സി.പി.എം കോട്ടകളിൽ അടിയൊഴുക്ക്; തോൽവിയുടെ ഉത്തരവാദിത്തം ആരുടേത്?
സി.പി.എമ്മിന്റെ സുരക്ഷിത കോട്ടകളിൽ വൻ വോട്ടുചോർച്ചയും പരാജയങ്ങളും സംഭവിച്ചിട്ടും ഉത്തരവാദിത്തം അണികളുടെ മേൽ ചുമത്തുകയാണെന്ന രൂക്ഷ വിമർശനം ഉയരുന്നു.
സിപിഎമ്മിന്റെ ഉരുക്കുകോട്ടകളിൽ അടിയൊഴുക്കുകൾ തീർത്ത പ്രകമ്പനങ്ങൾ അവസാനിക്കുന്നില്ല, പക്ഷേ തോൽവിയുടെ കാരണങ്ങൾ തിരയുമ്പോൾ വിചിത്രമായ ന്യായീകരണങ്ങളുമായി സ്വന്തം അണികളുടെ നെഞ്ചത്തേക്ക് ഉത്തരവാദിത്തം കെട്ടിയിറക്കുകയാണ് പാർട്ടി നേതൃത്വം! കഴിഞ്ഞ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 20,000-ത്തിലധികം വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറിയ 30 സുരക്ഷിത താവളങ്ങളിൽ 15 എണ്ണമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഒറ്റയടിക്ക് കൈവിട്ടുപോയത്. ഇതിൽ സി.പി.എം സ്വന്തം കുത്തകയെന്ന് ഉറപ്പിച്ചു വിശ്വസിച്ചിരുന്ന 29 മണ്ഡലങ്ങളിൽ 11 എണ്ണത്തിലും പാർട്ടി ദാരുണമായി തകർന്നടിഞ്ഞു. 2021-ലെ വിജയഭൂരിപക്ഷവും ഇത്തവണത്തെ പരാജയവും തമ്മിൽ തട്ടിച്ചുനോക്കുമ്പോഴാണ് ഈ തകർച്ചയുടെ ആഴവും പ്രധാന മണ്ഡലങ്ങളിലെ വോട്ട് ചോർച്ചയും വ്യക്തമാകുന്നത്. 2021-ൽ എം. വി. ഗോവിന്ദൻ 22,689 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച തളിപ്പറമ്പിൽ ഇത്തവണ സി.പി.എമ്മിന്റെ പി. കെ. ശ്യാമളയെ പരാജയപ്പെടുത്തി വിമത സ്ഥാനാർത്ഥി ടി. കെ. ഗോവിന്ദൻ മാസ്റ്റർ 4,431 വോട്ടിന് വിജയിച്ചപ്പോൾ, തങ്ങളുടെ അണികൾ കുപ്രചാരണങ്ങളിൽ വീണുപോയതുകൊണ്ടാണ് തളിപ്പറമ്പ് കൈവിട്ടതെന്ന വിചിത്ര ന്യായീകരണമാണ് പിണറായി വിജയൻ നിരത്തുന്നത്. എന്നാൽ 2021-ൽ എം. എം. മണി 38,305 വോട്ടിന്റെ മലവെള്ളപ്പാച്ചിൽ പോലെയുള്ള ഭൂരിപക്ഷത്തിന് ജയിച്ച ഉടുമ്പൻചോലയിൽ ഇത്തവണ സി.പി.എമ്മിന്റെ കെ. കെ. ജയചന്ദ്രനെ 20,021 വോട്ടുകൾക്ക് കോൺഗ്രസിന്റെ സേനാപതി വേണു തൂത്തെറിഞ്ഞപ്പോൾ അതിന് ആരെയാണ് പിണറായിക്ക് പഴിചാരാൻ സാധിക്കുക? കഴക്കൂട്ടത്ത് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ 428 വോട്ടുകൾക്ക് ബി.ജെ.പിയുടെ വി. മുരളീധരൻ വീഴ്ത്തിയപ്പോഴും, തൃക്കരിപ്പൂരിൽ 26,137-ന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ട് സി.പി.എം തോറ്റപ്പോഴും, ഇരവിപുരത്തും കാട്ടാക്കടയിലും കോങ്ങാട്ടുമൊക്കെ കൂറ്റൻ ഭൂരിപക്ഷങ്ങൾ ഒലിച്ചുപോയി പാർട്ടി സ്ഥാനാർത്ഥികൾ തോറ്റമ്പിയപ്പോഴും ഇവരെയൊക്കെ തോൽപ്പിച്ചത് ജനങ്ങളാണെന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ നേതൃത്വം തയ്യാറാകുന്നില്ല.
തോറ്റ മണ്ഡലങ്ങളുടെ കഥ ഇതാണെങ്കിൽ, കഷ്ടിച്ച് ജയിച്ചുകയറിയ ഇടങ്ങളിലെ ചിത്രം അതിനേക്കാൾ ഭീതിജനകമായ ജനവികാരമാണ് വ്യക്തമാക്കുന്നത്. മുന്നണി നിലനിർത്തിയ 24 മണ്ഡലങ്ങളിൽ ഒമ്പതെണ്ണത്തിലും ഭൂരിപക്ഷം 10,000-ത്തിൽ താഴേക്ക് കൂപ്പുകുത്തി; വെറും 126 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ രക്ഷപ്പെട്ട മണലൂർ അതിലൊരു മുന്നറിയിപ്പ് മാത്രമാണ്. 2021-ൽ 30,000-ത്തിനും 50,000-ത്തിനും മുകളിൽ റെക്കോർഡ് ഭൂരിപക്ഷം നൽകി പാർട്ടിയെ അഹങ്കാരത്തിന്റെ കൊടുമുടിയിലേറ്റിയ ജനങ്ങൾ ഇത്തവണ പ്രമുഖ നേതാക്കളുടെ പോലും ഭൂരിപക്ഷം പകുതിയിലുമേറെ വെട്ടിക്കുറച്ചു. മട്ടന്നൂരിൽ കെ. കെ. ശൈലജയുടെ 60,963 എന്ന ചരിത്ര ഭൂരിപക്ഷം ഇത്തവണ ഇടിഞ്ഞുതാഴ്ന്ന് വെറും 14,168 ആയി മാറിയപ്പോൾ, കല്യാശ്ശേരിയിലും തലശ്ശേരിയിലുമൊക്കെ പാർട്ടിയുടെ ഉറച്ച വോട്ട് ബാങ്കുകളിൽ വൻ ചോർച്ചയുണ്ടായി. അതിനേക്കാളൊക്കെ ഉപരിയായി, കേരള രാഷ്ട്രീയത്തിലെ സർവ്വാധിപതിയെന്ന് സ്വയം ചമഞ്ഞ പിണറായി വിജയന്റെ സ്വന്തം തട്ടകമായ ധർമ്മടത്ത് 2021-ൽ ലഭിച്ച 50,123 എന്ന കൂറ്റൻ ഭൂരിപക്ഷം ഒറ്റയടിക്ക് 19,247 ലേക്ക് തകർന്നടിഞ്ഞപ്പോൾ അവിടെ ആരെയാണ് പിണറായി വിജയന് കുറ്റം പറയാൻ സാധിക്കുക? കോൺഗ്രസിന്റെ വി. പി. അബ്ദുൽ റഷീദിനോട് മത്സരിച്ച പിണറായിയുടെ സ്വന്തം ഭൂരിപക്ഷത്തിൽ മാത്രം മുപ്പതിനായിരത്തിലധികം വോട്ടിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. വിശ്വസ്തരായ സ്വന്തം വോട്ടർമാർ പോലും കൈവിട്ടതിന്റെ ഈ വ്യക്തമായ സൂചനകൾക്ക് മുന്നിൽ, സ്വന്തം മണ്ഡലത്തിലും പാർട്ടി കോട്ടകളിലും സംഭവിച്ച ഈ മഹാച്ചോർച്ചയ്ക്ക് ഏത് സൈദ്ധാന്തിക വ്യാഖ്യാനമാണ് ഇനി നൽകാൻ കഴിയുക?

ഇതേ രാഷ്ട്രീയത്തിൽ, ഇതേ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പ്രധാന കാരണക്കാരനായ അതേ കാരണഭൂതൻ തന്നെ വീണ്ടും പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന് പ്രതിപക്ഷത്തെ നയിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ, ഇത് ആരെ ബോധിപ്പിക്കാനാണെന്ന സംശയം പൊതുസമൂഹത്തിൽ ശക്തമാകുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശത്രുക്കളുടെ കുപ്രചാരണങ്ങളിൽ അണികൾ വീണുപോയതാണെന്ന ലളിത സമവാക്യം നിരത്തുമ്പോൾ, ചരിത്രപരമായ ഈ തകർച്ചയ്ക്ക് കാരണം സ്വന്തം ഭരണവൈകല്യങ്ങളും ധാർഷ്ട്യവുമാണെന്ന യാഥാർത്ഥ്യം മൂടിവെക്കപ്പെടുകയാണ്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഒറ്റയടിക്ക് കാറ്റിൽ പറത്തി പാർട്ടി അണികളും ജനങ്ങളും ഒരുപോലെ നൽകിയ താക്കീതിനെ 'അണികളുടെ തെറ്റ്' എന്ന് മുദ്രകുത്തുന്നത് ജനവികാരത്തോടുള്ള പരസ്യമായ പരിഹാസമാണ്. പാർട്ടി തകർന്നടിഞ്ഞ കോട്ടകളുടെ അവശിഷ്ടങ്ങൾക്ക് മുകളിൽ നിന്ന് പരാജയത്തിന്റെ ഉത്തരവാദിത്തം താഴേത്തട്ടിലേക്ക് തട്ടിയെറിയാൻ ശ്രമിക്കുന്ന പിണറായി വിജയൻ, ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയുടെ ആഴം മറച്ചുവെക്കാനാണ് പാടുപെടുന്നത്. അണികളുടെ തലയിൽ കുറ്റം ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഈ രാഷ്ട്രീയ നാടകം ഒടുവിൽ ചെന്നെത്തുന്നത്, പാർട്ടി കോട്ടകൾ ഒന്നൊന്നായി തകർന്നു തരിപ്പണമായപ്പോഴും സ്വന്തം സിംഹാസനം സംരക്ഷിക്കാൻ വ്യഗ്രത കാട്ടുന്ന ഒരു നേതാവിന്റെ നിസ്സഹായതയിലേക്കാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)