സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് ആവശ്യമായ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ്

ഏകദേശം 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നത്.

സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് ആവശ്യമായ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വർഷം കഴിയുംതോറും പോളിയോ നിർമാർജനയത്നത്തിന്റെ ഭാഗമായി തുള്ളിമരുന്ന് ആവശ്യമായ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. കഴഞ്ഞ പത്ത് വർഷങ്ങൾക്കിടയിലാണ് ഈ കുറവ് സംഭവിച്ചിരിക്കുന്നത്. ഏകദേശം 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നത്. 2016 ൽ 26 ലക്ഷം കുട്ടികൾക്കാണ് പോളിയോ വാക്സിനേഷൻ നൽകിയിരുന്നത്. എന്നാൽ, പത്ത് വർഷങ്ങൾക്കിപ്പുറം 2026 ൽ അത് 19. 8 ലക്ഷമായി കുറഞ്ഞു. 2018 മുതലാണ് കുറവു പ്രകടമായി തുടങ്ങിയത്. പുതു തലമുറയിലെ ദമ്പതികളിൽ ഭൂരിഭാഗവും ഒരു കുട്ടി മതിയെന്ന നിലപാട് സ്വീകരിക്കുന്നുവെന്നാണ് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത് . ചിലർ അതിനുപോലും തയ്യാറല്ല. വിവാഹം കഴിക്കാൻ താത്പര്യമില്ലാത്തവരുമുണ്ട്. വിദേശത്തു ജോലിക്കു പോകുന്നവർ അവിടെ സ്ഥിരതാമസമാക്കുന്നതും കുട്ടികൾ കുറയാൻ കാരണമാണ്. 

അതേസമയം, കുട്ടികൾ കുറഞ്ഞ സാഹചര്യത്തിൽ വാക്സിനേഷനുള്ള സർക്കാരിന്റെ ബാധ്യതയും കുറഞ്ഞു. 2016 ൽ ഏകദേശം 1.30 ലക്ഷം വയൽ വാക്സിനാണു വേണ്ടിവന്നത്. എന്നാൽ, ഇത്തവണ 1 ലക്ഷം വയൽ മാത്രം മതി. അതായത്, 30,000 വയലിന്റെ കുറവ്. ഒരു വയൽ വാക്സിൻ 18-20 കുട്ടികൾക്കു വരെ കൊടുക്കാം.