റൊണാള്‍ഡൊ, നില്‍ക്കണോ പോകണോ?

റൊണാള്‍ഡൊ, നില്‍ക്കണോ പോകണോ?

ആറാം ലോകകപ്പ് കളിക്കുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനെന്ന പദവി അര്‍ജന്റീനയുടെ ലിയണല്‍ മെസ്സി ഹാട്രിക്കോടെ ആഘോഷമാക്കി. ആ പദവിയിലെത്തുന്ന രണ്ടാമത്തെ കളിക്കാരനായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. എന്നാല്‍ ഡി.ആര്‍ കോംഗോക്കെതിരായ മത്സരത്തില്‍ നിറംകെട്ടതോടെ റൊണാള്‍ഡൊ നിരാശയുടെ പടുകുഴിയിലാണ്. ഇത്ര മോശമായി കളിച്ചിട്ടും റൊണാള്‍ഡോയെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ പോലും പോര്‍ചുഗല്‍ കോച്ച് റോബര്‍ട്ടൊ മാര്‍ടിനേസ് ധൈര്യം കാണിക്കാതിരുന്നത് വലിയ വിമര്‍ശനമാണ് നേരിടുന്നത്.  ആറാം മിനിറ്റില്‍ തന്നെ കോംഗോക്കെതിരെ ജോ നെവെസിലൂടെ പോര്‍ചുഗല്‍ മുന്നിലെത്തിയിരുന്നു. പിന്നീട് കളിയില്‍ മേധാവിത്തം പുലര്‍ത്തിയെങ്കിലും ഗോളിലേക്ക് പോര്‍ചുഗലിന് വഴി കണ്ടെത്താനായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ യോവാന്‍ വിസയിലൂടെ കോംഗൊ  ഗോള്‍ മടക്കുകയും സമനില നേടുകയും ചെയ്തു. കോംഗൊ രണ്ടാം തവണയാണ് ലോകകപ്പ് കളിക്കുന്നത്. സയര്‍ എന്ന പേരില്‍ 1974ല്‍ കളിച്ചപ്പോള്‍ വലിയ പരാജയങ്ങളാണ് അവര്‍ നേരിട്ടത്. മൂന്നു കളികളിലായി 14 ഗോള്‍ വഴങ്ങി. ഇത്തവണ ലോകകപ്പിലെ ആദ്യ പോയന്റ്, അതും കരുത്തരായ പോര്‍ചുഗലിനെതിരെ, സ്വന്തമാക്കാനായതിന്റെ ആഹ്ലാദത്തിലാണ് ആഫ്രിക്കന്‍ രാജ്യം. നന്നായി പ്രതിരോധിക്കുകയും തക്കംപാര്‍ത്ത് പ്രത്യാക്രമണം നടത്തുകയും ചെയ്ത കോംഗോ അര്‍ഹിച്ചതായിരുന്നു ഒരു പോയന്റ്. 

മത്സരത്തിലാകെ ഏഴ് ഷോട്ടുകള്‍ മാത്രമാണ് പോസ്റ്റിലേക്ക് പായിക്കാന്‍ പോര്‍ചുഗലിന് സാധിച്ചത്. ഗോളായ ഒരു ഷോട്ട് മാത്രമാണ് വലക്കു നേരെ പോയത്. റൊണാള്‍ഡോക്ക് ആകെ കിട്ടിയത് രണ്ടവസരങ്ങള്‍, രണ്ടാം പകുതിയില്‍ തുരുതുരെ കിട്ടിയ രണ്ടവസരങ്ങളും പാഴായി. 
മെസ്സി ഹാട്രിക്കോടെ ആറാം ലോകകപ്പ് തുടങ്ങിയതോടെ അതിനെ വെല്ലുന്ന പ്രകടനം കാഴ്ചവെക്കാന്‍ റൊണാള്‍ഡൊ വെമ്പുന്നുണ്ടാവുമെന്നാണ് മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി മത്സരത്തിന് മുമ്പ് പ്രവചിച്ചത്. എന്നാല്‍ കോംഗോയുടെ അഞ്ചംഗ പ്രതിരോധ നിര എണ്ണയിട്ട യന്ത്രം പോലെ ഏകോപിച്ച് പ്രവര്‍ത്തിച്ചു. പോര്‍ചുഗലിന്റെ എല്ലാ നീക്കങ്ങള്‍ക്കും പഴുതടച്ചു. മത്സരത്തിലെ ഹീറോ ആയത് കോംഗോയുടെ സമനില ഗോളടിച്ച ന്യൂകാസില്‍ താരം വിസയാണ്. മത്സരത്തില്‍ റൊണാള്‍ഡോക്ക് കിട്ടിയ രണ്ടവസരങ്ങളും സഹ കളിക്കാര്‍ പ്രതീക്ഷയോടെ നല്‍കിയതാണ്. ഫ്രാന്‍സിസ്‌കൊ ട്രിങ്കാവോയാണ് രണ്ടു തവണയും നൃത്തച്ചുവടുകളോടെ മുന്നേറി എതിര്‍ ഗോള്‍മുഖത്തെത്തിയത്. ആദ്യ തവണ ബ്രൂണൊ ഫെര്‍ണാണ്ടസിന് പാസ് ചെയ്തിരുന്നെങ്കില്‍ ഗോളായേനേ. രണ്ടാമത്തേത് സ്വയം ഷോട്ടെടുക്കാമായിരുന്നു. എന്നാല്‍ റൊണാള്‍ഡോയെയും മെസ്സിയെയും പോലുള്ള കളിക്കാര്‍ കളത്തിലുണ്ടാവുമ്പോള്‍ സ്വാഭാവികമായും അവരിലേക്ക് പന്തെത്തിക്കാനാണ് സഹതാരങ്ങള്‍ ശ്രമിക്കുക. റൊണാള്‍ഡൊ അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ ട്രിങ്കാവൊ നിരാശ മറച്ചുവെച്ചില്ല. 
കോംഗോക്കെതിരെ വിറ്റിഞ്ഞയും ജോ നെവെസുമുള്‍പ്പെട്ട പോര്‍ചുഗലിന്റെ മധ്യനിര കളം നിറഞ്ഞുകളിച്ചു. 75 ശതമാനമായിരുന്നു പൊസഷന്‍. ആദ്യ കുടിവെള്ള ഇടവേള വരെ നെവെസ് നല്‍കിയ 31 പാസുകളും ലക്ഷ്യം കണ്ടു. വിറ്റിഞ്ഞയുടെ 53 പാസുകളില്‍ ഒരെണ്ണമേ പിഴച്ചുള്ളൂ. പക്ഷെ ഫൈനല്‍ തേഡില്‍ അതിന്റെ ഗുണം കണ്ടില്ല. ആകെ 25 തവണയാണ് റൊണാള്‍ഡൊ പന്ത് തൊട്ടത്. അതില്‍ അഞ്ചെണ്ണം മാത്രമാണ് എതിര്‍ ബോക്‌സില്‍ പന്ത് കിട്ടിയത്. ഫൈനല്‍ തേഡിലേക്ക് ഒരു തവണ മാത്രമേ പാസ് ചെയ്യാന്‍ റൊണാള്‍ഡോക്ക് സാധിച്ചുള്ളൂ. പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോഴും ലക്ഷ്യം തെറ്റി. കോംഗോയുടെ പ്രതിരോധ നിര എത്ര സമര്‍ഥമായാണ് റൊണാള്‍ഡോയെ തളച്ചതെന്ന് വ്യക്തം. 
റൊണാള്‍ഡോക്ക് 41 വയസ്സായി. ലോകകപ്പ് കളിക്കുന്ന പ്രായമേറിയ ഔട്ഫീല്‍ഡ് കളിക്കാരനാണ്. സ്‌കോടിഷ് ഗോളി ക്രയ്ഗ് ഗോര്‍ഡന്‍ മാത്രമാണ് പ്രായത്തില്‍ മുന്നില്‍. 

ഖത്തര്‍ ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങളില്‍ റൊണാള്‍ഡോയെ അന്നത്തെ പോര്‍ചുഗല്‍ കോച്ച് ഫെര്‍ണാണ്ടൊ സാന്റോസ് ബെഞ്ചിലിരുത്തിയിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ 65ാം മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുകയും ചെയ്തു. സ്വിറ്റ്‌സര്‍ലന്റിനെതിരായ പ്രി ക്വാര്‍ട്ടറില്‍ റൊണാള്‍ഡോക്കു പകരമിറങ്ങിയ ഗോണ്‍സാലൊ റാമോസ് ഹാട്രിക് നേടി. പോര്‍ചുഗല്‍ 6-1 ന് ജയിച്ചു. മൊറോക്കോക്കെതിരായ ക്വാര്‍ട്ടറില്‍ റൊണാള്‍ഡൊ 51ാം മിനിറ്റില്‍ പകരക്കാരനായി വന്നെങ്കിലും ടീം 0-1 ന് തോറ്റ് പുറത്തായി. സാന്റോസ് കാണിച്ച ധൈര്യം മാര്‍ടിനേസ് കാണിക്കുമോയെന്നാണ് പോര്‍ചുഗല്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.