യു പി ലുലുമാള്‍; സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇടിവ്, വെട്ടിലായി യൂസഫലി

യു പി ലുലുമാള്‍; സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇടിവ്, വെട്ടിലായി  യൂസഫലി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പുതുതായി തുറന്ന ലുലുമാളില്‍ നിസ്‌കാരം നടത്തിയെന്ന പ്രചാരണത്തെ തുടര്‍ന്ന് വെട്ടിലായി എംഎ യൂസഫലി. ഹിന്ദു സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനത്തിന് പിന്നാലെ രണ്ട് ദിവസമായി മാളുകള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുണ്ടായി. ലുലുമാള്‍ പൂട്ടിക്കുന്നത്‌വരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഹിന്ദു സംഘടനകള്‍ അറിയിച്ചു. ആദ്യദിനം ഒരു ലക്ഷം ആളുകള്‍ സന്ദര്‍ശനം നടത്തിയെന്നും ഇത റെക്കോര്‍ഡ് ആണെന്നും ലുലുഗ്രൂപ്പ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ മാളാണ് ലഖ്‌നൗവില്‍ തുറന്ന യൂസഫ് അലിയുടെ ലുലുമാള്‍.  കഴിഞ്ഞ ദിവസം മാളിനുള്ളില്‍ ചിലര്‍ നമസ്‌കാരം നടത്തുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ വിവാദങ്ങളും ആരംഭിച്ചു.  വിഡിയോ വൈറലായതോടെ ഒരു മാളില്‍ എങ്ങനെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന ചോദ്യങ്ങളാണ് ഹിന്ദു സംഘടനകള്‍ ഉന്നയിക്കുന്നത്. നേരത്തെയും ലുലു മാള്‍ ഇത്തരം വിവാദങ്ങളില്‍ പെട്ടിട്ടുണ്ടെന്ന് ഹിന്ദു മഹാസഭ ആരോപിക്കുന്നു. മുസ്ലിം പള്ളിയായി ഉപയോഗിക്കുന്ന എല്ലാ മാളുകളിലും നടപടിയെടുക്കണം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപടിയെടുക്കണം. മാത്രമല്ല എല്ലാ ഹിന്ദുക്കളും മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു