കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റും; പുതിയ പദ്ധതി ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിക്കും; നൂറിലധികം കുട്ടികൾ പഠിക്കുന്ന ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകും
തിരുവനന്തപുരം: കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി സമഗ്രമായ പദ്ധതി ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിച്ച് അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ നൂറിലധികം കുട്ടികൾ പഠിക്കുന്ന ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ നടത്തും. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും ആവശ്യമായ പണം അനുവദിക്കുന്നതിൽ സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ല. എത്ര പണം വേണമെങ്കിലും മാറ്റിവയ്ക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് ആവശ്യമായ സൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും ഉറപ്പാക്കണം. കേരളം ഇക്കാര്യത്തിൽ രാജ്യത്തിന് മാതൃകയാകണം. താൻ രണ്ടാമത് എംഎൽഎയായിരുന്ന സമയത്ത് സെക്രട്ടേറിയറ്റിൽ പോലും ഒരു വീൽചെയർ ഉണ്ടായിരുന്നില്ല. ഇത്തരം പരിമിതികൾ പരിഹരിച്ച് എല്ലാ മേഖലകളിലും ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ ഒരു കാരണവശാലും ആശങ്കപ്പെടേണ്ടതില്ല. അവരുടെ കുട്ടികളുടെ ക്ഷേമത്തിനും ഭാവിക്കും ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)