ബാർ ലൈസൻസ് വിവാദം; എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിനെ മാറ്റി
മന്ത്രി അറിയാതെ മൂന്ന് ബിയർ–വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയ നടപടി വിവാദമായി; എസ്.സി–എസ്.ടി വകുപ്പിലേക്ക് മാറ്റം, അഡീഷണൽ കമ്മീഷണർക്ക് താൽക്കാലിക ചുമതല.
തിരുവനന്തപുരം: വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ മൂന്ന് ബിയർ–വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിനെ സ്ഥലംമാറ്റി. എസ്.സി–എസ്.ടി വികസന വകുപ്പിലേക്കാണ് മാറ്റം. എക്സൈസ് മന്ത്രി എം. ലിജുവിന്റെ അതൃപ്തിക്ക് പിന്നാലെയാണ് നടപടി. എക്സൈസ് അഡീഷണൽ കമ്മീഷണർക്ക് താൽക്കാലിക ചുമതല നൽകി.
മൂവാറ്റുപുഴ, കൊച്ചി, പാലാ എന്നിവിടങ്ങളിലെ മൂന്ന് ബിയർ–വൈൻ പാർലറുകൾക്കാണ് ബാർ ലൈസൻസ് അനുവദിച്ചത്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന സർക്കാർ നിലപാടിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. അപേക്ഷ ലഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ലൈസൻസ് അനുവദിച്ചതും വിവാദത്തിന് കാരണമായി.
സംഭവത്തിൽ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീശിനെയും പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.എൽ. ഷിബുവിനെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ചാണ് ഉദ്യോഗസ്ഥർ ലൈസൻസ് അനുവദിച്ചതെന്നും നടപടിയിൽ നിയമപരമായ പിഴവില്ലെന്നുമായിരുന്നു കമ്മീഷണർ സീറാം സാംബശിവറാവുവിന്റെ വിശദീകരണം. ഇതുസംബന്ധിച്ച റിപ്പോർട്ടും അദ്ദേഹം സർക്കാരിന് കൈമാറി.
എന്നാൽ കമ്മീഷണറുടെ റിപ്പോർട്ടിൽ മന്ത്രി എം. ലിജു അതൃപ്തി രേഖപ്പെടുത്തി. റിപ്പോർട്ട് അപൂർണമാണെന്നും പ്രധാനപ്പെട്ട കാര്യങ്ങളിൽ വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടി കൂടുതൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതോടെയാണ് മന്ത്രിയും എക്സൈസ് കമ്മീഷണറും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരസ്യമായത്.
കൊച്ചി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ മദ്യവിൽപ്പനയ്ക്കായി എഫ്.എൽ–7 ലൈസൻസുകൾ അനുവദിച്ചതും വിവാദത്തിന്റെ ഭാഗമായി ഉയർന്നിരുന്നു. സർക്കാർ നിർദേശങ്ങളും നിലവിലുള്ള മദ്യനയവും പരിഗണിച്ചാണോ ഇത്തരം അനുമതികൾ നൽകിയതെന്ന കാര്യത്തിൽ മന്ത്രി വിശദീകരണം തേടിയിരുന്നു.
ബിയർ–വൈൻ പാർലറുകൾ ബാറുകളാക്കി മാറ്റുന്നതിനുള്ള അധികാരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് നൽകുന്ന നിലവിലെ ചട്ടങ്ങൾ പുനഃപരിശോധിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ബാർ ലൈസൻസ് അനുവദിക്കുന്നതിൽ സർക്കാരിന്റെ നിയന്ത്രണവും മേൽനോട്ടവും ഉറപ്പാക്കുന്ന തരത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനാണ് നീക്കം.
ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തവും ചർച്ചയായിരിക്കെയാണ് എക്സൈസ് കമ്മീഷണറുടെ സ്ഥലംമാറ്റം. സംഭവത്തിൽ തുടർനടപടികൾ എന്താകുമെന്നാണ് ഇനി അറിയേണ്ടത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)