വ്യോമസേനയിൽ വൻ സുരക്ഷാ വീഴ്ച; വിങ് കമാൻഡർ അറസ്റ്റിൽ

രണ്ട് മാസം രഹസ്യമായി സൂക്ഷിച്ച അറസ്റ്റ്; അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

വ്യോമസേനയിൽ വൻ സുരക്ഷാ വീഴ്ച; വിങ് കമാൻഡർ അറസ്റ്റിൽ

ന്യൂഡൽഹി: പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. മേയ് 31-നാണ് അറസ്റ്റ് നടന്നതെന്നാണ് ഇപ്പോൾ ഔദ്യോഗികമായി വ്യക്തമാകുന്നത്. എന്നാൽ അറസ്റ്റിന്റെ വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പാകിസ്താൻ ഇന്റലിജൻസ് ഏജൻസികളുടെ ഹണി ട്രാപ്പിൽ വിങ് കമാൻഡർ കുടുങ്ങിയെന്നാണ് ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. വ്യക്തിപരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ ഒരു വനിതയുമായി ഇയാൾ പരിചയപ്പെട്ടതായാണ് അന്വേഷണത്തിൽ പറയുന്നത്.

തുടർന്ന് പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ കൈമാറാൻ വനിത ആവശ്യപ്പെട്ടെന്നും വിങ് കമാൻഡർ വിവരങ്ങൾ കൈമാറിയെന്നുമാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ കൈമാറിയ വിവരങ്ങളുടെ സ്വഭാവവും രാജ്യസുരക്ഷയ്ക്കുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും അന്വേഷണവിധേയമാക്കുകയാണ്.

ഇതിന് പുറമെ, സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ ഡാറ്റ മോഷ്ടിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ വിങ് കമാൻഡർ സ്ഥാപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ചാരശൃംഖലയുടെ ഭാഗമായാണ് ഈ നീക്കങ്ങൾ നടന്നതെന്നാണ് ഡൽഹി പൊലീസിന്റെ അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ.

അതേസമയം, കൈമാറിയതായി പറയുന്ന വിവരങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ളതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യൻ വ്യോമസേനയും പ്രതിരോധ മന്ത്രാലയവും വിശദമായ പരിശോധന നടത്തിവരികയാണ്.

കേസിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ പുരോഗതിക്കനുസരിച്ച് പുറത്തുവരുമെന്നാണ് സൂചന.