ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു; മമ്മൂട്ടിക്ക് നാലാം ദേശീയ പുരസ്കാരം
ഏകതാ നഗറിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്തു; മലയാളത്തിന് ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായി ആറ് പുരസ്കാരങ്ങൾ
ഗുജറാത്ത്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഏകതാ നഗറിൽ (കേവാഡിയ) നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് കന്നഡ നടൻ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരവും രാഷ്ട്രപതി സമ്മാനിച്ചു. ഗവർണർ ആചാര്യ ദേവ്‌രഥ്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും ഏറ്റുവാങ്ങി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിക്ക് നാലാം ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. ‘ചന്തു ചാംപ്യൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാർത്തിക് ആര്യന് പുരസ്കാരം.
മലയാളത്തിന് ഇത്തവണ ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായി ആറ് പുരസ്കാരങ്ങളാണ് ലഭിച്ചത്. ‘ഭ്രമയുഗം’ ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ഷഹ്നാദ് ജലാൽ പുരസ്കാരം നേടി. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണിൽ’ എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി.
മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ഫെമിനിച്ചി ഫാത്തിമ’യുടെ അണിയറപ്രവർത്തകരും പുരസ്കാരം ഏറ്റുവാങ്ങി. നോൺ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ ‘ഭദ്രകാളി നാടകം’ സംവിധായകൻ ആനന്ദ് ജ്യോതിയും മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘ടച്ച്ഡ് ആസ് വാട്ടർ’ ഒരുക്കിയ ജോഷി ബെനഡിക്ടും രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)