തട്ടുമ്മൽ മാധവൻ നായർ നിസ്വാർത്ഥ പൊതുപ്രവർത്തനത്തിന്റെ ഉദാത്ത മാതൃക: പി.കെ. ഫൈസൽ
മലയോര മേഖലയിലെ കോൺഗ്രസ് പ്രവർത്തനങ്ങൾക്കും വികസന-ആധ്യാത്മിക രംഗങ്ങൾക്കും നൽകിയ സംഭാവനകൾ അനുസ്മരിച്ച് സർവകക്ഷി അനുശോചന യോഗം
കാസർകോട്: നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു മുൻ ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ഡി.സി.സി അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന തട്ടുമ്മൽ മാധവൻ നായരെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ. തട്ടുമ്മൽ മാധവൻ നായരുടെ നിര്യാണത്തെ തുടർന്ന് തട്ടുമ്മലിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയകാലഘട്ടത്തിൽ മലയോര മേഖലയിൽ കോൺഗ്രസിന്റെ സജീവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു മാധവൻ നായരെന്ന് പി.കെ. ഫൈസൽ പറഞ്ഞു. നിരവധി വികസന പ്രവർത്തനങ്ങളിലും ആധ്യാത്മിക മേഖലയിലും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഷാലു മാത്യു, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധൻ, സി.പി.ഐ നേതാവ് പി. രാമചന്ദ്രൻ, കേരള കോൺഗ്രസ് എം നേതാവ് ഷിനോജ് ചാക്കോ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, ലക്ഷ്മി തമ്പാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൃഷ്ണൻ മൊയോലം, ശ്രീജിത്ത് പറക്കളായി, സജിത ശ്രീകുമാർ, ജോളി ജോസഫ്, മണ്ഡലം പ്രസിഡന്റുമാരായ എം. ജയകുമാർ, എം.ജെ. ബേബി, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നാരായണൻ നായർ പുതിയകണ്ടം, ഷാജി ഇ.കെ., എൻ.എസ്.എസ് ഭാരവാഹി രാമചന്ദ്രൻ നായർ, വേങ്ങയിൽ കുഞ്ഞിക്കണ്ണൻ നായർ, കെ.വി. കുഞ്ഞമ്പു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ബാലകൃഷ്ണൻ ബാലൂർ സ്വാഗതവും കപ്പാത്തിക്കാൽ നാരായണൻ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)