ഇന്ത്യൻ പാസ്‌പോര്‍ട്ടിന് വീണ്ടും തിരിച്ചടി; സ്ഥാനം നമീബിയയ്ക്കും പിന്നില്‍
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നാകാന്‍ കുതിക്കുകയാണ് ഇന്ത്യ. എന്നാല്‍ നമ്മുടെ പാസ്‌പോര്‍ട്ടിന് ലോകം കല്‍പിക്കുന്ന വിലയെന്താണ്? 2026ലെ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഇന്ത്യ താഴേക്ക് പോവുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. നമ്മുടെ പാസ്‌പോര്‍ട്ടിന് നാം തന്നെ വില കല്‍പിക്കുന്നില്ലെങ്കില്‍ മറ്റാരാണ് അതിന് മൂല്യം കാണുക? ഇന്ത്യന്‍ പാസ്‌പോര്‍ട് പൗരത്വ രേഖയല്ലെന്നും വെറും യാത്രാ രേഖയുമാണെന്ന വിചിത്രമായ വാദം വിദേശകാര്യ മന്ത്രാലയം ഉന്നയിച്ചതിന് പിന്നാലെയാണ് പാസ്‌പോര്‍ട് റാങ്കിംഗില്‍ ഇന്ത്യ പിന്നിലായത്.
197 രാജ്യങ്ങളില്‍ 125ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 124ാം സ്ഥാനത്തായിരുന്നു. നമീബിയ, ഫിലിപ്പീന്‍സ്, മൊറോക്കോ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനെ മറികടന്നു്. ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ അസര്‍ബൈജാനും പട്ടികയുടെ ഏറ്റവും താഴെ പാകിസ്താനുമാണുള്ളത്.
ആഗോള മൊബിലിറ്റി ഗവേഷണ സ്ഥാപനമായ ഗ്ലോബല്‍ സിറ്റിസണ്‍ സൊല്യൂഷന്‍സ് ആണ് ഈ റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം, രാജ്യത്തിന്റെ സാമ്പത്തിക മത്സരശേഷി, ജീവിതനിലവാരം, ആഗോള സ്വീകാര്യത, നിക്ഷേപ സാധ്യത തുടങ്ങി 15 പ്രധാന മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഏകദേശം 88 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയില്ല. അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ചൈന, യു.എ.ഇ. തുടങ്ങി ലോകത്തിലെ പ്രധാന രാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി വിസ നിര്‍ബന്ധമാണ്. ആഗോള യാത്രാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഇനിയും ദൂരം പോകാനുണ്ടെന്ന സൂചന കൂടിയാണിത്.ഒരു വശത്ത് ഇന്ത്യ ആഗോള ശക്തിയായി ഉയരുകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, മറുവശത്ത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ അന്താരാഷ്ട്ര സ്വീകാര്യത താഴേക്കാണ്. ഒരു സാധാരണ ഇന്ത്യന്‍ പൗരന്റെ പാസ്‌പോര്‍ട്ടിന് ഇപ്പോഴും ലോകത്തിന്റെ വാതിലുകള്‍ പൂര്‍ണമായി തുറന്നിട്ടില്ല