മയാമിയിലെ കണ്ണീരും കാബോ വെർദെയുടെ സിംഹവീര്യവും

A heartbreaking end to a heroic journey: Fearless Cabo Verde exits the World Cup after a 3-2 extra-time thriller against reigning champions Argentina, leaving behind a legacy that global football will never forget

മയാമിയിലെ കണ്ണീരും കാബോ വെർദെയുടെ സിംഹവീര്യവും
മയാമിയിലെ കണ്ണീരും കാബോ വെർദെയുടെ സിംഹവീര്യവും

എന്തൊരു രസമുള്ള, ത്രസിപ്പിക്കുന്ന ജയ തുല്യമായ തോൽവിയാണ് കബോ വെർദെ !..... നിങ്ങളുടേത്!

By അൻസിൽ. എൻ.എ

​തോൽക്കുകയാണെങ്കിൽ ഇങ്ങനെയൊരു തോൽവി ഇനിയൊരു ജന്മത്തിലും ഒരു ടീമിനും സമ്മാനിക്കാൻ കഴിയില്ല ഒരു പക്ഷേ !. ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകം ശനിയാഴ്ച പുലർച്ചെ മയാമിയിൽ തിരുത്തിയെഴുതപ്പെടുകയായിരുന്നു. അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ പത്ത് കുഞ്ഞു ദ്വീപുകളിൽ നിന്ന്, കേവലം ആറ് ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു കുഞ്ഞൻ രാജ്യം—കാബോ വെർദെ (Cabo Verde). അവർക്കെതിരെ സർവ സജ്ജമായ പടക്കോപ്പുമായി ഇറങ്ങുന്നത് നിലവിലെ ലോക ചാമ്പ്യന്മാരായ, മെസ്സിയും സംഘവുമടങ്ങുന്ന അർജന്റീനൻ വൻമരങ്ങൾ. ഡേവിഡും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമെന്ന് ലോകം അതിനെ നിസ്സാരവൽക്കരിച്ചു. എന്നാൽ 120 മിനിറ്റുകൾക്ക് ശേഷം കളി അവസാനിച്ചപ്പോൾ, ജയിച്ച അർജന്റീനൻ ക്യാമ്പിൽ ആശ്വാസത്തിന്റെ നെടുവീർപ്പുകളും, തോറ്റ കാബോ വെർദെയുടെ ക്യാമ്പിൽ നെഞ്ചുപൊട്ടിയുള്ള കണ്ണീരുമായിരുന്നു. പക്ഷേ, ലോകം മുഴുവനുള്ള ഫുട്ബോൾ പ്രേമികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചത് ആ തോറ്റ മനുഷ്യർക്കായിരുന്നു!

ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനിനെയും ഉറുഗ്വേയെയും സമനിലയിൽ തളച്ചപ്പോൾ അതൊരു ഭാഗ്യമാണെന്ന് പറഞ്ഞവരുടെ വായടപ്പിക്കുന്നതായിരുന്നു ഇന്ന് കണ്ട നീല സ്രാവുകളുടെ പോരാട്ടം. 29-ാം മിനിറ്റിൽ സാക്ഷാൽ ലയണൽ മെസ്സിയിലൂടെ അർജന്റീന ലീഡെടുത്തപ്പോൾ എല്ലാവരും കരുതി കളി തീർന്നു എന്ന്. എന്നാൽ 'തോറ്റുകൊടുക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് 59-ാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയിലൂടെ അവർ മറുപടി ഗോൾ അടിച്ചപ്പോൾ മയാമി സ്റ്റേഡിയം നിശബ്ദമായി. 90 മിനിറ്റും കഴിഞ്ഞ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ 92-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസിലൂടെ അർജന്റീന വീണ്ടും മുന്നിലെത്തി. എന്നിട്ടും ആ കുഞ്ഞൻ രാജ്യം തളർന്നില്ല. 103-ാം മിനിറ്റിൽ സിഡ്നി ലോപ്പസ് കബ്രാൾ തൊടുത്ത ആ ബുള്ളറ്റ് ഷോട്ട് എമി മാർട്ടിനസിനെയും മറികടന്ന് വലയിൽ കയറിയപ്പോൾ അർജന്റീനൻ ആരാധകരുടെ നെഞ്ചിൽ തീയായിരുന്നു. ആ ഗോൾ അവിശ്വസനീയമായ ഒരു ആംഗിളിൽ നിന്ന്, തോക്കിൽ നിന്ന് തെറിച്ച ബുള്ളറ്റ് പോലെ തോന്നി !

​വോസിഞ്ഞ;നിങ്ങൾ വെറുമൊരു മനുഷ്യനല്ല,ഒരുകോട്ടയാണ്!

​ഈ മത്സരത്തെ വരുംതലമുറകൾ ഓർമ്മിക്കുക 40 വയസ്സുകാരനായ അവരുടെ ഗോൾകീപ്പർ വോസിഞ്ഞയുടെ  പേരിനൊപ്പമായിരിക്കും. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട്, മെസ്സിയുടെയും സംഘത്തിന്റെയും എട്ട് തീയുണ്ടകളപോലെയുള്ള ഷോട്ടുകളാണ് ആ മനുഷ്യൻ പറന്നുയർന്ന് തടുത്തത്. പോസ്റ്റിന് മുന്നിൽ അദ്ദേഹം കാവൽ നിന്നത് വെറുമൊരു വലയ്ക്കല്ല, തന്റെ രാജ്യത്തിന്റെ അന്തസ്സിനും കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ സ്വപ്നങ്ങൾക്കുമായിരുന്നു.

വിധിയുടെ ക്രൂരത; ഒരു സെൽഫ് ഗോളിന്റെ കണ്ണീർ

​പക്ഷേ, കളി 111-ാം മിനിറ്റിൽ എത്തിനിൽക്കെ ഫുട്ബോൾ ദൈവം കാബോ വെർദെയ്ക്ക് നേരെ ക്രൂരമായി മുഖം തിരിച്ചു. ക്രിസ്റ്റ്യൻ റൊമേറോയുടെ ഹെഡർ കാബോ വെർദെ ഡിഫെൻഡർ ഡിനെയുടെ ശരീരത്തിൽ തട്ടി നിർഭാഗ്യവശാൽ സ്വന്തം വലയിലേക്ക് തന്നെ കയറിയപ്പോൾ വിധി അവരെ തോൽപ്പിച്ചു കളഞ്ഞു. 3-2 എന്ന സ്കോറിന് അർജന്റീന കഷ്ടിച്ച് പ്രീ ക്വാർട്ടറിലേക്ക് രക്ഷപ്പെട്ടപ്പോൾ, കാബോ വെർദെ ടൂർണമെന്റിൽ നിന്നും പുറത്തായി. അതേ സമയം ലോകകപ്പില്‍ ഏറ്റവുമധികം ഗോളെന്ന നേട്ടത്തിലെത്തിയ മെസ്സി, ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഖ്യാതിയിലേക്ക് എത്തിയതിൻ്റെ തിളക്കം മറക്കുന്നുമില്ല. കേപ് വെര്‍ദെക്കെതിരായ മത്സരത്തോടെയാണ് താരം റെക്കോഡ് തൊട്ടത്. ഇതുവരെ കളിച്ചത് 30 ലോകകപ്പ് മത്സരങ്ങളാണ്. 2006 ലോകകപ്പില്‍ സെര്‍ബിയക്കെതിരെയായിരുന്നു ആദ്യമത്സരം. പിന്നീട് എല്ലാ ലോകകപ്പിലും മെസ്സി കളിച്ചു.

​മത്സരശേഷം ഗ്രൗണ്ടിൽ വീണു കരയുന്ന കാബോ വെർദെ താരങ്ങളെ ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീനൻ താരങ്ങൾ വന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന കാഴ്ച ഒന്നുമാത്രം മതിയായിരുന്നു അവർ ഈ മത്സരത്തിൽ എന്ത് നേടിക്കൊണ്ടാണ് മടങ്ങുന്നത് എന്ന് മനസ്സിലാക്കാൻ.

​ഇതൊരു തോൽവിയല്ല. നൂറ് ജയങ്ങളേക്കാൾ തിളക്കമുള്ള, ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതപ്പെടേണ്ട വീരോചിത മടക്കമാണ്. തോൽക്കുകയാണെങ്കിൽ ഇന്ന് പുലർച്ചെ കാബോ വെർദെ തോറ്റതുപോലെ തോൽക്കണം—തലയുയർത്തിപ്പിടിച്ച്, ലോകത്തിന്റെ മുഴുവൻ ആദരവ് ഏറ്റുവാങ്ങിക്കൊണ്ട്!

​"They lost the match, but won the universe." അവസാന വിസിൽ വരെയും അവർ ആഞ്ഞു പൊരുതി, അണുവിട വിട്ടുകൊടുക്കാതെയുള്ള ആ പോരിൽ മെസ്സിയും ചാമ്പ്യൻ ടീമും എല്ലാം അപ്രസക്തമായിപ്പോയി! മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ച 'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമയിൽ ഒരു രംഗമുണ്ട്! ബ്രിട്ടീഷ് പട്ടാളം തന്നെ പരാജയപ്പെടുത്തുമെന്ന് ഏതാണ്ട് ഉറപ്പായപ്പോൾ തൻ്റെ മുന്നിൽ പരിക്കേറ്റ് മരണം കാത്ത് കിടന്ന കൈതേരി അമ്പു എന്ന പടനായകനോട് പഴശ്ശി പറയുന്നു-

''നമ്മളെല്ലാം പോവും. പക്ഷേ നമ്മുടെ വാളുകളുടെ കഥകൾ എന്നും നിലനിൽക്കും! വരുംകാലത്ത് കുട്ടികൾ കൂടി അത് പറയും..

കേപ് വെർദെ അർജൻ്റീനയ്ക്കെതിരെ  കാഴ്ച്ചവെച്ച പ്രകടനം ഒരു മാസ് ത്രില്ലർ സിനിമ പോലെ ആസ്വാദ്യകരമായിരുന്നു. എക്സ്ട്രാ ടൈം അവസാനിക്കാൻ നിമിഷ ങ്ങൾ ബാക്കിയുള്ളപ്പോൾ അർജൻ്റീന 3-2 എന്ന മാർജിനിൽ മുന്നിലായ സമയത്തും കേപ് വെർദെ പടയാളികൾ എതിരാളികളുടെ ഗോൾ മുഖം ആക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു! വെടിയുണ്ട പോലെ ഷോട്ടുകൾ വന്നു! ലോങ്ങ് റേഞ്ചറുകൾ ജന്മം കൊണ്ടു! ഗോൾ കീപ്പറായ മാർട്ടിനെസ് ആണ് അർജൻ്റീനയെ കാത്തുരക്ഷിച്ചത്! ഒരു തരി ജീവൻ ബാക്കിയുണ്ടെങ്കിൽ അതുകൊണ്ട് കളി ജയിക്കും എന്ന മാനസികാവസ്ഥയിലായിരുന്നു കേപ് വെർദെ!! കളി അവസാനിച്ചപ്പോൾ കേപ് താരങ്ങൾ വിതുമ്പി. ഗാലറിയിൽ കുരുന്നുകൾ കണ്ണുനീർ പൊഴിച്ചു. ലോകത്തെ സകല മനുഷ്യർക്കും അവരുടെ കൂടെ കരയാൻ തോന്നി! ഇതിലുമപ്പുറം ആ കുഞ്ഞൻ രാജ്യം തങ്ങളുടെ ജനതയോട് എന്ത് ചെയ്യാനാണ്!!!