എം.ജി റോഡിലെ അപകടം: കയ്യേറ്റമുണ്ടോ? നഗരസഭയുടെ അനാസ്ഥയും അന്വേഷിക്കണം; യൂത്ത് കോൺഗ്രസ്

ഹനീഫിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും കെട്ടിട രേഖകളും പരിശോധിക്കണം; പരാതികൾ അവഗണിച്ച നഗരസഭയ്ക്കെതിരെ ഗുരുതര ആരോപണം

Aug 20, 2026 - 19:19
0
എം.ജി റോഡിലെ അപകടം: കയ്യേറ്റമുണ്ടോ? നഗരസഭയുടെ അനാസ്ഥയും അന്വേഷിക്കണം; യൂത്ത് കോൺഗ്രസ്

എം.ജി റോഡിലെ അപകടം: കയ്യേറ്റവും നഗരസഭയുടെ അനാസ്ഥയും അന്വേഷിക്കണം; യൂത്ത് കോൺഗ്രസ്

കാസർകോട്: നഗരത്തിലെ എം.ജി റോഡിൽ വിദ്യാനഗർ ഫോർസൈറ്റ് ഉടമ എൻ.കെ. ഹനീഫ് മരിക്കാനിടയായ അപകടത്തിൽ സ്ഥലത്തെ കയ്യേറ്റവും നഗരസഭയുടെ അനാസ്ഥയും അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് കാസർകോട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഷോബിക വെഡ്ഡിംഗിനും ടോട്ടോ മാളിനും ഇടയിലുള്ള ഭാഗത്താണ് അപകടമുണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ റോഡിനോട് ചേർന്ന് ഇന്റർലോക്ക് പാകിയ ഭാഗത്ത് ഹനീഫ് സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയും തുടർന്ന് ടാങ്കർ ലോറിയുടെ അടിയിലേക്ക് വീഴുകയുമായിരുന്നു എന്നാണ് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

അപകടം നടന്ന സ്ഥലത്ത് നിയമപരമായി അനുവദിച്ച പരിധിക്കുള്ളിൽ തന്നെയാണോ നിർമാണങ്ങളും മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കെട്ടിടത്തിന് പെർമിറ്റിന് അപേക്ഷിക്കുന്നതിന് മുമ്പുള്ള സ്ഥലത്തിന്റെ ചിത്രങ്ങളും പെർമിറ്റ് ലഭിച്ചതിന് ശേഷമുള്ള ചിത്രങ്ങളും പരിശോധിക്കുമ്പോൾ സ്ഥലത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോയെന്ന സംശയം ഉയരുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കെട്ടിട രേഖകൾ, നിർമാണ പെർമിറ്റ്, സ്ഥലപരിശോധനാ റിപ്പോർട്ടുകൾ എന്നിവ പരിശോധിക്കുകയും വിശദമായ സ്ഥലപരിശോധന നടത്തുകയും വേണം. റോഡിനോടനുബന്ധിച്ചുള്ള സ്ഥലം ഏതെങ്കിലും തരത്തിൽ കയ്യേറിയിട്ടുണ്ടോ, കെട്ടിട നിർമാണവും ഉപയോഗവും നിലവിലുള്ള ചട്ടങ്ങൾ പാലിച്ചാണോ തുടങ്ങിയ കാര്യങ്ങളിലും അടിയന്തര അന്വേഷണം നടത്തണം.

ഈ ഭാഗത്ത് നേരത്തെയും നിരന്തരമായി അപകടങ്ങൾ സംഭവിക്കുകയും പൊതുജനങ്ങളിൽ നിന്ന് നിരവധി പരാതികൾ ഉയരുകയും ചെയ്തിട്ടും ആവശ്യമായ പരിശോധന നടത്താൻ നഗരസഭാ അധികൃതർ തയ്യാറായില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. അപകടസാധ്യത സംബന്ധിച്ച് നഗരസഭാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പലതവണപ്പെടുത്തിയിട്ടും പരിശോധനയ്ക്കോ അന്വേഷണത്തിനോ തയ്യാറാകാതിരുന്നത് ഗുരുതരമായ അനാസ്ഥയാണെന്നും നേതാക്കൾ ആരോപിച്ചു.

അപകടത്തിന് കാരണമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനൊപ്പം സ്ഥലത്തെ കയ്യേറ്റം, കെട്ടിട നിർമാണ അനുമതി, പാർക്കിംഗ് സംവിധാനം, റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശന-പുറത്തിറങ്ങൽ സംവിധാനം, സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം. നിയമലംഘനങ്ങളോ ഉദ്യോഗസ്ഥരുടെ വീഴ്ചകളോ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഉത്തരവാദികളായ കെട്ടിട ഉടമകൾക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട നഗരസഭാ ഉദ്യോഗസ്ഥർ പരാതികൾ അവഗണിച്ച് കെട്ടിട ഉടമകളുടെ താൽപര്യങ്ങൾക്ക് അനുകൂലമായി നിലകൊണ്ടുവെന്ന ആരോപണവും ഗൗരവമായി അന്വേഷിക്കണം. ഒരു മനുഷ്യജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിലെങ്കിലും നഗരസഭ ഉണർന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് കാസർകോട് നിയോജകമണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരിയും ജനറൽ സെക്രട്ടറി ശംസുദ്ധീൻ ചെറുണിയും മനാഫ് പട്ലയും സംയുക്ത പ്രസ്താവനയിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്.

പൊതുജനങ്ങളുടെ പരാതികൾ തുടർച്ചയായി അവഗണിച്ച നഗരസഭാ ഉദ്യോഗസ്ഥരുടെ നടപടികളും അപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങളും സമഗ്രമായി അന്വേഷിച്ച് അന്വേഷണ റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User