തിരുനെല്ലിയിലെ മാല കവർച്ചയ്ക്ക് പിന്നാലെ വൻ വേട്ട; മൂന്ന് സ്ത്രീകൾ കൂടി പിടിയിൽ
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച കവർച്ചാസംഘത്തിലെ മൂന്ന് പേരെ മൽപേ ബീച്ചിൽ നിന്ന് വയനാട് പോലീസ് കസ്റ്റഡിയിലെടുത്തു
തിരുനെല്ലി: ജില്ലയെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിനെതിരെ വയനാട് പോലീസിന്റെ നിർണായക നീക്കം. സംഘത്തിലെ മൂന്ന് സ്ത്രീകളെ കൂടി കർണാടകയിലെ മൽപേ ബീച്ചിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര മുത്തുപ്പട്ടി സ്വദേശിനി പൊന്നി (39) എന്നിവരാണ് പിടിയിലായത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന പിടിച്ചുപറി സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഓഗസ്റ്റ് 12ന് തിരുനെല്ലി ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കെത്തിയ വയോധികയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണമാല അന്നദാന മണ്ഡപത്തിൽ നിന്ന് കവർന്ന കേസിലാണ് നടപടി. സംഭവത്തിന് പിന്നാലെ സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ജില്ലയിൽ സംഘം സഞ്ചരിക്കുന്നതായി വ്യക്തമായതോടെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഉത്സവങ്ങൾ, ആഘോഷങ്ങൾ, തിരക്കേറിയ ബസുകൾ തുടങ്ങിയ ഇടങ്ങളാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. പുരുഷന്മാർ പോക്കറ്റടി നടത്തുകയും സ്ത്രീകൾ തിരക്കിനിടെ സ്ത്രീകളുടെ സ്വർണാഭരണങ്ങൾ പൊട്ടിച്ചെടുക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. മോഷ്ടിച്ച ആഭരണങ്ങൾ ഉടൻ തന്നെ സംഘത്തിലെ മറ്റുള്ളവർക്ക് കൈമാറി പലരിലേക്കും എത്തിക്കുന്ന രീതിയും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറയുന്നു.
ഓണാഘോഷങ്ങളുടെ തിരക്ക് മുതലെടുത്ത് കേരളത്തിൽ വ്യാപകമായി മോഷണം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ ചിലരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ പദ്ധതി താളം തെറ്റിയതിനെ തുടർന്ന് സംഘം കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെയാണ് തിരുനെല്ലിയിലെ മാല കവർച്ച നടന്നത്.
വയനാട് ജില്ലാ പോലീസ് മേധാവി ദേവമനോഹർ ഐ.പി.എസ്.യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് (SAGOC) ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ചെന്നൈയിലെത്തിയ അന്വേഷണ സംഘം, വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി മോഷണം നടത്തുന്നതിനായി സംഘം കർണാടകയിലെ മംഗളൂരുവിലേക്ക് നീങ്ങിയതായി കണ്ടെത്തി. തുടർന്ന് പോലീസ് സംഘം മംഗളൂരുവിലും പിന്നീട് ഉഡുപ്പിയിലും എത്തി വേഷം മാറി അന്വേഷണം നടത്തി.
മൽപേ ബീച്ചിനടുത്ത് സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ഹോട്ടലുകൾ, ഹോംസ്റ്റേകൾ, പൊതുസ്ഥലങ്ങൾ എന്നിവ നിരീക്ഷണത്തിലാക്കി. തുടർന്ന് മൽപേ ബീച്ചിന് സമീപത്ത് നിന്നാണ് മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തത്. ഉഡുപ്പിയിലും പരിസരപ്രദേശങ്ങളിലും നടന്ന സ്‌നാച്ചിങ് കേസുകളിലും ഇവർക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ഇതോടെ വയനാട്ടിൽ മാല കവർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം പത്തായി. ഓണം, വിനായക ചതുർഥി തുടങ്ങിയ ആഘോഷങ്ങളുടെ തിരക്ക് മുതലെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ വ്യാപക കവർച്ച നടത്താനുള്ള സംഘത്തിന്റെ നീക്കമാണ് അന്വേഷണത്തിലൂടെ പുറത്തുവന്നതെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂ.
നേരത്തെ പിടിയിലായവർ:
ഓഗസ്റ്റ് 17ന് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത നെന്മേനി സ്വദേശിനിയുടെ മൂന്ന് പവൻ മാലയും ഒരു ഗ്രാം താലിയും ഉൾപ്പെടെ ഏകദേശം 3.82 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം കവർന്ന കേസിൽ മധുരൈ സ്വദേശികളായ ഈശ്വരി (47), കണ്ണകി എന്ന അർച്ചന എന്ന രമ്യ (30) എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് നിന്ന് പിടികൂടിയിരുന്നു.
തുടർന്ന് ഇവരുടെ കൂട്ടാളികളായ മധുരൈ ചിന്താമണി സ്വദേശി എം. രവി (48), ശിവഗംഗ മടപുര സ്വദേശി എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരെ മലപ്പുറം ഐക്കരപ്പടിയിൽ നിന്ന് പിടികൂടി. മാനന്തവാടിയിൽ പുൽപ്പള്ളി അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ ഇന്ദുമതി (49), ജാൻവി (34), സുധ (31) എന്നിവരെയും പോലീസ് പിടികൂടിpയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)