ഗ്രാമീണര്‍ കൈകോര്‍ത്തു, ശ്രീ എം പിന്മാറി

ഗ്രാമീണര്‍ കൈകോര്‍ത്തു, ശ്രീ എം പിന്മാറി

പ്രശസ്ത ആത്മീയ ഗുരു ശ്രീ എമ്മിനെതിരെ കൈകോര്‍ത്ത് കര്‍ണാടകയിലെ കുടകിലെ ഗ്രാമീണര്‍. ഗ്രാമീണരുടെ ഒറ്റക്കെട്ടായ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ദിഷ്ട ആത്മീയകേന്ദ്ര പദ്ധതിയില്‍ നിന്ന് ശ്രീ എമ്മിന് പിന്മാറേണ്ടി വന്നു. കേന്ദ്ര സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ച വ്യക്തിയാണ് മുസഫര്‍ അലി എന്ന ശ്രീ എം. അദ്ദേഹത്തിന് ആര്‍.എസ്.എസുമായി അടുപ്പമുണ്ട്. ആര്‍.എസ്.എസ് നേതാക്കളും സി.പി.എം നേതാക്കളും തമ്മില്‍ കലാപരാഷ്ട്രീയം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചക്ക് മധ്യസ്ഥം വഹിച്ചത് ശ്രീ എമ്മായിരുന്നു. അതിന്റെ പാരിതോഷികമാണെന്ന് പറയുന്നു കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ തിരുവനന്തപുരത്തെ ചെറുവാക്കല്‍ ഗ്രാമത്തില്‍ ഏക്കറുകളോളം ഭൂമി പാട്ടത്തിന് നല്‍കിയിരുന്നു. യോഗ റിസര്‍ച്ച് സെന്റര്‍ ആരംഭിക്കാനായിരുന്നു. കര്‍ണാടകയില്‍ മടിക്കേരി താലൂക്കിലെ പരിസ്ഥിതി പ്രധാനമായ മാല്‍മ കുന്നുകളിലാണ് ശ്രീ എം ധ്യാനകേന്ദ്രം പണിയാന്‍ പദ്ധതിയിട്ടത്. കുടവ സമുദായത്തിന് ഏറെ പ്രാധ്യാനമുള്ള ഇഗ്ഗുതപ്പ ക്ഷേത്രത്തിന് സമീപമാണ് നിര്‍ദിഷ്ട ഭൂമി. ഇവിടെ ഏലമുള്‍പ്പെടെ കൃഷി ചെയ്യുന്ന ഭൂമിയാണ് ശ്രീ എം വാങ്ങിയത്. തുര്‍ന്ന് മരങ്ങള്‍ വെട്ടി റോഡും കുളവുമൊക്കെ നിര്‍മിക്കാനാരംഭിച്ചു. ഇതോടെയാണ് പ്രാദേശിക, പാരിസ്ഥിതിക, സാംസ്‌കാരിക, ആത്മീയ പ്രാധാന്യം ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ രംഗത്തു വരുന്നത്. ഈയിടെ ബല്ലമാവടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പ്രദേശവാസികളുടെ പ്രത്യേകമായി വിളിച്ചു ചേര്‍ത്ത ഗ്രാമസഭയില്‍ ഇവിടത്തെ ഭൂമി വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ഐക്യകണ്ഠമായി പ്രമേയം പാസാക്കി. 

നേരത്തെ ഏലം കൃഷി ചെയ്തിരുന്ന കാടുപിടിച്ച സ്ഥലം രണ്ട് ഉടമകളാണ് ശ്രീ എമ്മിന് വിറ്റത്. അവിടെ കൃഷി ചെയ്യുന്നതില്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പില്ലെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഹരീഷ് കുശലപ്പ പറഞ്ഞു. ഇക്കാര്യം ഗ്രാമവാസികള്‍ ശ്രീ എമ്മിനെ നേരിട്ടറിയിക്കുകയും അദ്ദേഹം തല്‍സ്ഥിതി നിലനിര്‍ത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എങ്കിലും നിര്‍മാണപ്രവര്‍ത്തനം തുടര്‍ന്നു. അതോടെയാണ് ഗ്രാമവാസികള്‍ അധികൃതരെ സമീപിക്കുന്നത്.
തല്‍ക്കാലം ആത്മീയകേന്ദ്രം നിര്‍മിക്കാനുള്ള പദ്ധതിയില്‍ നിന്ന് ശ്രീ എം പിന്മാറിയിട്ടുണ്ടെങ്കിലും ഒരു നിര്‍മാണവും അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും റവന്യൂ, ടൂറിസം, മൈന്‍സ് ആന്റ് ജിയോളജി തുടങ്ങിയ സ്ഥാപനങ്ങളിലും പ്രദേശത്തെ എം.പി, എം.എല്‍.എ തുടങ്ങിയ ജനപ്രതിനിധികള്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ഗ്രാമവാസികള്‍. പരിസ്ഥിതിലോല പ്രദേശത്തിന് ഹാനികരമാവുന്ന ഒരു നിര്‍മാണത്തിനും അനുമതി നല്‍കരുതെന്നാണ് അവരുടെ ആവശ്യം. ഗ്രാമീണരുടെ ശക്തമായ എതിര്‍പ്പ് മനസ്സിലാക്കിയ ശ്രീ എം പദ്ധതിയുമായി മുന്നോട്ടുപോവുന്നത് വലിയ വിവാദമാവുമെന്ന് തിരിച്ചറിയുകയും ഭൂമി വാങ്ങിയത് വ്യാവസായികാവശ്യത്തിനല്ലെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു. ധ്യാനവും ആത്മീയാധ്യാപനവും സംസ്‌കൃത ശ്ലോകാലാപനവും യോഗ പരിശീലനവുമൊക്കെ നടക്കുന്ന ആത്മീയ കേന്ദ്രമായിരുന്നു താന്‍ ഉദ്ദേശിച്ചതെന്നും ശ്രീ എം വ്യക്തമാക്കി. ഗോശാലകളും ധ്യാനകേന്ദ്രവും കുളങ്ങളുമൊക്കെയാണ് നിര്‍മി്ക്കാനുദ്ദേശിച്ചത്. അതിനായി മരങ്ങള്‍ വെട്ടുകയോ കാടിനും പരിസ്ഥിതിക്കും ദോഷകരമാവുന്ന ഒരു നിര്‍മാണപ്രവര്‍ത്തനവും നടത്തില്ല. ഭൂമിയുടെ തല്‍സ്ഥിതി സംരക്ഷിക്കും. മാല്‍മ കുന്നുകളും ഇഗുതപ്പ ക്ഷേത്രവും തനിക്കും ആത്മീയാനുഭവമാണ്. ഗ്രാമീണരുടെയും പ്രത്യേകിച്ച് കൊടവ സമുദായത്തിന്റെയും എതിര്‍പ്പ് മാനിച്ച് എല്ലാ പദ്ധതികളും ഉപേക്ഷിക്കുകയാണ്. കുളങ്ങള്‍ ആ പ്രദേശത്തിന്റെ ജലസംഭരണത്തിന് ആവശ്യമായതു കൊണ്ട് നിര്‍മിച്ചതാണെന്നും ഊഹാപോഹങ്ങളില്‍ ആരു വീണുപോവരുതെന്നും ശ്രീ എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.