മെസേജിങ് ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്രം; വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകൾക്കും ഒരേ നിയമം.
വാട്‌സ്ആപ്പിന്റെ 'യൂസർനെയിം' ഫീച്ചറിനെ ചൊല്ലിയ വിവാദത്തിന് പിന്നാലെ നടപടി; സൈബർ തട്ടിപ്പുകളും വ്യാജ അക്കൗണ്ടുകളും തടയാൻ പുതിയ നിയന്ത്രണങ്ങൾ ആലോചനയിൽ.
ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്കും ഒരേ തരത്തിലുള്ള സുരക്ഷാ-നിയന്ത്രണ ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചന ശക്തമാക്കി. വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന യൂസർനെയിം അധിഷ്ഠിത ചാറ്റിംഗ് സംവിധാനം സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം (MeitY) ഏകീകൃത നിയന്ത്രണ ചട്ടങ്ങൾ രൂപപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചത്.
പുതിയ സംവിധാനപ്രകാരം വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ ഉൾപ്പെടെയുള്ള എല്ലാ മെസേജിങ് ആപ്പുകൾക്കും ഒരേ സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒരു പ്ലാറ്റ്‌ഫോമിന് മാത്രം നിയന്ത്രണം ഏർപ്പെടുത്തി മറ്റുള്ളവയ്ക്ക് ഇളവ് നൽകുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് കേന്ദ്രം.
വാട്‌സ്ആപ്പ് ഫോൺ നമ്പർ വെളിപ്പെടുത്താതെ യൂസർനെയിം ഉപയോഗിച്ച് ആശയവിനിമയം നടത്താൻ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ ഇത് തട്ടിപ്പുകാർക്കും വ്യാജ അക്കൗണ്ടുകൾക്കും കൂടുതൽ അവസരം സൃഷ്ടിക്കുമെന്നും, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ഫിഷിങ്, ആൾമാറാട്ടം തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ നിയമപാലന ഏജൻസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. ഇതേ തുടർന്ന് ഫീച്ചർ തൽക്കാലം നടപ്പാക്കരുതെന്ന് വാട്‌സ്ആപ്പിനോട് നിർദേശിച്ചിരുന്നു.
ഇനി എല്ലാ മെസേജിങ് സേവനങ്ങൾക്കും ബാധകമായ നിയമപരമായ ചട്ടക്കൂട് രൂപപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് വിവിധ കമ്പനികളുമായി ചർച്ച നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സൈബർ തട്ടിപ്പുകൾ, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ എന്നിവ നിയന്ത്രിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു.