ഒരേ സമയ തെരഞ്ഞെടുപ്പ് 2029ല്‍; മുഖ്യമന്ത്രിമാര്‍ക്ക് എന്ത് സംഭവിക്കും?
2029ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാല്‍ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഭാവി എന്താകും?
പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം 2029ല്‍ പ്രാബല്യത്തില്‍ വന്നേക്കും. ഇതിനായി നിയമിച്ച ജോയന്റ് പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍ പി.പി. ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. 2029ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാല്‍ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഭാവി എന്താകും? കാലാവധി കുറയുമോ? 2029ന് മുമ്പ് കാലാവധി കഴിയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അധികകാലം അധികാരത്തില്‍ തുടരാനാകുമോ? രാജ്യത്തിന്റെ രാഷ്ട്രീയത്തെ അടിമുടി മാറ്റുന്ന ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. പാര്‍ലമെന്റിന്റെ അടുത്ത മണ്‍സൂണ്‍ സെഷനില്‍ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭരണഘടനാ ഭേദഗതി പാസാക്കാനുള്ള തീവ്രയത്‌നത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നിയമം നടപ്പാവുകയാണെങ്കില്‍ 2029 ആവുമ്പോഴേക്കും അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാവാത്ത കേരളമുള്‍പ്പെടെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് എന്തു സംഭവിക്കുമെന്നതാണ് ചോദ്യം. മുഖ്യമന്ത്രിമാര്‍ക്ക് സമ്മതമാണെങ്കില്‍ ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് 2029 ല്‍ പൊതുതെരഞ്ഞെടുപ്പിനൊപ്പം നടത്താനാവുമെന്നാണ് ചൗധരി പറയുന്നത്. 2031ലാണ് നിലവിലെ കേരളാ മന്ത്രിസഭയുടെ കാലാവധി കഴിയുക. അതുവരെ വി.ഡി സതീശന്‍ മന്ത്രിസഭ തുടരുകയാണെങ്കിലും അനിശ്ചിതത്വം അവസാനിക്കില്ല. 2029 കഴിഞ്ഞാല്‍ അടുത്ത ഒരേ സമയ തെരഞ്ഞെടുപ്പ് നടക്കുക 2034 ലായിരിക്കും. എങ്കില്‍ 2031ല്‍ നിലവില്‍ വരുന്ന അടുത്ത കേരള നിയമസഭക്ക് മൂന്നു വര്‍ഷത്തെ കാലാവധിയേ ഉണ്ടാവൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരിഷ്‌കാരത്തിനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. അത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുമെന്ന അതിശക്തമായ ആശങ്ക നിലനില്‍ക്കുന്നു.
ഇപ്പോള്‍ ഓരോ സംസ്ഥാനവും വ്യത്യസ്ത സമയങ്ങളിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2029ല്‍ എല്ലാം ഒരുമിപ്പിക്കണമെങ്കില്‍ ചില നിയമസഭകളുടെ കാലാവധി മുന്‍കൂട്ടി അവസാനിപ്പിക്കുകയോ, ചിലതിന്റെ കാലാവധി ഭരണഘടനാ ഭേദഗതിയിലൂടെ നീട്ടുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടായേക്കും. അതായത് ചില മുഖ്യമന്ത്രിമാര്‍ പ്രതീക്ഷിച്ചതിലും നേരത്തെ ജനവിധി തേടേണ്ടിവരും. മറ്റുചിലര്‍ക്ക് അധികകാലം ഭരണത്തില്‍ തുടരാന്‍ അവസരമുണ്ടാകാം.ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ സ്വഭാവവും മാറും. ഇന്ന് ഒരു മുഖ്യമന്ത്രിക്ക് സ്വന്തം സംസ്ഥാന വിഷയങ്ങള്‍ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുന്നു. എന്നാല്‍ ലോക്‌സഭയും നിയമസഭയും ഒരുമിച്ചാല്‍ ദേശീയ നേതാക്കളും ദേശീയ വിഷയങ്ങളും പ്രചാരണത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധ്യതയുണ്ട്. അതിന്റെ ഗുണം ദേശീയ പാര്‍ട്ടികള്‍ക്കായിരിക്കുമോ, പ്രാദേശിക പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാകുമോ എന്ന ചര്‍ച്ച ശക്തമാണ്. രാജ്യത്ത് ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ കാരണം ഭരണസംവിധാനവും വികസന പദ്ധതികളും തടസ്സപ്പെടുന്നുവെന്നും തെരഞ്ഞെടുപ്പ് ചെലവും അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സമയവും നഷ്ടപ്പെടുത്തുന്നുവെന്നുമാണ് ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളിലുള്ള ഗുരുതരമായ കടന്നുകയറ്റമായിരിക്കും ഈ നടപടി. സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ എന്നെന്നേക്കുമായി അത് ദുര്‍ബലപ്പെടുത്തും. ഒരു സര്‍ക്കാര്‍ ഇടക്കാലത്ത് വീണാല്‍ എന്തുചെയ്യും? രാഷ്ട്രപതി ഭരണമോ, താല്‍ക്കാലിക സര്‍ക്കാരോ, അതോ പ്രത്യേക തെരഞ്ഞെടുപ്പോ? ഇതിന് വ്യക്തമായ മറുപടിയില്ല. അതിനാല്‍ 2029 ഒരു സാധാരണ തെരഞ്ഞെടുപ്പ് വര്‍ഷമാകില്ല. മാറുക വോട്ടെടുപ്പ് തീയതി മാത്രമല്ല; മുഖ്യമന്ത്രിമാരുടെ രാഷ്ട്രീയ ആയുസ്സും, സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശയും, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനരീതിയുമായിരിക്കും.