ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചു
തിരുവനന്തപുരം നേമം സ്വദേശി സതീഷ് ആണ് മരിച്ചത്
തിരുവനന്തപുരം അമ്പലമുക്കിൽ സാനിറ്ററി കടയിലെ കാർഗോ ലിഫ്റ്റിൽ ഉണ്ടായ അപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു. കാർഗോ ലിഫ്റ്റിന്റെ ഫ്രെയിമുകൾക്ക് ഇടയിൽ തലകുടുങ്ങിയാണ് അപകടമുണ്ടായത്.
രാവിലെ പതിനൊന്നരയോടെയാണ് അത്യന്തം ദാരുണമായ സംഭവം. അമ്പലമുക്ക് ജംഗ്ഷനിലുള്ള സാനിറ്ററി ഉല്പന്നങ്ങൾ വിൽക്കുന്ന എസ്‍കെപി ഷോറൂമിൽ 18 വർഷത്തോളമായി ജീവനക്കാരനാണ് സതീഷ്. സതീഷും മറ്റൊരു ജീവനക്കാരനും ചേർന്നാണ് രാവിലെ ഷോറൂമിലെ മൂന്നാം നിലയിൽ ചരക്ക് നീക്കിയിരുന്നത്. കടയിൽ തിരക്കായപ്പോൾ കൂടെയുണ്ടായിരുന്നയാൾ താഴത്തെ നിലയിലേക്ക് പോയി. പിന്നീട് സതീഷിനെ അന്വേഷിച്ചെത്തിയ ജീവനക്കാരിയാണ് ഓപ്പൺ ലിഫ്റ്റിലെ ഫ്രെയിമുകൾക്കിടയിൽ തല കുടുങ്ങിയ നിലയിൽ സതീഷിനെ കണ്ടത്. ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് സതീഷിനെ പുറത്തെടുത്തത്. പുറത്തെടുക്കും മുമ്പേ ജീവൻ നഷ്ടപ്പെട്ടിരുന്നു.
എങ്ങനെയാണ് അപകടം ഉണ്ടായത് എന്ന് സംബന്ധിച്ച് വ്യക്തതയായിട്ടില്ല. ലിഫ്റ്റിന് തകരാറില്ലെന്നാണ് കടയിലെ മറ്റ് ജീവനക്കാർ പറയുന്നത്. ലിഫ്റ്റിൽ നിന്നും താഴത്തെ നിലയിലേക്ക് നോക്കുന്നതിനിടെയാകാം അപകടമുണ്ടായതെന്നാണ് സംശയം.