പാലാ എം.എൽ.എയുടെ ശിക്ഷാവിധി; സതീശൻ സർക്കാരിന് വെല്ലുവിളിയാകുമോ?

ചെക്ക് കേസിലെ ശിക്ഷാവിധി മാണി സി. കാപ്പന്റെ രാഷ്ട്രീയ ഭാവിക്കും യു.ഡി.എഫിന്റെ മുന്നോട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾക്കും നിർണായക വെല്ലുവിളിയായി മാറുന്നു.

Sep 02, 2026 - 10:02
0
പാലാ എം.എൽ.എയുടെ ശിക്ഷാവിധി; സതീശൻ സർക്കാരിന് വെല്ലുവിളിയാകുമോ?

പാലാ എം.എൽ.എ മാണി സി. കാപ്പനെ മന്ത്രിയാക്കാത്തത് യു.ഡി.എഫിന് ഭാഗ്യമായി. സതീശൻ സർക്കാരിന്റെ പേരിന് വലിയ കളങ്കം വന്നുപോയേനെ. മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് ചെക്ക് കേസിൽ ഒരു വർഷം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നു. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.പലർക്കും രാഷ്ട്രീയപരമായ കേസുകൾ ഉണ്ടെങ്കിലും കേരളത്തിലെ ജനപ്രതിനിധികൾ പൊതുവെ ഇങ്ങനെ ശിക്ഷയിൽ അകപ്പെടുന്നത് അപൂർവമാണ്. അതുകൊണ്ടുതന്നെ മേൽക്കോടതിയിൽനിന്ന് ഒന്നും രക്ഷയില്ലാതെ അകത്ത് കിടക്കേണ്ടിവരുമെന്ന് ഉറപ്പായാൽ ഒരുപക്ഷേ എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെടുമോ എന്നുള്ളതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാരണം രണ്ട് വർഷത്തിൽ കുറഞ്ഞ ശിക്ഷയാണ് ജനപ്രതിനിധികൾക്ക് ലഭിക്കുന്നതെങ്കിൽ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനൊന്നും ആകില്ല. പക്ഷേ ഇത് ഉത്തരേന്ത്യയല്ല. ഒരു എം.എൽ.എ ഒരു വർഷത്തോളം ജയിലിൽ കിടക്കുക എന്ന് പറഞ്ഞാൽ അത് ആ മണ്ഡലത്തിൽ ഉണ്ടാക്കാൻ പോകുന്ന സർക്കാർവിരുദ്ധ തരംഗം വളരെ വലുതായിരിക്കും.

ഏതായാലും മന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്ന മാണി സി. കാപ്പന് ജയിൽ ശിക്ഷ ലഭിച്ചത് വല്ലാത്ത തിരിച്ചടി തന്നെയാണ്. പ്രവാസി മലയാളിയായ ദിനേശ് മേനോൻ എന്ന വ്യവസായിയുടെ പരാതിയിൽ ഉൾപ്പെടെ നാല് കേസുകളിലാണ് മാണി സി. കാപ്പൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2015 മുതൽ നടക്കുന്ന നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അതായത്, കണ്ണൂർ എയർപോർട്ടിൽ ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു മാണി സി. കാപ്പനെതിരായ പരാതി. അന്ന് അദ്ദേഹം എൽ.ഡി.എഫുകാരനായിരുന്നു.എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലടക്കം ഈ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഹൈക്കോടതിയിലെ കേസിന്റെ നടപടിക്രമങ്ങൾ മുന്നോട്ട് പോയിരുന്നില്ല. പിന്നാലെയാണ് പരാതിക്കാരൻ ബോറിവലി കോടതിയെ സമീപിച്ചത്. കോടതി വിശദമായ വാദം കേട്ട ശേഷമാണ് മാണി സി. കാപ്പൻ കുറ്റക്കാരനെന്ന് കണ്ടെത്തി ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. അത് മാത്രമല്ല, ഒരു കോടി ഇരുപത് ലക്ഷം രൂപ മാണി സി. കാപ്പൻ പരാതിക്കാരന് നൽകണമെന്നും കോടതി വിധിയിൽ പറയുന്നുണ്ട്.

ശിക്ഷ വിധിക്കുമെന്നും അവിടെനിന്ന് തന്നെ അറസ്റ്റുണ്ടാകുമെന്നും ഉറപ്പായതുകൊണ്ടായിരിക്കാം കോടതി ശിക്ഷ വിധിക്കുമ്പോൾ എം.എൽ.എ ഹാജരാകാതിരുന്നത്. അതിനാൽ തന്നെ അറസ്റ്റ് അടക്കമുള്ള നടപടികൾക്കായി ശിക്ഷ വിധിക്കപ്പെട്ട കുറ്റക്കാരന്റെ, അതായത് എം.എൽ.എയുടെ സ്റ്റേഷൻ പരിധിയിലേക്ക് വാറണ്ട് അടക്കം ഉടൻ കൈമാറണമെന്നും കോടതി കർശനമായി നിർദേശിച്ചിട്ടുണ്ട്. ഭരണകക്ഷിയുടെ ഭാഗമായ എം.എൽ.എയ്ക്ക് എതിരെയാണ് ശിക്ഷാ നടപടി എന്നതും പാലാ പോലെയുള്ള മണ്ഡലത്തിൽ ഇടതുമുന്നണി നേതാവിനെ തോൽപ്പിച്ചതെന്നതുകൊണ്ടും സർക്കാരിനെതിരെ പ്രതിപക്ഷം ഇതൊരു ആയുധമാക്കിയേക്കും. കാരണം രാജിവയ്പ്പിച്ച് മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് തയ്യാറായാൽ ഒരിക്കൽക്കൂടി കളത്തിൽ ഇറങ്ങാം എന്നുള്ള മോഹവും അവർക്കുണ്ട്. അതുമാത്രമല്ല, തട്ടിപ്പിന് പിടിക്കപ്പെട്ടാൽ സമരം ചെയ്യുന്ന ഇടതുപക്ഷം ഇതിലും മിണ്ടാതിരിക്കില്ല. നമുക്കറിയാം, അടിവസ്ത്രം വെട്ടിമാറ്റിയ കേസിൽ മുൻമന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാവിധിയിൽ മുമ്പ് കോൺഗ്രസ് വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച പശ്ചാത്തലത്തിൽ മാണി സി. കാപ്പന്റെ രാജി അടക്കം ആവശ്യപ്പെട്ട് എൽ.ഡി.എഫ് സമരം നടത്താനാണ് സാധ്യത. നാല് കേസുകളിലുമായി ആകെ 5.30 കോടി രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. ഇതൊക്കെ തിരികെ നൽകാത്ത പക്ഷം ജയിൽവാസം ഉറപ്പാണെന്നും പറയുന്നുണ്ട്.

ഓഹരി ലഭിക്കാതിരുന്നതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 25 ലക്ഷം രൂപ മാത്രമാണ് കാപ്പൻ നൽകിയത്. തുടർന്ന് 2013-ൽ 3.25 കോടി രൂപയുടെ നാല് ചെക്കുകൾ നൽകി. ബാങ്കിൽ നിക്ഷേപിച്ച ഈ നാല് ചെക്കുകളും പണമില്ലാത്തതിനാലും ഒപ്പിലെ വ്യത്യാസം കാരണവും മടങ്ങിയതോടെയാണ് ദിനേശ് മേനോൻ എന്ന വ്യവസായി മുംബൈ ബോറിവലി കോടതിയെ സമീപിച്ചതും ഇപ്പോൾ ശിക്ഷ ലഭിച്ചതും. ഏതായാലും രണ്ടര വർഷം കഴിഞ്ഞ് മന്ത്രിയാകേണ്ടുന്ന എം.എൽ.എയാണ് മാണി സി. കാപ്പൻ. ആദ്യ രണ്ടര വർഷം അനൂപ് ജേക്കബും പിന്നീട് രണ്ടര വർഷം മാണി സി. കാപ്പനും എന്നാണു ധാരണയുള്ളതെന്ന് പറയുന്നത്. ആ രണ്ടര വർഷമാകുമ്പോഴേക്കും എല്ലാം ശരിയാകുമോ, അല്ലെങ്കിൽ എം.എൽ.എ സ്ഥാനം തന്നെ പോകുമോ എന്നുള്ളതാണ് ഇപ്പോൾ വ്യക്തമാകാത്തത്.ഏതായാലും മാണി സി. കാപ്പൻ എന്ന എം.എൽ.എയുടെ ശിക്ഷ അദ്ദേഹത്തിന് മാത്രമല്ല, യു.ഡി.എഫ് സംവിധാനത്തിന് തന്നെ ഒരു തലവേദനയും നാണക്കേടുമാണ്.

പിണറായി വിജയനെപ്പോലൊരു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. തട്ടിപ്പിലും വെട്ടിപ്പിലും കേസുകൾ അനവധിയുണ്ട്. പുള്ളിമാന് ഒരു പുള്ളി കുറഞ്ഞാലും കൂടിയാലും കുഴപ്പമില്ല.പക്ഷേ വി.ഡി. സതീശൻ പുതിയതായി വന്ന മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ ഈ കേസിൽ വ്യക്തമായ ഉത്തരം പറയുകയോ, അല്ലെങ്കിൽ തട്ടിപ്പ് നടത്തിയെന്ന് ബോധ്യമുണ്ടെങ്കിൽ രാജിവയ്ക്കുകയോ ചെയ്യുന്നതാണ് വി.ഡി. സതീശനെപ്പോലെയുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുമ്പോൾ എം.എൽ.എ ചെയ്യേണ്ടത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User