സ്‌റ്റേഷനിൽ പൊലീസുകാർ ഉറങ്ങണ്ട: കർശന നിർദേശവുമായി ഐ.ജി; സേനയ്ക്കുള്ളിൽ അതൃപ്തി

IG Putta Vimaladitya bans police officers from sleeping in stations, sparking resentment among the force.

സ്‌റ്റേഷനിൽ പൊലീസുകാർ ഉറങ്ങണ്ട: കർശന നിർദേശവുമായി ഐ.ജി; സേനയ്ക്കുള്ളിൽ അതൃപ്തി

കോഴിക്കോട്: പോലീസ് സ്റ്റേഷനുകളിൽ കിടന്നുറങ്ങുന്നതിന് ഉദ്യോഗസ്ഥർക്ക് വിലക്ക്. സ്റ്റേഷനിലെ വിശ്രമമുറി നേരിട്ട് സന്ദർശിച്ച ശേഷമാണ് ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ കർശന നിർദേശം നൽകിയത്. ഉത്തരമേഖലാ ഐ.ജിയായി ചുമതലയേറ്റ ശേഷം കോഴിക്കോട് സിറ്റിയിലെ നടക്കാവ് സ്റ്റേഷനിൽ നടത്തിയ സന്ദർശനത്തിനിടെയായിരുന്നു ഈ പരിശോധന.

സ്റ്റേഷന്റെ മുകൾ നിലയിലുള്ള പുരുഷ പോലീസ് ഉദ്യോഗസ്ഥരുടെ ഇൻവെസ്റ്റിഗേഷൻ മുറിയോട് ചേർന്ന വിശ്രമമുറിയിൽ മൂന്ന് കട്ടിലുകളാണ് ഉണ്ടായിരുന്നത്. മുറിയിൽ യൂണിഫോമും മറ്റ് വസ്ത്രങ്ങളും അലക്ഷ്യമായി തൂക്കിയിട്ടതും കട്ടിലുകളും കണ്ടതോടെ, "സ്റ്റേഷനുകൾ ഉറങ്ങാനുള്ളതല്ലെന്നും ഇത് അനുവദിക്കില്ലെന്നും" ഐ.ജി വ്യക്തമാക്കുകയായിരുന്നു. അവിടെയുള്ള കട്ടിലുകൾ ഉടൻ മാറ്റാനും നിർദേശിച്ചു.

ഇതിനുപുറമേ, ഇൻവെസ്റ്റിഗേഷൻ മുറിയിൽ പോലീസ് ഉദ്യോഗസ്ഥർ കേസ് രേഖകളും മറ്റും സൂക്ഷിക്കുന്ന പെട്ടികളും മാറ്റാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇവ മാറ്റാൻ മറ്റ് സൗകര്യങ്ങളില്ലെന്ന് പോലീസുകാർ അറിയിച്ചതോടെ, ഇൻവെസ്റ്റിഗേഷൻ മുറിയും വിശ്രമമുറിയും തമ്മിൽ വേർതിരിക്കാൻ അദ്ദേഹം നിർദേശിച്ചു. അത്യാവശ്യത്തിന് ഒരു കട്ടിൽ മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

അസംതൃപ്തിയുമായി പോലീസുകാർ

ഐ.ജിയുടെ ഈ വാക്കാലുള്ള നിർദേശത്തിനെതിരെ സേനാംഗങ്ങൾക്കിടയിൽ അതൃപ്തി ശക്തമാണ്. പാറാവ്, പട്രോളിങ് തുടങ്ങിയ ഡ്യൂട്ടികളിൽ ഉറക്കമൊഴിച്ച് ജോലി ചെയ്യുന്നവർക്ക് വിശ്രമം അനിവാര്യമാണെന്നും, അതിനാണ് സ്റ്റേഷനുകളിലെ വിശ്രമമുറികൾ ഉപയോഗിക്കുന്നതെന്നും പോലീസുകാർ പറയുന്നു. എന്നാൽ, പകൽ ഡ്യൂട്ടിയിലുള്ളവർ പോലും വിശ്രമമുറിയിൽ കിടന്നുറങ്ങുന്നു എന്ന പരാതികളെത്തുടർന്നാണ് ഈ നടപടിയെന്നാണ് സൂചന.

മൂന്ന് വർഷം മുമ്പ് എറണാകുളം റേഞ്ച് ഡി.ഐ.ജി ആയിരിക്കുമ്പോഴും പുട്ട വിമലാദിത്യ സമാനമായ നിർദേശം നൽകിയത് വിവാദമായിരുന്നു. അന്ന് പോലീസുകാർ യൂണിഫോമും തൊപ്പിയും ഷൂസും സ്റ്റേഷനിൽ സൂക്ഷിക്കുന്നത് വിലക്കുകയും വിശ്രമമുറികൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.