ഉപരാഷ്ട്രപതി സ്ഥാനം കിട്ടാത്തത് കലിപ്പിന് കാരണമായി; പ്രതികരിച്ച് നിതീഷ് കുമാര്‍
പട്‌ന: ഉപരാഷ്ട്രപതി സ്ഥാനം ലഭിക്കാത്തതാണ് മുന്നണി വിടാന്‍ കാരണമെന്ന ബിജെപി ആരോപണങ്ങളോട് പ്രതികരിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആരോപണങ്ങള്‍ വെറും 'തമാശ'യെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. നിതീഷിന്റെ അനുയായികള്‍ അദ്ദേഹത്തെ ഉപരാഷ്ട്രപതി പദവിയിലേക്കു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നുവെന്ന് ബിജെപി എംപിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി വെളിപ്പെടുത്തിയിരുന്നു. അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളെയാണ് തങ്ങള്‍ പിന്തുണച്ചതെന്നും തനിക്കു ഉപരാഷ്ട്രപതിയാകാന്‍ ആഗ്രഹമുണ്ടെന്ന ബിജെപിയുടെ വാദം തമാശയായി തോന്നുന്നുവെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. മോദിയുടെ വാദത്തെ ജെഡിയു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ ലലന്‍ സിങ്ങും തള്ളിക്കളഞ്ഞിരുന്നു. നിതീഷ് കുമാര്‍ ഡല്‍ഹിക്കു പോകുകയാണെങ്കില്‍ തനിക്ക് മുഖ്യമന്ത്രിയാകാം എന്നു ചൂണ്ടിക്കാട്ടി ചില ജെഡിയു നേതാക്കള്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് ബുധനാഴ്ചയാണ് സുശീല്‍ കുമാര്‍ മോദി പറഞ്ഞത്.