80 ലക്ഷം ബാങ്ക് ബാലൻസ്, പക്ഷേ സമാധാനമില്ല! സർക്കാർ ജോലി ഉപേക്ഷിക്കാൻ 31-കാരി; സോഷ്യൽ മീഡിയയിൽ തരംഗമായി കുറിപ്പ്
31-year-old woman, despite having a bank balance of 80 lakhs and no debts, is considering resigning from her secure government job due to severe mental stress and overwork
സ്ഥിരവരുമാനമുള്ള സർക്കാർ ജോലി, കയ്യിൽ ആവശ്യത്തിലധികം പണം, യാതൊരുവിധ കടബാധ്യതകളുമില്ലാത്ത സുരക്ഷിതമായ ജീവിതം... ആർക്കും കൊതിതോന്നുന്നൊരു ലൈഫ് അല്ലേ? എന്നാൽ ഇതൊക്കെയുണ്ടായിട്ടും 'എനിക്കീ ജോലി വേണ്ടേ വേണ്ട' എന്ന് പറഞ്ഞ് രാജിക്കത്ത് കൊടുക്കാൻ ഒരുങ്ങുകയാണ് ഒരു 31 വയസ്സുകാരി. ലക്ഷങ്ങളുടെ ബാങ്ക് ബാലൻസിനേക്കാൾ വലുത് സ്വന്തം മനസമാധാനമാണെന്ന് പ്രഖ്യാപിച്ച യുവതിയുടെ റെഡിറ്റ് കുറിപ്പാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൻ ചർച്ചയായിരിക്കുന്നത്.
"പുതിയ ഡിപ്പാർട്ട്മെന്റിലേക്ക് മാറിയത് മുതൽ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. അവധി ദിവസങ്ങളിലും അർധരാത്രിയിലും വരെ പണിയെടുക്കണം. സുഖമില്ലാതെ ലീവെടുത്താൽ പോലും ഓഫിസിൽ നിന്ന് വിളിപ്പിച്ചു വരുത്തും. ദിവസം 9-10 മണിക്കൂർ ചോരനീരാക്കി പണിതിട്ടും, 'നീയൊന്നും ചെയ്യുന്നില്ലല്ലോ' എന്ന കുറ്റപ്പെടുത്തൽ മാത്രമാണ് ബാക്കി," യുവതി തന്റെ കുറിപ്പിൽ സങ്കടത്തോടെ പങ്കുവെച്ചു.

ബോസിന്റെ കുറ്റപ്പെടുത്തലും അമിത ജോലിയും; ഇനി വയ്യ!
ഇനി വരാനിരിക്കുന്ന 25-30 വർഷം ഇതേ നരകം സഹിക്കാൻ തനിക്ക് കഴിയില്ലെന്നും മാനസികമായി താൻ പൂർണ്ണമായും തകർന്നുപോയെന്നും യുവതി പറയുന്നു. അതുകൊണ്ട് തന്നെ ഈ 'തങ്കക്കൂട്' ഉപേക്ഷിച്ച്, ഏതെങ്കിലും ഒരു ചെറിയ നഗരത്തിലേക്ക് മാറി ലളിതമായി ജീവിക്കാനാണ് ഇവരുടെ പ്ലാൻ. കയ്യിലുള്ള 80 ലക്ഷം രൂപ കൃത്യമായി ഇൻവെസ്റ്റ് ചെയ്തും, അച്ചടക്കത്തോടെയുള്ള ട്രേഡിങ്ങിലൂടെയും, പലിശവരുമാനത്തിലൂടെയും സുഖമായി മുന്നോട്ട് പോകാം എന്ന് യുവതി കണക്കുകൂട്ടുന്നു. എന്നാൽ, ഇത്രയും നല്ലൊരു ജോലി കളയുന്നത് ബുദ്ധിശൂന്യതയാണോ അതോ പ്രായോഗികമായ തീരുമാനമാണോ എന്നാണ് ഇവർ സോഷ്യൽ മീഡിയയോട് ചോദിക്കുന്നത്.
'മെഡിക്കൽ ലീവെടുക്കൂ, പെട്ടെന്ന് രാജി വെക്കല്ലേ...': സോഷ്യൽ മീഡിയയുടെ ഉപദേശങ്ങൾ
യുവതിയുടെ പോസ്റ്റ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
-
പെട്ടെന്ന് തീരുമാനമെടുക്കരുത്: കടുത്ത മാനസിക സമ്മർദ്ദത്തിലായിരിക്കുമ്പോൾ ജോലി രാജിവയ്ക്കുന്നത് പോലുള്ള വലിയ തീരുമാനങ്ങൾ എടുക്കരുതെന്ന് ഭൂരിഭാഗം പേരും ഉപദേശിക്കുന്നു.
-
ലോങ് ലീവ് എടുക്കുക: ജോലി പെട്ടെന്ന് കളയാതെ മെഡിക്കൽ സർട്ടിഫിക്ക്റ്റ് കാണിച്ച് കുറച്ചുകാലം ലീവെടുക്കാനും, മാനസികാരോഗ്യം വീണ്ടെടുത്ത ശേഷം മാത്രം അന്തിമ തീരുമാനമെടുക്കാനും ചിലർ പറയുന്നു.
-
പരാതി നൽകുക: ഓഫീസ് സമയം കഴിഞ്ഞും സ്ത്രീകളെ ജോലിക്ക് വിളിക്കുന്നത് ശരിയല്ലെന്നും, മാനസിക പീഡനത്തിനെതിരെ എച്ച്.ആർ (HR) വിഭാഗത്തിനോ വനിതാ കമ്മീഷനോ പരാതി നൽകണമെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിക്കുന്നു.

പണമാണോ അതോ മനസമാധാനമാണോ ജീവിതത്തിൽ വലുത് എന്ന ഗൗരവമേറിയ ചർച്ചയ്ക്കാണ് ഈ 31-കാരിയുടെ കുറിപ്പ് വഴിതുറന്നിരിക്കുന്നത്.