വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം
Man Dies in Pathanamthitta After Head Gets Trapped in Elevator
പത്തനംതിട്ട∙ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലി മുക്കിൽ അടയ്ക്ക മാവുങ്കൽ മാത്തുകുട്ടിയാണ് (75) മരിച്ചത്. വീടിന്റെ ഗേറ്റിനോട് ചേർന്ന് കാർ പാർക്കിങ് ഷെഡിന് അടുത്താണ് ലിഫ്റ്റ്. കാർ പാർക്ക് ചെയ്തശേഷമാണ് മാത്തുകുട്ടി ലിഫ്റ്റിലേക്ക് കയറിയത്. വലിയ ശബ്ദം കേട്ട് മാത്തുക്കുട്ടിയുടെ ഭാര്യ പുറത്തേക്കു വന്നപ്പോൾ തല ലിഫ്റ്റിൽ കുടുങ്ങിയ നിലയിലായിരുന്നു.
വെട്ടുകത്തി ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തിയപ്പോൾ ലിഫ്റ്റിനുള്ളിലെ ഇരുമ്പ് പൈപ്പില്‍ തല കുടുങ്ങിയ നിലയിലായിരുന്നു. കറന്റ് പോയി ലിഫ്റ്റ് നിന്നപ്പോൾ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോർട്ട്. അദ്ദേഹം ഭിന്നശേഷിക്കാരനാണ്. വീട് ഉയരത്തിലാണ്. മാതാപിതാക്കൾക്ക് പടികൾ കയറാൻ ബുദ്ധിമുട്ടുള്ളതിനാലാണ് 2 വർഷം മുൻപ് മക്കൾ ലിഫ്റ്റ് നിർമിച്ചത്. ആറൻമുള പൊലീസ് സ്ഥലത്തെത്തി. കെഎസ്ആർടിസിയിൽനിന്ന് വിരമിച്ചയാളാണ് മാത്തുക്കുട്ടി. മക്കൾ വിദേശത്താണ്.