തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്; നാണക്കേടിനിടെ ആഭ്യന്തര പരിശോധനക്ക് ബി.ജെ.പി

BJP to conduct an internal probe into alleged election fund irregularities as complaints over campaign spending and fund distribution surface in Kerala

Jul 20, 2026 - 09:43
0
തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്; നാണക്കേടിനിടെ ആഭ്യന്തര പരിശോധനക്ക് ബി.ജെ.പി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്ന ആരോപണങ്ങളെ തുടർന്ന് ബി.ജെ.പി. സംസ്ഥാന നേതൃത്വം വിശദമായ ആഭ്യന്തര പരിശോധനയ്ക്ക് ഒരുങ്ങുന്നു. വിദേശയാത്ര കഴിഞ്ഞ് തിങ്കളാഴ്ച സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയ ശേഷം ലഭിച്ച പരാതികൾ പരിശോധിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടിക്ക് മാനക്കേടുണ്ടാക്കിയ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം ഇതിനകം പ്രാഥമിക വിവരശേഖരണം നടത്തിയതായും സൂചനയുണ്ട്.

ഇക്കാര്യത്തിൽ ചർച്ച നടത്താൻ സംസ്ഥാനസമിതിയോ കോർ കമ്മിറ്റിയോ ചേരുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ചുമതലയിൽ നിന്ന് ചില നേതാക്കളെ മാറ്റുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തതിന് കാരണം ഫണ്ട് തിരിമറിയല്ല, മറിച്ച് മറ്റ് സംഘടനാപരമായ വിഷയങ്ങളാണെന്നാണ് പാർട്ടി വിശദീകരണം.

തിരഞ്ഞെടുപ്പ് ഫണ്ടിന്റെ വിതരണവുമായി ബന്ധപ്പെട്ട് പണം ലഭിച്ചവരും ലഭിക്കാത്തവരും തമ്മിലുള്ള അതൃപ്തിയും അഭിപ്രായഭിന്നതയുമാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നാണ് പാർട്ടിയിലെ ചിലരുടെ വിലയിരുത്തൽ. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നപ്പോൾ കമ്മിഷൻ ഇടപാടുകൾ സ്വാഭാവികമാണെന്ന നിലപാടും ചിലർ ഉയർത്തുന്നുണ്ട്.

കൊടി, ഫ്ലെക്സ് തുടങ്ങിയ പ്രചാരണ സാമഗ്രികളുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കാൾ ഗുരുതരമായ ആരോപണമാണ് 'എ ക്ലാസ്' മണ്ഡലങ്ങളിലെ പ്രചാരണച്ചെലവുമായി ബന്ധപ്പെട്ടത്. വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളെ പോലും വിജയസാധ്യതയുള്ള 'എ ക്ലാസ്' മണ്ഡലങ്ങളായി കണക്കാക്കി അധിക ഫണ്ട് അനുവദിച്ചതായാണ് പരാതി.

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖല ഉൾപ്പെടുന്ന ചില മണ്ഡലങ്ങളിലും സമാന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 31 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരഞ്ഞെടുപ്പിന് പിന്നാലെ ഒരു നേതാവ് അടച്ചുതീർത്തതായും എറണാകുളം ജില്ലയിലെ ചില സ്ഥാനാർഥികൾക്ക് പ്രചാരണച്ചെലവിനുള്ള തുക ലഭിച്ചില്ലെന്നുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

അതേസമയം, സ്ഥാനാർഥികളുടെ അനുയായികൾ സ്വന്തം നിലയിൽ തയ്യാറാക്കി പ്രചരിപ്പിച്ച വീഡിയോ ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ചെലവ്, ഇതുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെ പേരിൽ രേഖപ്പെടുത്തിയതായും പരാതികളിൽ ആരോപണമുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User