കെ.ടി. ജലീലിന് ചുട്ടമറുപടിയുമായി എ.പി. സ്മിജി; 'ലീഗിന്റെ മതേതരത്വം ചോദ്യം ചെയ്യാൻ താങ്കൾക്ക് എന്ത് അവകാശം?'
കെ.പി. രാമൻ മാസ്റ്റർ മുതൽ ജയന്തി രാജൻ വരെ ലീഗ് ഉയർത്തിക്കാട്ടിയ നേതാക്കളെ ഓർമിപ്പിച്ച് മറുപടി; മതവിദ്വേഷം പ്രചരിപ്പിച്ച് ലീഗിനെ അപരവൽക്കരിക്കാനുള്ള ശ്രമമെന്ന് വിമർശനം.
മലപ്പുറം: ക്രൈസ്തവരെയോ ജനറൽ ഹിന്ദു വിഭാഗത്തിൽപ്പെട്ടവരെയോ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റോ മുനിസിപ്പൽ ചെയർമാനോ ആക്കാറില്ലെന്ന സി.പി.എം നേതാവ് കെ.ടി. ജലീലിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. എ.പി. സ്മിജി. ജലീലിന്റെ ഫേസ്ബുക്ക് കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ലീഗിന്റെ മതേതര നിലപാടുകൾ ഉയർത്തിക്കാട്ടി സ്മിജി രംഗത്തെത്തിയത്.
മുസ്ലിം ലീഗിന്റെ മതേതരത്വത്തെ ചോദ്യം ചെയ്യാനും ഇതര മതസ്ഥരെ പാർട്ടി പരിഗണിക്കാറില്ലെന്ന് വരുത്തിത്തീർക്കാനുമുള്ള ജലീലിന്റെ ശ്രമം രാഷ്ട്രീയ നിലനിൽപ്പിനുവേണ്ടിയുള്ള അജണ്ടയാണെന്ന് സ്മിജി വിമർശിച്ചു. ഒരുകാലത്ത് ലീഗിലായിരുന്ന ജലീലിന് അന്ന് കാണാത്ത മതവർഗീയത പാർട്ടി വിട്ട് സി.പി.എമ്മിലെത്തിയപ്പോൾ എങ്ങനെയാണ് കാണാൻ കഴിഞ്ഞതെന്നും അവർ ചോദിച്ചു.
പാണക്കാട് തറവാട്ടിൽ സഹായം തേടിയെത്തുന്നവരിൽ മുസ്ലിങ്ങൾ മാത്രമല്ല, ഹിന്ദുക്കളും ക്രൈസ്തവരും ഉൾപ്പെടെ എല്ലാ വിഭാഗം മനുഷ്യരുമുണ്ടെന്ന് സ്മിജി ചൂണ്ടിക്കാട്ടി. ജാതിയും മതവും നോക്കിയല്ല, മനുഷ്യരുടെ സങ്കടങ്ങൾ കണ്ടാണ് പാണക്കാട് തങ്ങൾമാർ അവരെ ചേർത്തുപിടിക്കുന്നതെന്നും അവർ പറഞ്ഞു.
മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ നിരവധി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ടവർ ഭരണനേതൃത്വത്തിലെത്തിയിട്ടുണ്ടെന്നും സ്മിജി വ്യക്തമാക്കി. കെ.പി. രാമൻ മാസ്റ്റർ, എ.പി. ഉണ്ണികൃഷ്ണൻ, യു.സി. രാമൻ, ജയന്തി രാജൻ തുടങ്ങിയവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അവർ, കൂത്തുപറമ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ജയന്തി രാജനെ മത്സരിപ്പിച്ചതും ഓർമിപ്പിച്ചു.
കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ഹിന്ദു, ക്രൈസ്തവ നേതാക്കളെ മതവ്യത്യാസമില്ലാതെ നെഞ്ചേറ്റുകയും വിജയിപ്പിക്കുകയും ചെയ്യുന്നവരാണ് മലപ്പുറത്തെ ലീഗ് പ്രവർത്തകരെന്നും സ്മിജി പറഞ്ഞു. രാഷ്ട്രീയമായി ലീഗിനെ നേരിടാൻ കഴിയാത്തതിനാൽ മതവിദ്വേഷം പ്രചരിപ്പിച്ച് മലപ്പുറത്തെയും ലീഗിനെയും അപരവൽക്കരിക്കാനാണ് ശ്രമമെന്നും അവർ വിമർശിച്ചു.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയും ലീഗിന്റെ ജനപ്രതിനിധികളുടെ പട്ടികയും പരിശോധിച്ചാൽ ജലീലിന്റെ ആരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമാകുമെന്നും സ്മിജി കൂട്ടിച്ചേർത്തു. വിദ്വേഷംകൊണ്ട് സത്യത്തെ മൂടിവെക്കാനാകില്ലെന്നും ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾ വിഡ്ഢികളല്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)