കശുവണ്ടി അഴിമതി കേസ്: പ്രതികളുടെ പ്രോസിക്യൂഷൻ അനുമതിക്ക് ഹൈക്കോടതി സ്റ്റേ
സിംഗിൾ ബെഞ്ച് ഉത്തരവിൽ സാങ്കേതിക പിഴവുണ്ടോ എന്ന് പരിശോധിക്കും; ആർ. ചന്ദ്രശേഖരനും കെ. എ. രതീഷിനും താൽക്കാലിക ആശ്വാസം
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ അനുമതിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെ. എ. രതീഷുമാണ് പ്രധാനമായും അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ സിംഗിൾ ബെഞ്ച് പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാരിനോട് നിർദേശിച്ചത് നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു പ്രതികളുടെ പ്രധാന വാദം.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ സാങ്കേതിക പിഴവുണ്ടോ എന്ന് പരിശോധിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട നടപടികൾക്ക് താൽക്കാലിക സ്റ്റേ അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് ലഭിച്ചതിനെച്ചൊല്ലി ഹൈക്കോടതി നേരത്തെ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചിരുന്നു.
2006 മുതൽ 2015 വരെ കശുവണ്ടി ഇറക്കുമതിയിൽ ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ ക്രമക്കേട് നടത്തിയെന്നും കോർപ്പറേഷന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്. കേസ് സിബിഐയാണ് അന്വേഷിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)