യുഡിഎഫ് പ്രതീക്ഷയിൽ, എൽഡിഎഫ് തിരിച്ചുവരവിന്; 38 വാർഡുകളിൽ നിർണായക പോരാട്ടം
വി.ഡി. സതീശൻ സർക്കാരിന് ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 38 വാർഡുകളിലെ ജനവിധി യുഡിഎഫിന്റെയും എൽഡിഎഫിന്റെയും രാഷ്ട്രീയ നിലപാടുകൾക്ക് നിർണായകമാകും.
യുഡിഎഫ് തട്ടകങ്ങളിൽ പ്രതീക്ഷയുടെയും എൽഡിഎഫ് ക്യാമ്പുകളിൽ തിരിച്ചുവരവിന്റെയും കണക്കുകൂട്ടലുകൾ സജീവമാകുന്ന ഒരു അന്തരീക്ഷമാണ് സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്നത്. 38 തദ്ദേശ വാർഡുകളിലേക്ക് നടക്കുന്ന ഈ ഉപതെരഞ്ഞെടുപ്പ് കേവലം തദ്ദേശീയമായ ഒരു പോരാട്ടമല്ല, മറിച്ച് കേവലം 4 മാസം മാത്രം പ്രായമുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യത്തെ പ്രോഗ്രസ് റിപ്പോർട്ട് കൂടിയാണ്. 126 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളതെങ്കിലും, പ്രധാനമായും യുഡിഎഫും എൽഡിഎഫും തമ്മിലുള്ള കടുത്ത രാഷ്ട്രീയ അടിത്തറ പരിശോധിക്കപ്പെടുന്ന കളമാണിത്. തങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും പുതിയ വികസന നയങ്ങളും ഫലം കാണുന്നുണ്ടെന്ന് തെളിയിക്കാൻ യുഡിഎഫ് പരിശ്രമിക്കുമ്പോൾ, സർക്കാരിനെതിരെയുള്ള ആദ്യ വികാരം പ്രതിഫലിപ്പിക്കാൻ എൽഡിഎഫും ഉറച്ചുതന്നെ രംഗത്തുണ്ട്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ ഭരണത്തിന്റെ തുടക്കത്തിൽ ജനങ്ങളിലുണ്ടാകുന്ന പ്രത്യാശയും വിലയിരുത്തുമ്പോൾ, ഈ പോരാട്ടത്തിൽ യുഡിഎഫിന് തന്നെ വ്യക്തമായ മുൻതൂക്കം ലഭിക്കാനാണ് സാധ്യത.തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് കണ്ണോടിച്ചാൽ യുഡിഎഫ് മുന്നോട്ടുവെച്ച വിഷയങ്ങൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചതായി കാണാം. അധികാരത്തിൽ വന്ന് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ നടപ്പിലാക്കാൻ ശ്രമിച്ച 'പ്രിയദർശിനി പദ്ധതി' പോലെയുള്ള ജനക്ഷേമകരമായ നിലപാടുകൾ താഴെത്തട്ടിലുള്ള ജനങ്ങളെ ഏറെ ആകർഷിച്ചിട്ടുണ്ട്. വർഷങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ച തീരുമാനം സാധാരണക്കാരായ സ്ത്രീ തൊഴിലാളികൾക്കിടയിൽ വലിയ ആശ്വാസമാണ് സൃഷ്ടിച്ചത്. ഇതിനൊപ്പം കഴിഞ്ഞ ഓണക്കാലം ഒരു പരാതിക്കും ഇടയില്ലാത്ത വിധം വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിഞ്ഞതും യുഡിഎഫിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചു. മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിൽ മുന്നോട്ടുവെക്കുന്ന പുതിയ വികസന കാഴ്ചപ്പാടും ഭരണരംഗത്തെ സുതാര്യതയും ജനങ്ങളിൽ വലിയ പ്രതീക്ഷ ഉണർത്തുന്നുണ്ട്. പുതിയ ഒരു സർക്കാരിന് കുറച്ചു സമയം കൂടി നൽകണമെന്ന ചിന്ത പൊതുസമൂഹത്തിൽ ഉണ്ടെന്നതും യുഡിഎഫിന് അനുകൂലമായ ഘടകമാണ്.
എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം പത്തു വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടിയും, നിലവിലെ സർക്കാരിനെതിരെ ഉയർന്ന ചില വിവാദങ്ങളും പവർക്കട്ട് ഉൾപ്പെടെയുള്ള പ്രതിസന്ധികളും ആയുധമാക്കിയാണ് അവർ പ്രചാരണം കൊഴുപ്പിച്ചത്. എങ്കിലും, ഈ പ്രചാരണങ്ങൾക്ക് ജനങ്ങൾക്കിടയിൽ പൂർണ്ണമായി ചലനമുണ്ടാക്കാൻ സാധിച്ചോ എന്നത് സംശയമാണ്. കറന്റ് കട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഖജനാവ് കാലിയാക്കലിന്റെയും ദീർഘവീക്ഷണമില്ലാത്ത ഇടപെടലുകളുടെയും ആകെത്തുകയാണെന്ന യുഡിഎഫിന്റെ തിരിച്ചടി ജനങ്ങൾക്കിടയിൽ കൃത്യമായി ആശയവിനിമയം ചെയ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് ഭരണകാലത്ത് ഉണ്ടായ വീഴ്ചകൾ ഇനിയും ജനമനസ്സുകളിൽ നിന്ന് മാഞ്ഞിട്ടില്ലാത്തതിനാൽ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് വിചാരിച്ചത്ര ആഘാതം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല.കൂടാതെ, എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പ്രമുഖ നേതാക്കൾ രാജിവെച്ച ആറ് പ്രമുഖ സീറ്റുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകൾ, മട്ടന്നൂർ, ചാലക്കുടി, ചിറ്റൂർ, തത്തമംഗലം തുടങ്ങിയ നഗരസഭകൾ, കൂടാതെ ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾ എന്നിങ്ങനെ വോട്ടർമാരുടെ വിപുലമായ പങ്കാളിത്തമുണ്ട്. ഈ സുപ്രധാന വാർഡുകളിൽ ഭൂരിഭാഗവും നിലനിർത്താനും പുതിയ ഇടങ്ങളിലേക്ക് കടന്നുകയറാനും യുഡിഎഫിന് സാധിച്ചാൽ, അത് സർക്കാരിനെതിരെയെന്ന പേരിൽ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളുടെ മുനയൊടിക്കും. ബേബി ഫേസിലുള്ള സർക്കാരിന് ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് അടിവരയിടാൻ യുഡിഎഫിന് ലഭിക്കുന്ന മികച്ച അവസരമാണിത്.പ്രതിപക്ഷവും ബിജെപിയും കടുത്ത പോരാട്ടം കാഴ്ചവെക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, സംഘടനാപരമായും ഭരണപരമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും പ്രചാരണരംഗത്ത് തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായ മേൽക്കൈ നേടാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ നാളെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സിറ്റിംഗ് സീറ്റുകൾ ഭദ്രമായി നിലനിർത്തുന്നതോടൊപ്പം എൽഡിഎഫ് കോട്ടകളിൽ വിള്ളലുണ്ടാക്കി മികച്ച വിജയം സ്വന്തമാക്കാൻ യുഡിഎഫിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ജനവിധി വി. ഡി. സതീശൻ സർക്കാരിന്റെ നയങ്ങൾക്കുള്ള അംഗീകാരവും വരാനിരിക്കുന്ന ദിനങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള വലിയൊരു ഊർജ്ജവുമായി മാറും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)