ഗ്യാനേഷ് കുമാറിനെതിരെ കപിൽ സിബൽ; 10 മാസത്തെ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യം
ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കപിൽ സിബൽ സുപ്രീം കോടതി ഇടപെടണമെന്നും കഴിഞ്ഞ പത്ത് മാസത്തെ തെരഞ്ഞെടുപ്പുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ സുതാര്യതയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും വീണ്ടെടുക്കണമെന്ന ആവശ്യങ്ങൾ രാജ്യത്തുടനീളം ശക്തമാകുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയകളും അഡ്മിനിസ്ട്രേറ്റീവ് തീരുമാനങ്ങളും റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ജനാധിപത്യ സംരക്ഷണത്തിനായുള്ള നിർണായക ചുവടുവെപ്പായി വിലയിരുത്താം.ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടേണ്ടത് ഒരു ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് പിന്തുണ ഏറുകയാണ്.തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവിന്റെയും വിവേക് ജോഷിയുടെയും വിയോജിപ്പുകളും നിർദേശങ്ങളും അവഗണിച്ചുകൊണ്ട് 14-ഓളം നിർണായക തീരുമാനങ്ങളാണ് ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി കൈക്കൊണ്ടതെന്നാണ് ആരോപണം. ചട്ടപ്രകാരം കമ്മീഷനിലെ തീരുമാനങ്ങൾ കൂട്ടായ ആലോചനയോടെയാണ് നടപ്പാക്കേണ്ടത്. എന്നാൽ, മറ്റ് അംഗങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോം 6-ൽ വരുത്തിയ മാറ്റങ്ങളും വോട്ടർപട്ടികയിലെ കൂട്ടിച്ചേർക്കലുകളും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നാണ് ഉയരുന്ന ആരോപണം.
സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ എന്ന പ്രക്രിയയിലൂടെ ഇന്ത്യയിലുടനീളം 13 കോടിയിലധികം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ വലിയൊരു പങ്ക് നിർധനരും കുടിയേറ്റ തൊഴിലാളികളുമാണെന്നാണ് ആരോപണം. വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട കമ്മീഷൻ തന്നെ ലക്ഷക്കണക്കിന് ആളുകളെ വോട്ടവകാശത്തിൽ നിന്ന് പുറത്താക്കിയ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന വിമർശനവും ശക്തമാണ്.പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ മാത്രം ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാൻ ഇടയാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനും ഇത് ആക്കം കൂട്ടിയിട്ടുണ്ട്.ഇതിന് പിന്നാലെ, ഗ്യാനേഷ് കുമാർ നേതൃത്വം നൽകിയ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ രംഗത്തെത്തിയിരിക്കുകയാണ്. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും, കഴിഞ്ഞ പത്ത് മാസമായി രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും റദ്ദാക്കുന്നതിനായി സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അദ്ദേഹം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധുവിനെ അറിയിക്കാതെയും വിവേക് ജോഷിയെ അറിയിക്കാതെയും ഗ്യാനേഷ് കുമാർ തീരുമാനങ്ങളെടുത്തുവെന്നാണ് സിബലിന്റെ ആരോപണം. യോഗങ്ങൾക്ക് മുൻകൂട്ടി അജണ്ട നൽകുകയോ വിവരങ്ങൾ രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ പത്ത് മാസമായി കമ്മീഷനിൽ കൂട്ടായല്ല തീരുമാനങ്ങൾ എടുക്കുന്നതെന്ന് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ നിന്ന് തന്നെ വ്യക്തമാണെന്നും സിബൽ ചൂണ്ടിക്കാട്ടി. അതിനാൽ, 2025ലെ ബിഹാർ തെരഞ്ഞെടുപ്പ് മുതൽ 2026ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് വരെയുള്ള മുഴുവൻ തെരഞ്ഞെടുപ്പുകളും ചട്ടങ്ങൾ ലംഘിച്ചുള്ളതാണെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.പുതിയ നിയമപ്രകാരം ഗ്യാനേഷ് കുമാറിന് നിയമപരിരക്ഷയുണ്ടെങ്കിലും, ചട്ടങ്ങൾ ലംഘിച്ച് ഇസിഐ-നെറ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡയറക്ടർ ജനറൽ സീമ ഖന്നയ്ക്ക് ഈ പരിരക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സീമ ഖന്നയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും സിബൽ ആവശ്യപ്പെട്ടു.
പ്രാദേശിക ഉദ്യോഗസ്ഥരുടെ അധികാരം മറികടന്ന് വോട്ടർപട്ടികയിൽ പേര് ചേർക്കാനും വെട്ടിനീക്കാനുമുള്ള അധികാരം ഇസിഐ-നെറ്റ് വഴി കേന്ദ്രീകൃതമാക്കിയത് സീമ ഖന്നയുടെ മേൽനോട്ടത്തിലാണെന്നും കപിൽ സിബൽ ആരോപിച്ചു.കൂടാതെ, വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ഫോം 6-ൽ മാതാപിതാക്കളുടെ വിവരങ്ങൾ കൂടി നൽകണമെന്ന വ്യവസ്ഥ കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ നടപ്പിലാക്കിയത് നിയമലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഫയലുകളും രണ്ട് കമ്മീഷണർമാർ 14 തവണ നൽകിയ വിയോജിപ്പ് കുറിപ്പുകളും വിളിച്ചുവരുത്തി സുപ്രീം കോടതി പരിശോധിക്കണമെന്നും, സമീപകാല തെരഞ്ഞെടുപ്പുകൾ റദ്ദാക്കുന്നത് കോടതി പരിഗണിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.വോട്ടർപട്ടികയിലെ വിവരങ്ങൾ കേന്ദ്രീകൃത അഡ്മിനിസ്‌ട്രേഷന്റെ കീഴിലാക്കുന്നതിനെതിരെയും സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞതിനെതിരെയും സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)