മൂന്ന് പതിറ്റാണ്ട് മുൻപ് അടച്ച വഴി തുറന്ന് രാഹുൽ ഗാന്ധി; ഇനി ഇത് ഭാരത് ജോഡോ റോഡ്
ഭാരത് ജോഡോ യാത്രക്കിടെ മൂന്ന് പതിറ്റാണ്ട് മുൻപ് അടച്ച റോഡ് തുറന്ന് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലെ ബദനവലുവിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് 1993ൽ അടച്ച റോഡ് ആണ് രാഹുൽ ഗാന്ധി തുറന്നത്. ഇനി "ഭാരത് ജോഡോ റോഡ്' എന്ന പേരിൽ ഈ വഴി അറിയപ്പെടും.
ശനിയാഴ്ച രാവിലെയാണ് ഭാരത് ജോഡോ യാത്ര ബദനവലുവില് പ്രവേശിച്ചത്. ഇവിടെ 1927ല്‍ മഹാത്മാ ഗാന്ധി സ്ഥാപിച്ച ഖാദി ഗ്രാമോദ്യോഗ കേന്ദ്രവും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
ഇവിടെ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ച രാഹുൽ, കൈത്തറി, നൂൽ ചക്രങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം പരിശോധിക്കുകയും ഖാദി നിർമാണ പ്രക്രിയയെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. കേന്ദ്രത്തിലെ പ്രവർത്തകരുമായി സംവദിച്ചു. അവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അവരുടെ പരാതികളും രാഹുൽഗാന്ധി കേട്ടു.
അതിനു ശേഷമാണ് വർഷങ്ങൾക്ക് മുൻപ് സംഘർഷത്തെ തുടർന്ന് അടച്ച വഴി പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്.