₹2,700ന്റെ മരുന്നിന് ₹27,000! ‘ഇത് പകൽക്കൊള്ള’; മരുന്ന് വിലയിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
കാൻസർ മരുന്നിന്റെ വിലയിലെ പത്തിരട്ടി വ്യത്യാസം ചോദ്യം ചെയ്ത് കോടതി; രോഗികൾ വീടും ആഭരണങ്ങളും വിൽക്കുന്ന സാഹചര്യമെന്ന് നിരീക്ഷണം
ന്യൂഡൽഹി: കാൻസർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ അമിതവിലയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. റീട്ടെയിലർക്ക് ₹2,700ന് ലഭിക്കുന്ന മരുന്നിന് ₹27,000 വരെ വില ഈടാക്കുന്നതിനെ ചോദ്യം ചെയ്ത കോടതി, വിലയിലെ പത്തിരട്ടി വ്യത്യാസം എങ്ങനെ അനുവദിക്കാനാകുമെന്ന് ചോദിച്ചു.
ചികിത്സാ ചെലവ് താങ്ങാനാകാതെ രോഗികൾ വീടുകളും ആഭരണങ്ങളും വിൽക്കുന്ന സാഹചര്യമുണ്ടാകുന്നതായും കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ മരുന്നുകൾക്ക് അമിത വില ഈടാക്കുന്നത് രോഗികളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു ബെഞ്ചിന്റെ രൂക്ഷമായ പരാമർശം.
മരുന്നുകളുടെ വില നിയന്ത്രിക്കാൻ ഉത്തരവാദപ്പെട്ട സംവിധാനങ്ങൾ ഇക്കാര്യത്തിൽ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. ഉയർന്ന വിലയ്ക്ക് മരുന്നുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക ബാധ്യത സർക്കാർ ആരോഗ്യപദ്ധതികളിലൂടെയും ഒടുവിൽ നികുതിദായകരിലേക്കെത്തുന്ന സാഹചര്യമുണ്ടാകാമെന്നും കോടതി ചൂണ്ടിക്കാട്ടി.
കിഷൻ ചന്ദ് ജെയിൻ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ മരുന്നുകളുടെ വിലനിയന്ത്രണം സംബന്ധിച്ച ഹർജികൾ പരിഗണിക്കവെയാണ് ₹2,700ന് ലഭിക്കുന്ന കാൻസർ മരുന്നിന് ₹27,000 ഈടാക്കുന്നതിലെ വിലവ്യത്യാസത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. വിഷയത്തിൽ വിശദമായ വാദം തുടരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)