സണ്ണി ജോസഫിന് പകരം ആര്? കെപിസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ചർച്ചകൾ സജീവം
കേരളത്തിലെ ഭരണകക്ഷിയായ യു.ഡി.എഫിലും കോൺഗ്രസിലും കനത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കെ.പി.സി.സി. പുനഃസംഘടനയും പുതിയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പും അനിശ്ചിതമായി നീളുകയാണ്. നിലവിലെ പ്രസിഡന്റായ മന്ത്രി സണ്ണി ജോസഫ്, മഴക്കാലം കടുത്തതോടെ വൈദ്യുതി വകുപ്പിലെ കനത്ത ഔദ്യോഗിക തിരക്കുകൾ കാരണം സംഘടനാ കാര്യങ്ങളിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അടിയന്തരമായി സംഘടനയ്ക്ക് ഒരു പുതിയ നാഥൻ വേണമെന്ന ആവശ്യവുമായി മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് ഉൾപ്പെടെ രംഗത്തെത്തിക്കഴിഞ്ഞു. വിഴിഞ്ഞം ഓഹരി വിൽപ്പന, പുതിയ മദ്യനയം, പി.എം. ശ്രീ പദ്ധതി തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ മുന്നണിക്കുള്ളിൽ നയപരമായ ചർച്ചകളും ധാരണകളും ഉണ്ടാകണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെടുമ്പോഴും, അധ്യക്ഷനില്ലാതെ യു.ഡി.എഫ് യോഗം വിളിച്ചുചേർക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ്. മൂന്നാഴ്ചയായി വിദേശപര്യടനത്തിലായിരുന്ന ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ മടങ്ങിയെത്തിയതോടെയാണ് ഈ ചർച്ചകൾക്ക് വീണ്ടും ജീവൻ വെച്ചിരിക്കുന്നത്. എ.ഐ.സി.സി. തലത്തിൽ അന്തിമ തീരുമാനമെടുക്കാൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിനായി കാത്തിരുന്ന ഹൈക്കമാൻഡ് വരുംദിവസങ്ങളിൽ കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എന്നാൽ പാർട്ടിയിൽ ആര് അധ്യക്ഷനാകണം എന്ന കാര്യത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിലപാടായിരിക്കും ഏറ്റവും നിർണ്ണായകം...നിലവിൽ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ പേരിനാണ് കൂടുതൽ മുൻഗണന കൽപ്പിക്കപ്പെടുന്നത്. ഒരു ദളിത് നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുന ഖാർഗെയുടെ താല്പര്യവും മുതിർന്ന നേതാവെന്ന നിലയിലുള്ള സംഘടനാ പരിചയസമ്പത്തും കൊടിക്കുന്നിലിന് അനുകൂല ഘടകങ്ങളാണ്. എങ്കിലും കെ.സി. വേണുഗോപാലിന്റെ മനസ്സ് അനുകൂലമായില്ലെങ്കിൽ കാര്യങ്ങൾ മാറിമറിയാൻ സാധ്യതയേറെയാണ്. കൂടാതെ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, ബെന്നി ബെഹന്നാൻ, ആൻ്റോ ജോസഫ് എന്നിവരും ഈ മോഹവുമായി രംഗത്തുണ്ട്. ഗ്രൂപ്പ് പ്രതിനിധിയായി ജോസഫ് വാഴയ്ക്കാനെ കൊണ്ടുവരാൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും അണിയറയിൽ ശക്തമായി കരുക്കൾ നീക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഡൽഹി മോഡൽ നിരീക്ഷകരുടെ പരിശോധനയിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തുമെന്ന് എ.ഐ.സി.സി. വ്യക്തമാക്കിയിരുന്നെങ്കിലും ആ പ്രക്രിയയെല്ലാം പാതിവഴിയിൽ തടസ്സപ്പെടുകയാണ് ഉണ്ടായത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവും ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജനവുമെല്ലാം ഘടകകക്ഷികളുമായി ചർച്ച ചെയ്തു തീരുമാനിക്കേണ്ടതുണ്ടെന്നിരിക്കെ, ഈ വൈകൽ മുന്നണിയിലെ സുഗമമായ ഭരണപരമായ ഏകോപനത്തെ ബാധിക്കുന്നുണ്ട്.

മുൻനിര നേതാക്കളെല്ലാം മന്ത്രിസഭയിലേക്കും ഭരണകാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചതോടെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവൻ നിലവിൽ പൂർണ്ണമായും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. മൂന്ന് വർക്കിങ് പ്രസിഡന്റുമാരിൽ എ.പി. അനിലിനും പി.സി. വിഷ്ണുനാഥിനും മന്ത്രിസ്ഥാനം ലഭിച്ചതോടെ അവർ സംഘടനാ ചുമതലകളിൽ നിന്ന് ഔദ്യോഗികമായി വിടുതൽ വാങ്ങിക്കഴിഞ്ഞു. മൂന്നാമനായ ഷാഫി പറമ്പിൽ എം.പി.യാകട്ടെ വളരെ അപൂർവ്വമായി മാത്രമാണ് ഇപ്പോൾ തലസ്ഥാനത്ത് എത്തുന്നത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന എം. ലിജു മന്ത്രിയായതോടെ പാർട്ടി ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പോലും ആളില്ലാത്ത അതീവ ഗുരുതരമായ സാഹചര്യമാണ് ഉള്ളത്. ഭരണത്തിൽ ലഭിച്ച വൻ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് പരസ്യമായ അഭിപ്രായവ്യത്യാസങ്ങളിലേക്ക് കടക്കാതെ മുന്നണി തൽക്കാലം പിടിച്ചുനിൽക്കുന്നത്. ഭരണപരമായ ഏകോപനമില്ലായ്മ പരിഹരിക്കാൻ പുതിയ കെ.പി.സി.സി. അധ്യക്ഷൻ അടിയന്തരമായി ചുമതലയേറ്റേ മതിയാകൂ എന്ന് ഘടകകക്ഷികളും താഴെത്തട്ടിലെ പ്രവർത്തകരും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നു. വരുംദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന നിർണ്ണായക ചർച്ചകൾക്ക് ശേഷം സണ്ണി ജോസഫിന്റെ പിൻഗാമിയായി കൊടിക്കുന്നിൽ സുരേഷ് എത്തുമോ അതോ അപ്രതീക്ഷിതമായ മറ്റേതെങ്കിലും പേരുകൾ ഉയർന്നു വരുമോ എന്ന് കണ്ടറിയണം.
സുലൈല എം