ഡൽഹിയിൽ നിന്നും കെട്ടിയിറക്കി KC ; ഒരു കോടി ഇനാ'മിൽ റിപ്പോർട്ടറെ പൂട്ടി കൂൾ മന്ത്രി
ആദ്യകാല പരിഹാസങ്ങളും ആരോപണങ്ങളും മറികടന്ന് തെളിവുകളുടെയും നിയമത്തിന്റെയും ഭാഷയിൽ നിലപാട് വ്യക്തമാക്കിയ ഒ.ജെ. ജനീഷ് ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയനായ യുവമന്ത്രിയായി മാറുന്നു.
യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ 'കെ.സി. വേണുഗോപാലിന്റെ ആൾ' എന്ന് മുദ്രകുത്തി, ഡൽഹിയിൽ നിന്ന് കെട്ടിയിറക്കിയ ആളെന്നും യോഗ്യതയില്ലാത്ത കുത്തിത്തിരുകൽ മന്ത്രിയെന്നും പരിഹസിച്ചവർക്കുള്ള ചുട്ട മറുപടിയാണ് ഇന്ന് തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രത്തിൽ നിന്ന് കേൾക്കുന്നത്. കായിക-യുവജനക്ഷേമ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റ ഒ.ജെ. ജനീഷിനെതിരെ ആദ്യ നാളുകളിൽ സ്വന്തം പാർട്ടിയിൽ നിന്നും എതിരാളികളിൽ നിന്നും കടുത്ത അധിക്ഷേപങ്ങളാണ് ഉയർന്നത്. എന്നാൽ, പരിഹാസ ശരങ്ങളെ തച്ചുടച്ച് ചുരുങ്ങിയ നാളുകൾ കൊണ്ട് കഴിവും പക്വതയും തെളിയിച്ച ഈ യുവനേതാവ് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെ 'കൂൾ മിനിസ്റ്ററാ'യി മാറിയിരിക്കുന്നു. മെസ്സി വിവാദത്തിലും അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിലും മുൻ സർക്കാരിന്റെ കാലത്തെ തട്ടിപ്പുകൾ കൃത്യമായ തെളിവുകളും അന്വേഷണ റിപ്പോർട്ടും നിരത്തി അദ്ദേഹം തുറന്നുകാട്ടിയപ്പോൾ അടിയേറ്റത് വലിയ അഴിമതിക്കാർക്കാണ്. വാർത്താസമ്മേളനങ്ങളിൽ ചോദ്യശരങ്ങളുമായി വന്നവർക്ക് മുന്നിൽ പ്രകോപിതനാകാതെ, വസ്തുതകൾ മാത്രം മുൻനിർത്തി സംസാരിച്ച ജനീഷ്, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തെളിയിച്ചാൽ 'ഒരു കോടി രൂപ ഇനാം' നൽകുമെന്ന് വെല്ലുവിളിച്ച റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ വായടപ്പിച്ചത് തികഞ്ഞ പക്വതയോടെയാണ്; ഇത് റിയാലിറ്റി ഷോയല്ല, രാജ്യത്തെ നിയമസംവിധാനമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന അദ്ദേഹത്തിന്റെ ഒറ്റ മറുപടിയിൽ ആ വെല്ലുവിളിയുടെ കാറ്റഴിയുകയായിരുന്നു.
സ്വന്തം പേഴ്സണൽ സ്റ്റാഫ് അംഗം ട്രാഫിക് നിയമം തെറ്റിച്ചപ്പോൾ പോലും രാഷ്ട്രീയ ന്യായീകരണങ്ങൾക്ക് നിൽക്കാതെ, "തെറ്റ് ചെയ്താൽ ഫൈൻ അടയ്ക്കണം, എന്റെ സ്റ്റാഫിന് പ്രത്യേകം ഭരണഘടനാ ഇളവുകളൊന്നുമില്ല" എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ചങ്കൂറ്റത്തോടെ പറഞ്ഞപ്പോഴാണ് ഈ ഭരണാധികാരിയിലെ വേറിട്ട മുഖം നാട് കണ്ടത്. വിവാദങ്ങളിൽ അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കി, വാഹനാപകടങ്ങളിലും നിയമലംഘനങ്ങളിലും ഉരുണ്ടുകളിക്കാതെ നിലപാടിൽ ഉറച്ചുനിന്ന ആ ശൈലി വിഷയം ആളിക്കത്തിക്കാൻ വന്ന മാധ്യമങ്ങളെപ്പോലും അമ്പരപ്പിച്ചു കളഞ്ഞു. ചെറുപ്പത്തിൽ അച്ഛൻ ജനരഞ്ജനന്റെ വേർപിരിയലോടെ അമ്മ പുഷ്പയുടെ തൊഴിലുറപ്പ് ജോലിയെ ആശ്രയിക്കേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഷ്ടപ്പാടുകളിൽ നിന്നാണ് ഈ നേതാവിന്റെ വളർച്ച തുടങ്ങുന്നത്. പഠനച്ചെലവുകൾക്കായി പുസ്തകശാലയിലെ സായാഹ്ന സെയിൽസ്മാനായും ഇന്റർനെറ്റ് കഫേ സഹായിയായും സുരക്ഷാ ജീവനക്കാരനായും സൈക്കിൾ കടയിലെ തൊഴിലാളിയായും പാർട്ട് ടൈം ജോലി ചെയ്ത് ജീവിതത്തോട് പൊരുതിയ ചരിത്രമാണ് ജനീഷിനുള്ളത്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി, ലോ കോളേജ് പഠനത്തിന് ശേഷം അഭിഭാഷകനായി, പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവി വരെ കഠിനാധ്വാനം കൊണ്ട് അദ്ദേഹം എത്തിപ്പിടിക്കുകയായിരുന്നു.
കെ കരുണാകരന്റെ തട്ടകത്തിൽ നിന്ന് രാഷ്ട്രീയ പോരാട്ടം നയിച്ച്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂരിൽ നിന്ന് മത്സരിച്ച് നിയമസഭയിലെത്തുകയും പിന്നീട് അടിയന്തര സന്ദേശത്തിലൂടെ മന്ത്രിസഭയിലേക്ക് വിളിക്കപ്പെടുകയും ചെയ്ത ജനീഷ്, ഇന്ന് തൃശൂരിൽ നിന്നുള്ള 24-ാമത്തെ മന്ത്രിയാണ്. പ്രചാരണ പോസ്റ്ററുകളിൽ നിന്ന് സ്വന്തം ചിത്രം ഒഴിവാക്കി മാതൃക കാണിച്ചതു മുതൽ ഇന്ന് കായിക മേഖലയിലെ അഴിമതികൾ തൂത്തെറിയാൻ കാണിക്കുന്ന ആർജ്ജവം വരെ അദ്ദേഹത്തിന്റെ വ്യത്യസ്തത തെളിയിക്കുന്നു. ഡൽഹി ബന്ധം പറഞ്ഞ് അധിക്ഷേപിച്ച രാഷ്ട്രീയ എതിരാളികൾക്കും മാധ്യമങ്ങൾക്കും മുന്നിൽ ഇന്ന് അനായാസമായ പുഞ്ചിരിയോടെ, എന്നാൽ നിയമത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത മറുപടിയുമായി നിലയുറപ്പിക്കുന്ന ഒ.ജെ. ജനീഷ് എന്ന മന്ത്രി, കേരള രാഷ്ട്രീയത്തിലെ തടുക്കാനാവാത്ത മിടുക്കനായ യുവമുഖമായി അതിവേഗം മാറിപ്പോയിരിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)