നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം: ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ
DMK Leader Udhayanidhi Stalin Taken into Custody Over Controversial Remarks Against Actress Trisha and CM Vijay
ചെന്നൈ: കാവേരി വിഷയത്തിൽ ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ നടി തൃഷയെയും മുഖ്യമന്ത്രി വിജയിയെയും ബന്ധപ്പെടുത്തി അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. നീലാങ്കരയിലുള്ള വീട്ടിലെത്തിയാണ് രാവിലെ പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത പൊലീസിന്റെ വാഹനം ഡിഎംകെ പ്രവർത്തകർ തടഞ്ഞത് സ്ഥലത്ത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിനും ദ്വയാർഥ പ്രയോഗം നടത്തിയതിനും ഉദയനിധിക്കെതിരെ 6 ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു വിവാദ പരാമർശം.
കോടതി ഉത്തരവ് ലംഘിച്ച് അറസ്റ്റ്?
ഉദയനിധിയുടെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയിൽ അടിയന്തര ഹർജി ഫയൽ ചെയ്തിരുന്നു. ഹർജി ഉച്ചയ്ക്ക് പരിഗണിക്കാനിരിക്കെ, അതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് കോടതിയുടെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഈ ഉത്തരവ് വരുന്നതിന് തൊട്ടുമുമ്പ് തന്നെ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിവാദത്തിന് കാരണമായത് പ്രവർത്തകരുടെ വിളികൾ
കാവേരി വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും ഡിഎംകെയ്ക്കെതിരെ കള്ളക്കേസെടുക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലിയെന്നും ഉദയനിധി പ്രസംഗിച്ചിരുന്നു. ഇതിനിടെ സദസ്സിലുണ്ടായിരുന്ന പ്രവർത്തകർ കൂട്ടത്തോടെ ‘തൃഷ, തൃഷ’ എന്ന് വിളിക്കാൻ തുടങ്ങി. തുടർന്ന് പ്രസംഗം നിർത്തി ഉദയനിധി നടത്തിയ ദ്വയാർഥ പരാമർശമാണ് വൻ വിവാദത്തിന് തിരികൊളുത്തിയത്.

പ്രതിഷേധം ശക്തമാക്കി ടിവികെയും ബിജെപിയും; വനിതാ കമ്മിഷനിൽ പരാതി
സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ തമിഴക വെട്രി കഴകം (TVK) ആഹ്വാനം ചെയ്തു. ഉദയനിധിക്കെതിരെ തഞ്ചാവൂർ പൊലീസിലും ദേശീയ വനിതാ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്. ടിവികെ വനിതാ വിഭാഗം ഭാരവാഹിയായ ഭൈരവിയാണ് വനിതാ കമ്മിഷനെ സമീപിച്ചത്. ഉദയനിധിയുടെ പരാമർശം അങ്ങേയറ്റം അറപ്പുളവാക്കുന്നതാണെന്ന് ടിവികെ എംഎൽഎ രേവന്ത് ചരൺ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.ഉദയനിധിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മുഖ്യവക്താവ് നാരായണൻ തിരുപ്പതിയും ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ പ്രതിഷേധവും സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനവുമാണ് ഉയരുന്നത്.