അഞ്ച് മാസത്തിൽ നികുതി വരുമാനം 51,578 കോടി; കേരളത്തിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തിയത് വൻ തുക
ജിഎസ്ടി വരുമാനം ബജറ്റ് പ്രതീക്ഷയുടെ 40 ശതമാനം കടന്നു; റവന്യൂ കമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് വർധിച്ചു
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തിൽ സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 9,000 കോടിയിലധികം വർധിച്ചതായി കണക്കുകൾ. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം ആകെ 51,578.32 കോടി രൂപയാണ് നികുതിയായി പിരിച്ചെടുത്തത്. ഓണ വിപണി സജീവമായതോടെ ഓഗസ്റ്റിൽ മാത്രം 14,118 കോടി രൂപയുടെ നികുതി വരുമാനമാണ് സർക്കാരിന് ലഭിച്ചത്. മുൻമാസത്തേക്കാൾ ഏകദേശം 4,700 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
ആദ്യ അഞ്ച് മാസത്തെ ജിഎസ്ടി വരുമാനം 20,274 കോടി രൂപയാണ്. ബജറ്റിൽ പ്രതീക്ഷിച്ച ജിഎസ്ടി വരുമാനത്തിന്റെ 40 ശതമാനം ആദ്യ അഞ്ച് മാസത്തിനുള്ളിൽ തന്നെ ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 35 ശതമാനമായിരുന്നു. വിൽപ്പന നികുതി വരുമാനം ഏതാണ്ട് കഴിഞ്ഞ വർഷത്തെ നിലവാരത്തിൽ തന്നെയാണ്. അതേസമയം, നികുതിയേതര വരുമാനത്തിലും ഏകദേശം എട്ട് ശതമാനം വർധനയുണ്ടായി. ആദ്യ അഞ്ച് മാസത്തിൽ 7,727 കോടി രൂപയാണ് നികുതിയേതര വരുമാനമായി ലഭിച്ചത്. എന്നാൽ കഴിഞ്ഞ മാസം കേന്ദ്രത്തിൽനിന്ന് ഗ്രാന്റ് ഇനത്തിൽ ഒരു രൂപ പോലും ലഭിച്ചില്ലെന്നാണ് കണക്ക്.
റവന്യൂ കമ്മിയിലും മുൻവർഷത്തെ അപേക്ഷിച്ച് കുറവുണ്ടായി. ആദ്യ അഞ്ച് മാസത്തെ റവന്യൂ കമ്മി 18,688 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 20,000 കോടി രൂപയായിരുന്നു. എന്നാൽ വരുമാനം വർധിച്ചപ്പോഴും സംസ്ഥാനത്തിന്റെ കടമെടുപ്പ് ഉയർന്നത് ശ്രദ്ധേയമാണ്. ആദ്യ അഞ്ച് മാസത്തിൽ 30,560.93 കോടി രൂപയാണ് സർക്കാർ കടമെടുത്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 26,974.13 കോടി രൂപയായിരുന്നു കടമെടുത്തത്. ഓഗസ്റ്റിൽ മാത്രം 4,099 കോടി രൂപ കടമെടുത്തു. അതേസമയം, മൂലധന ചെലവും മുൻവർഷത്തേക്കാൾ ഉയർന്ന് 10,458 കോടി രൂപയിലെത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)