ക്ലിഫ് ഹൗസിലും ഇനി പച്ചക്കറിത്തോട്ടം; കൃഷി കേരളം പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ
ഒരേക്കർ സ്ഥലത്ത് കാബേജ്, കോളിഫ്ലവർ ഉൾപ്പെടെയുള്ള പച്ചക്കറികൾ; ഒന്നര മാസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ്; മന്ത്രിമാരുടെ വസതികളിലും കൃഷിയൊരുക്കും.
തിരുവനന്തപുരം: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി കൃഷിവകുപ്പ് നടപ്പാക്കുന്ന കൃഷി കേരളം പദ്ധതിയുടെ ഭാഗമായി ക്ലിഫ് ഹൗസ് പരിസരത്ത് പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, തിരുവനന്തപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ എന്നിവർക്കൊപ്പം ചേർന്ന് മുഖ്യമന്ത്രി കാബേജ്, കോളിഫ്ലവർ തൈകൾ നട്ടു.

ക്ലിഫ് ഹൗസിലെ ഒരേക്കർ സ്ഥലത്താണ് പച്ചക്കറിത്തോട്ടം ഒരുക്കുന്നത്. ശീതകാല പച്ചക്കറികൾക്കൊപ്പം വിവിധയിനം കിഴങ്ങുവർഗങ്ങൾ, ചീര, വാഴ എന്നിവയും കൃഷി ചെയ്യും. ഒന്നര മാസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്. കൃഷിഭവൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ക്ലിഫ് ഹൗസ് ജീവനക്കാർക്കായിരിക്കും കൃഷിയുടെ പരിപാലന ചുമതല.
കൃഷി കേരളം പദ്ധതിയുടെ ഭാഗമായി മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും പച്ചക്കറി കൃഷി ആരംഭിക്കും. എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും പദ്ധതിയുടെ ഭാഗമാക്കും.
വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി, പൊതുവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി 'കതിർ' പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കുട്ടികളിൽ കാർഷിക അവബോധം വളർത്തുകയും കൃഷിയോട് താൽപര്യം സൃഷ്ടിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)