വിമാനത്തിൽ ദ്രാവകങ്ങൾക്ക് 100 ML പരിധി എന്തുകൊണ്ട്? സുരക്ഷാ നിയമത്തിന് പിന്നിലെ യഥാർത്ഥ കാരണം
വിമാനങ്ങളിൽ യാത്ര ചെയ്യാൻ നിരവധി നിർദ്ദേശങ്ങളും നിയമങ്ങളും നമ്മൾ പാലിക്കേണ്ടതുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. ചില നിയമങ്ങൾ ചെറിയ രീതിയിൽ തലവേദന ഉണ്ടാക്കാറുണ്ട്. അതായത്, നമ്മൾ കൊണ്ടുപോകുന്ന ലഗേജിന്റെ ഭാരം. ഒരു നിശ്ചിത തൂക്കത്തിൽ കൂടുതലുള്ള ലഗേജുകൾ നമുക്ക് കൊണ്ട് പോകാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ നമ്മുടെ പല അവശ്യസാധനങ്ങളും നമുക്ക് ഉപേക്ഷക്കേണ്ടി വരാറുണ്ട്. അത്തരത്തിൽ യാത്രക്കാർക്ക് തലവേദന പിടിച്ച ഒരു നിയമമാണ് 100 ML നിയമം. എന്താണ് 100 ML നിയമമെന്ന് നമുക്ക് നോക്കാം.
വിമാനയാത്രയിൽ നമ്മൾ കൈയിൽ കരുതുന്ന ഹാൻഡ്ബാഗിൽ നമ്മുടെ ഷാംപൂ, പെർഫ്യൂം, ക്രീമുകൾ തുടങ്ങിയ ദ്രവകരൂപത്തിലുള്ള വസ്തുക്കൾ 100 മില്ലി ലിറ്ററില്‍ കൂടാന്‍ പാടില്ല. കൂടാതെ, ഇവയെല്ലാം ട്രാൻസ്പരന്റ് ആയിട്ടുള്ള പ്ലാസ്റ്റിക് കുപ്പികളില്‍ ആയിരിക്കണം സൂസഖിക്കേണ്ടത് എന്നുള്ള നിർദ്ദേശവും അന്താരാഷ്ട്ര തലത്തിലുള്ള ഈ നിയമത്തിൽ പറയുന്നു. ഒരു ചെറിയ അശ്രദ്ധ വന്നാൽ പോലും അവയൊന്നും യാത്രക്കാർക്ക് കൊണ്ടുപോകാൻ കഴയില്ല. വില കൂടിയ സൗന്ദര്യ വർധക വസ്തുക്കൾ യാത്രക്കാർക്ക് ഈ നിയമം മൂലം ഉപേക്ഷിക്കേണ്ടി വരികയാണ്. അതുകൊണ്ട് തന്നെ ഈ നിയമം യാത്രക്കാരെ ഏറെ പ്രതിസന്ധിയിലാകാറുണ്ട്. ഈ നിയമം ഇത്ര കർശനമാക്കാനുള്ള കാരണമെന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനു പിന്നിൽ ഒരു ചരിത്രം ഉണ്ട്. എന്താണ് ആ ചരിത്രമെന്ന് നമുക്ക് നോക്കാം. രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന ഒരു ഭീകരാക്രമണ ഗൂഢാലോചനയാണ് ഈ നിയമത്തിനു പിന്നിൽ.
2006 ഓഗസ്റ്റിലാണ് ഈ നിയമം വരാൻ കാരണമായ ഗൂഢാലോചന നടക്കുന്നത്. സ്ഥലം യുകെ. ലണ്ടനില്‍ നിന്നും അമേരിക്കയിലേക്ക് പറക്കാനിരുന്ന നിരവധി വിമാനങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഭീകരസംഘം ലണ്ടൻ വിമാനത്താവളത്തിൽ പ്രവേശിച്ചു. പ്രതികളുടെ കൈവശം ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധാരണ സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾ ഉണ്ടായിരുന്നു. എന്നാൽ, സോഫ്റ്റ് ഡ്രിങ്കുകൾക്ക് പകരം കുപ്പികളിൽ ഉണ്ടായിരുന്നത് ദ്രാവക സ്‌ഫോടകവസ്തുക്കളായിരുന്നു. വ്യത്യസ്ത ദ്രവകങ്ങൾ കലർത്തി വിമാനത്തിനുള്ളിൽ വെച്ച് തന്നെ സ്ഫോടനം നടത്തി വിമാനങ്ങൾ ആകാശത്തുവെച്ചുതന്നെ തകർക്കുകയെന്നതായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. എന്നാൽ, ഭാഗ്യംകൊണ്ട് ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നേ യുകെയിലെ സുരക്ഷാ ഏജൻസികൾ ഗൂഢാലോചന കണ്ടെത്തി പ്രതികളെ പിടികൂടി. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. എന്നിരുന്നാലും, ഈ സംഭവം ലോകമെമ്പാടുമുള്ള വിമാനസുരക്ഷാ സംവിധാനങ്ങളെ ആശങ്കയിലാഴ്ത്തുകയും സുരക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗുകളില്‍ 100 മില്ലി ലിറ്ററോ അതില്‍ കുറവോ ഉള്ള കുപ്പികളില്‍ മാത്രം ദ്രവകങ്ങൾ കൊട്നുപോകാൻ അനുമതി നൽകിയത്.

വളരെ ചെറിയ അളവിലുള്ള ദ്രാവകങ്ങള്‍ കൊണ്ട് വിമാനത്തിന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ വരുത്താന്‍ സാധിക്കില്ല എന്ന ശാസ്ത്രീയ വിലയിരുത്തലിൽ നിന്നുമാണ് 100ml എന്ന പരിധി നിശ്ചയിച്ചത്. എന്നാൽ, 2006 ൽ നടന്ന സംഭവത്തിൽ ഇപ്പോഴും ഇത് തുടരുന്നത് എന്തിനാണെന്ന് പലരും ചിന്തിക്കുന്നുണ്ടാകും കാലം മാറിയതോടെ വിമാനത്താവളങ്ങളിലെ സ്‌കാനിംഗ് സാങ്കേതികവിദ്യകളും വികസിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ലോകത്തിലെ ചില വിമാനത്താവളങ്ങളിൽ ഈ നിയമത്തിന് അയവ് വന്നിട്ടുണ്ട്. യുകെയിലെ ബര്‍മിംഗ്ഹാം, എഡിന്‍ബറോ തുടങ്ങിയ ചില വിമാനത്താവളങ്ങളിൽ ഈ നിയമം ഇപ്പോൾ നോക്കാറില്ല. യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെ ദ്രാവകങ്ങള്‍ ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ അനുമതി ഉണ്ട്. എന്നാൽ ഇപ്പോഴും ഇത് പൂർണ്ണമായും തള്ളിക്കളയാത്ത രാജ്യങ്ങളുമുണ്ട്.