42 വര്‍ഷം മുമ്പ് കണ്ട രോഗി ആരാണ്? കുറുപ്പിനെ തേടി വീണ്ടും പോലീസ്
ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയെ തേടി വീണ്ടും കേരളാ പോലീസ്. അതിന് ആധാരം നാല് പതിറ്റാണ്ട് മുമ്പ് ഒരു നഴ്‌സ് നല്‍കിയ മൊഴി. ഇപ്പോള്‍ അറുപതുകാരിയായ റിട്ടയേഡ് നഴ്‌സ് രത്‌നമ്മ തന്റെ യൗവന കാലത്ത് നല്‍കിയ മൊഴി കേരളാ പോലീസ് വീണ്ടും പൊടിതട്ടിയെടുക്കുമ്പോള്‍ കുറുപ്പിനെത്തേടിയുള്ള അന്വേഷണത്തിന്റെ ക്രൈം ത്രില്ലറിന് മറ്റൊരു വിചിത്രമായ അധ്യായം പിറക്കുന്നു. കഴിഞ്ഞയാഴ്ച ഈ റിട്ടയേഡ് നഴ്‌സിന്റെ മൊഴി കേരളാ പോലീസ് ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തിയിരിക്കുകയാണ്.
1980കളുടെ ഒടുവില്‍ ഢാര്‍ഖണ്ഡിലെ ബൊക്കാറോയിലെ ഒരു ആശുപത്രിയില്‍ നഴ്‌സിംഗിന് പഠിക്കുകയായിരുന്നു ഹരിപ്പാട് ചിങ്ങോലി സ്വദേശിയായ രത്‌നമ്മ ശിവരാജന്‍. ഫസ്റ്റ് ഇയറിന് പഠിക്കുന്ന സമയത്താണ് ഐ.സി.യുവില്‍ ഒരു മലയാളി രോഗി കിടക്കുന്നതായി സീനിയര്‍ വിദ്യാര്‍ഥികള്‍ രത്‌നമ്മയെ അറിയിച്ചത്. പേര് ജോഷി എന്നാണ് പറഞ്ഞത്. രത്‌നമ്മക്ക് അയാളെ കണ്ടതും സുകുമാരക്കുറുപ്പാണോയെന്ന് സംശയം. രോഗിയെ രത്‌നമ്മ പരിചയപ്പെട്ടു. 'ഞാന്‍ ചെറിയനാട് സ്വദേശിയാണ്... സുകുമാരക്കുറുപ്പിന്റെ അച്ഛനെ അറിയാം' എന്ന് രോഗിയോട് പറഞ്ഞതും അയാള്‍ അസ്വസ്ഥനായി, പിന്നീടൊന്നും മിണ്ടിയില്ല. വൈകാതെ ആശുപത്രിയില്‍നിന്ന് അപ്രത്യക്ഷനായി. ഇക്കാര്യം രത്‌നമ്മ അന്ന് പോലീസിനെ അറിയിച്ചു. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി താനുമായി രൂപസാാദൃശ്യമുള്ള ചാക്കോയെ സുകുരമാരക്കുറുപ്പും സംഘവും കൊലപ്പെടുത്തിയ സംഭവം ആ കാലത്ത് ആളുകളുടെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുകയായിരുന്നു.
1984 ജനുവരി 21ന് നടന്ന കൊലപാതകത്തിന് ശേഷം കൂടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സുകുമാരക്കുറുപ്പ് മുങ്ങി. പലയിടങ്ങളില്‍, പല രൂപത്തില്‍, പല ആളുകള്‍ പിന്നീട് സുകുമാരക്കുറുപ്പിനെ കണ്ടെത്തിയതായി അവകാശപ്പെട്ടു. അതിനെല്ലാം പിന്നാലെ പോലീസ് പാഞ്ഞു. എവിടെയും കുറുപ്പ് പൊങ്ങിയില്ല. രത്‌നമ്മയുടെ വാക്കു കേട്ട് കേരളാ പോലീസ് ബൊക്കാറോയിലെ ആശുപത്രിയിലും എത്തിയിരുന്നു. അവധിക്ക് നാട്ടിലെത്തിയപ്പോഴും പലതവണ മൊഴിയെടുത്തു. കഴിഞ്ഞ മാര്‍ച്ചിലാണ് രത്‌നമ്മ വിരമിച്ചത്. ഇപ്പോള്‍ സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ, പോലീസ് പിടിച്ച പുലിവാല് കണ്ട് ചിരിക്കുകയാണോ, അതോ മരണപ്പെട്ടോ? ആര്‍ക്കുമറിയില്ല. കേരളാ പോലീസിനെ ഏറ്റവുമധികം വെള്ളം കുടിപ്പിച്ച ഈ ക്രിമിനലിനെ കണ്ടെത്തുകയോ മരിച്ചുവെന്ന് സ്ഥിരീകരിക്കുകയോ ചെയ്യാതെ ഈ കേസിന് അന്ത്യമാവില്ല.ഇപ്പോള്‍ രത്‌നമ്മയെ തേടി വീണ്ടും പോലീസ് പോയതിന് പിന്നില്‍ എന്താണ്? സുകുമാരക്കുറുപ്പിനായി പുതിയ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എങ്കിലും പഴയ തെളിവുകള്‍ പൊടിതട്ടിയെടുക്കുകയാണ് ക്രൈംബ്രാഞ്ചിന്. 38 വര്‍ഷം മുമ്പ് നല്‍കിയ അതേ മൊഴിയാണ് ഇപ്പോള്‍ രത്‌നമ്മ വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നില്‍ രേഖപ്പെടുത്തിയത്.സംസ്ഥാനത്തെ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ അവലോകനം ചെയ്യുന്ന പ്രത്യേക നടപടിയുടെ ഭാഗമായാണ് പഴയ സാക്ഷിമൊഴികളും തെളിവുകളും വീണ്ടും പരിശോധിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ആ പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് ക്രൈംബ്രാഞ്ചിന് ഐ.ജി അജിത ബീഗമാണ്.42 വര്‍ഷമായി കേരള പോലീസിനെ വെല്ലുവിളിച്ച ആ മനുഷ്യന്റെ രഹസ്യം ഒടുവില്‍ ചുരുളഴിയുമോ? അതോ അമ്പരപ്പിക്കുന്ന ക്രൈം ത്രില്ലറിലെ പുതിയ കഥയായി ഒടുങ്ങുമോ? ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയുടെ ഏറ്റവും വിചിത്രമായ പിടികിട്ടാക്കഥ തുടരുകയാണ്.