ശബരിമലയിലേക്ക് കെ.എസ്.ആർ.ടി.സി റെഡി!
മണ്ഡലപൂജയ്ക്ക് 390 ബസുകൾ; മകരവിളക്കിന് 560 വരെ സർവീസ്
പത്തനംതിട്ട: 2026–27 ശബരിമല മണ്ഡലപൂജ–മകരവിളക്ക് തീർത്ഥാടനകാലത്ത് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ കെ.എസ്.ആർ.ടി.സി വേഗത്തിലാക്കി. തീർത്ഥാടകരുടെ വർധിച്ചുവരുന്ന യാത്രാവശ്യം കണക്കിലെടുത്ത് വിവിധ ഘട്ടങ്ങളിലായി കൂടുതൽ ബസുകളും ജീവനക്കാരെയും സജ്ജമാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
മണ്ഡലപൂജ ഘട്ടത്തിൽ 390 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 560 ബസുകളും സർവീസിനായി സജ്ജമാക്കാനാണ് കെ.എസ്.ആർ.ടി.സി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന ഘട്ടങ്ങളിൽ ആവശ്യാനുസരണം കൂടുതൽ ബസുകൾ വിന്യസിക്കാനും ക്രമീകരണമുണ്ടാകും.
പമ്പയിലും നിലയ്ക്കലിലും സർവീസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി ആവശ്യമായ ജീവനക്കാരെയും ഘട്ടംഘട്ടമായി നിയോഗിക്കും. ആദ്യഘട്ടത്തിൽ 678 ജീവനക്കാരെയും രണ്ടാംഘട്ടത്തിൽ 778 ജീവനക്കാരെയും നിയോഗിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
തീർത്ഥാടകരുടെ യാത്രാവശ്യം പരിഗണിച്ച് കായംകുളം, മാവേലിക്കര യൂണിറ്റുകളിൽനിന്ന് കൂടുതൽ സർവീസുകൾ നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. നിലയ്ക്കൽ–പമ്പ ചെയിൻ സർവീസുകളുടെ സുഗമമായ നടത്തിപ്പ്, ബസ് പാർക്കിംഗ്, യാത്രക്കാർക്കുള്ള കാത്തിരിപ്പ് സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണം എന്നിവയ്ക്കാവശ്യമായ ക്രമീകരണങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.
അയ്യപ്പഭക്തരുടെ യാത്ര സുരക്ഷിതവും സുഗമവും കാര്യക്ഷമവുമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചാണ് കെ.എസ്.ആർ.ടി.സി ഇത്തവണത്തെ ശബരിമല തീർത്ഥാടനകാലത്തെ സർവീസുകൾക്ക് തയ്യാറെടുക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)