സവാള വില പിടിച്ചുനിർത്താൻ സർക്കാർ; 100 ടൺ വിപണിയിലെത്തിക്കും, കിലോയ്ക്ക് ₹35

വില കുതിച്ചുയർന്ന സാഹചര്യത്തിൽ അടിയന്തര വിപണി ഇടപെടൽ; ഹോർട്ടികോർപ്പും കൺസ്യൂമർ ഫെഡും വഴി വിതരണം

Sep 03, 2026 - 21:34
0
സവാള വില പിടിച്ചുനിർത്താൻ സർക്കാർ; 100 ടൺ വിപണിയിലെത്തിക്കും, കിലോയ്ക്ക് ₹35

തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില കുതിച്ചുയർന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തര വിപണി ഇടപെടലുമായി രംഗത്ത്. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (NCCF) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കാനാണ് തീരുമാനം. കൃഷിമന്ത്രി ടി. സിദ്ദീഖ് ആണ് ഇക്കാര്യം അറിയിച്ചത്.

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ ഉടൻ നൽകും. നാസിക്കിൽ ഉൾപ്പെടെയുള്ള പ്രധാന ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് സവാള എത്തിച്ച് ഹോർട്ടികോർപ്പിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്ട്‌ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും.

സംസ്ഥാനത്തെ വിവിധ വിപണികളിൽ സവാളയുടെ വില കിലോയ്ക്ക് 58 മുതൽ 80 രൂപ വരെ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടുന്നത്. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ ഉയർന്ന വില രേഖപ്പെടുത്തിയ വിപണികൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകും. തുടർന്ന് ഇടപെടൽ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

സവാള വില ഉയരാൻ മഹാരാഷ്ട്രയിലെ നാസിക്, കർണാടക തുടങ്ങിയ പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധന, മൊത്തവ്യാപാരികളുടെ സംഭരണം, കർഷകരിൽനിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ കാരണമായതായി മന്ത്രി വ്യക്തമാക്കി.

സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ പാക്കിങ് ഹൗസും കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടർ ഇടപെടലുകൾ നടത്തുമെന്നും സർക്കാർ അറിയിച്ചു.

വില നിയന്ത്രിച്ച് സാധാരണക്കാർക്ക് ആശ്വാസം നൽകുകയാണ് സർക്കാർ ഇടപെടലിന്റെ ലക്ഷ്യം 

What's Your Reaction?

Like Like 0
Dislike Dislike 1
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User