നാണ് ഒമര്‍ അബ്ദുള്ളയുടെ ആരോപണം. ഇതിന് പിന്നില്‍ ഒരു പ്രമുഖ ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, 'ഒരു എം.എല്‍.എയെയെങ്കിലും വാങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നൂറുകോടി രൂപ ഓഫര്‍ ചെയ്താലും നാഷനല്‍ കോണ്‍ഫറന്‍സ് എം.എല്‍.എ പ്രലോഭനങ്ങളില്‍ വീഴില്ലെന്ന് ഒമര്‍ അബ്ദുള്ള  വെല്ലുവിളിച്ചു.മുമ്പ് കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് ബി.ജെ.പി ഓപറേഷന്‍ ലോട്ടസിലൂടെ ഭരണം അട്ടിമറിച്ചിരുന്നു.  

നിലവില്‍ 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 41 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ ആറ് അംഗങ്ങളുടെയും അഞ്ച് സ്വതന്ത്ര എം.എല്‍.എമാരുടെയും ഒരു സി.പി.എം അംഗത്തിന്റെയും പിന്തുണയോടെ ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തിലാണ്. അതിനാല്‍ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന സാഹചര്യമില്ലെങ്കിലും, രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ ശക്തമായിരിക്കുകയാണ്.
കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ   ഈ മാസം 20ന് ഒമര്‍ അബ്ദുള്ള  നടത്താനിരിക്കുന്ന പ്രതിഷേധ സമരം പ്രതിപക്ഷ സംഗമമാക്കി മാറ്റാനുള്ള ശ്രമത്തിനിടെയാണ് സംസ്ഥാന രാഷ്ട്രീയം കലുഷിതമാവുന്നത്. പ്രതിഷേധ സമരം പരാജയപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്ന് ഒമര്‍ അബ്ദുള്ള  ആരോപിച്ചു. ഗുലാം നബി ആസാദ് ഉള്‍പ്പെടെ നേതാക്കളെയും എല്ലാ  രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിഷേധ സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭയവും സമ്മര്‍ദ്ദവും കാരണം പ്രതിഷേധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സംസ്ഥാനത്തോടുള്ള അനീതിയായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User