കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല ചുമട്ടുതൊഴിലാളി ജോസിന് നന്മമരത്തിന്റെ അന്ത്യയാത്ര
ബന്ധുക്കളാരുമില്ലാതെ മരണപ്പെട്ട ജോസിന്റെ മൃതദേഹം ഏറ്റുവാങ്ങി നന്മമരം പ്രവർത്തകർ; പുതിയകോട്ട പൊതുശ്മശാനത്തിൽ സംസ്കരിച്ചു
കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല ചുമട്ടുതൊഴിലാളികളിലൊരാളായ ജോസിന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ച് നന്മമരം കാഞ്ഞങ്ങാട് പ്രവർത്തകർ. കഴിഞ്ഞ ദിവസം നീലേശ്വരം മാർക്കറ്റ് പരിസരത്ത് റോഡരികിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ജോസിനെ 108 ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ തോട്ടട സ്വദേശിയാണെന്ന് പറയപ്പെടുന്ന ജോസിന് കുടുംബക്കാരോ ബന്ധുക്കളോ ഉള്ളതായി വിവരം ലഭിച്ചിരുന്നില്ല. മൃതദേഹം ഏറ്റുവാങ്ങാൻ ആരുമില്ലാത്ത സാഹചര്യത്തിൽ നീലേശ്വരം പൊലീസ് നന്മമരം ചാരിറ്റബിൾ സൊസൈറ്റി കാഞ്ഞങ്ങാട് പ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി, കാഞ്ഞങ്ങാട് നഗരസഭയുടെ അനുമതിയോടെ പുതിയകോട്ട പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
ആരുമില്ലാത്തവരുടെ അന്ത്യയാത്രയിൽ ഒപ്പം ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തുന്നത് സഹജീവികളോടുള്ള ഉത്തരവാദിത്വമായാണ് നന്മമരം കാഞ്ഞങ്ങാട് പ്രവർത്തകർ കാണുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20-ലധികം മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കാൻ സംഘടനയുടെ പ്രവർത്തകർ നേതൃത്വം നൽകിയിട്ടുണ്ട്.
ബിബി ജോസ്, ബിനീഷ് കെ. ബാലൻ, റഹ്‌മാൻ പാണത്തൂർ, ഫവാസ് കുശാൽ നഗർ, ആശിഷ് ഹോസ്ദുർഗ്, ആംബുലൻസ് ഡ്രൈവർ അഷ്‌റഫ്, ഹമീദ് മുണ്ടോട്ട്, ഷിബു നോർത്ത് കോട്ടച്ചേരി എന്നിവർ നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)