വിസയും പാസ്‌പോർട്ടുമില്ലാതെ കണ്ണൂരിൽ താമസം; സ്പായിൽ ജോലി ചെയ്ത മൂന്ന് ബംഗ്ലാദേശി യുവതികൾ പിടിയിൽ

കക്കാട് വാടക ക്വാർട്ടേഴ്‌സിൽ താമസം; രാജ്യാതിർത്തി കടന്നതെങ്ങനെയെന്ന് പോലീസ് അന്വേഷണം

Sep 17, 2026 - 09:49
0
വിസയും പാസ്‌പോർട്ടുമില്ലാതെ കണ്ണൂരിൽ താമസം; സ്പായിൽ ജോലി ചെയ്ത മൂന്ന് ബംഗ്ലാദേശി യുവതികൾ പിടിയിൽ

കണ്ണൂർ: മതിയായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച് കണ്ണൂർ നഗരത്തിൽ അനധികൃതമായി താമസിച്ചുവന്ന മൂന്ന് ബംഗ്ലാദേശി യുവതികളെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. നഗരത്തിലെ അനധികൃത വിദേശികളുടെ താമസവും തൊഴിലും കേന്ദ്രീകരിച്ച് പോലീസ് പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി.

ബംഗ്ലാദേശിലെ ജമാൽപൂർ സ്വദേശിനി നസ്മ അക്തർ (40), ഖുൽന സ്വദേശിനികളായ തസ്ലീമ ഖാത്തൂൺ (25), മോയ്‌ന ഖാത്തൂൺ (29) എന്നിവരെയാണ് ടൗൺ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദേശപ്രകാരം എസ്.ഐ ടി.കെ. അഖിലും സംഘവും താമസസ്ഥലത്ത് നിന്ന് പിടികൂടിയത്. കക്കാട് ഒണ്ടേൻപറമ്പിന് സമീപത്തെ ഫർസീൻ വാടക ക്വാർട്ടേഴ്‌സിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കണ്ണൂരിലെ ഒരു സ്പായിൽ ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ.

പാസ്‌പോർട്ടോ വിസയോ ഉൾപ്പെടെയുള്ള മതിയായ രേഖകളില്ലാതെയാണ് യുവതികൾ ഇന്ത്യയിൽ താമസിച്ചിരുന്നതെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി. ഇവർ എങ്ങനെയാണ് രാജ്യാതിർത്തി കടന്ന് കേരളത്തിലെത്തിയതെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

നേരത്തെ സമാന കേസിൽ ബംഗ്ലാദേശിലെ ഫരീദ്പൂർ സ്വദേശിനിയായ സലീന അക്തർ (29) പിടിയിലായിരുന്നു. ജൂലൈ 31ന് കേരളത്തിലെത്തിയ സലീന കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ മൈ സ്പായിൽ ജോലി ചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സലീനയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്ന് പേരിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.

സി.പി.ഒമാരായ സനൂപ്, വിജിന, ബാലാമണി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കണ്ണൂരിലെ വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User