ആവേശമായി രാജസ്ഥാന്‍ റാലി, യുവ തരംഗമായി രാഹുല്‍ ഗാന്ധി
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനങ്ങളുടെ തകര്‍ച്ച ഉന്നയിച്ച് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ കോട്ടയില്‍ നടത്തിയ റാലി വന്‍വിജയമാവുകയും യുവജനങ്ങളും വിദ്യാര്‍ഥികളും അതേറ്റെടുക്കുകയും ചെയ്തതോടെ ജെന്‍ സീയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. ഛത്രോന്‍ കി ഗൂംജ് (വിദ്യാര്‍ഥികളുടെ ആഹ്വാനം) എന്ന് പേരിട്ട റാലിയില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും ഒഴുകിയെത്തിയിരുന്നു. സമാനമായ റാലികള്‍ മറ്റു പ്രദേശങ്ങളിലും സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
യുവജനത നിരാശയിലാണെന്നും വിദ്യാഭ്യാസ സമ്പ്രദായം അവരെ അതീവ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും വിദ്യാര്‍ഥികളുമായി സംവദിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം ശരിയായ വഴിയിലല്ല മുന്നോട്ടു പോവുന്നത്. ഈ വേദി രാഷ്ട്രീയം പറയാനുള്ളതല്ല. വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതാണ്. നിങ്ങള്‍ ഓരോ ദിവസവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കാനുള്ളതാണ് -രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കോച്ചിംഗ് കേന്ദ്രമാണ് രാജസ്ഥാനിലെ കോട്ട. നീറ്റിനും ജെ.ഇ.ഇക്കും മാത്രമായി ഇവിടെ ഒരു ലക്ഷത്തിലേറെ കുട്ടികള്‍ പരിശീലനം നേടുന്നുണ്ട്. ഓള്‍ ഇന്ത്യ എന്‍ട്രന്‍സായ നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന മൂന്ന് പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും വേദിയിലേക്ക് വിളിച്ച് അവരുടെ ആശങ്കകള്‍ രാഹുല്‍ ചോദിച്ചറിഞ്ഞു. അവരുടെ സ്വപ്‌നങ്ങളെയും ആശങ്കകളെയും കോച്ചിംഗിനായി അവര്‍ ചെലവിടുന്ന തുകയെയും കുറിച്ച് കുട്ടികള്‍ സംസാരിച്ചു.
വിദ്യാര്‍ഥികളെ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെട്ടുവെന്ന് സദസ്സിനെ രാഹുല്‍ ബോധ്യപ്പെടുത്തി. കുറച്ചു കാലം മുമ്പ് താന്‍ നടത്തി ജോഡോ യാത്രയെ രാഹുല്‍ അനുസ്മരിച്ചു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള 4000 കിലോമീറ്റര്‍ യാത്രയില്‍ ലക്ഷക്കണക്കിന് യുവാക്കളും വിദ്യാര്‍ഥികളുമായി ഞാന്‍ സംസാരിച്ചു. എല്ലാവരോടും ഒരേ ചോദ്യമാണ് ചോദിച്ചത്. നിങ്ങള്‍ക്ക് ആരാവണം. എഞ്ചിനിയര്‍, ഡോക്ടര്‍, ലോയര്‍, ഐ.എ.എസ് ഓഫീസര്‍, ആര്‍മി. ആറാമതൊരു ഉത്തരം ആരും തന്നില്ല. ഈ അഞ്ച് ഉത്തരങ്ങളിലേക്ക് വിദ്യാര്‍ഥികളെ ഒതുക്കുന്നതാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. അവരുടെ പ്രതീക്ഷകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതല്ല നമ്മുടെ വിദ്യാഭ്യാസ രീതി - രാഹുല്‍ പറഞ്ഞു.
പരീക്ഷാ സമ്പ്രദായങ്ങളിലെ വീഴ്ചയും തൊഴിലില്ലായ്മയും വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും വിഷയമാക്കി കൂടുതല്‍ റാലികള്‍ നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതിന്റെ പരിണിതി ബി.ജെ.പി ഭയപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ റാലികള്‍ പരീക്ഷകള്‍ക്ക് ഒരുങ്ങുന്നതില്‍ നിന്ന് വിദ്യാര്‍ഥികളുടെ ശ്രദ്ധ തിരിക്കുമെന്ന് പാര്‍ട്ടി ആരോപിച്ചു. അലഹാബാദ്, പാറ്റ്‌ന, ദല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ ഛത്രോന്‍ കി ഗൂംജ് റാലികള്‍ നടത്താന്‍ എന്‍.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ഒരുങ്ങുകയാണ്.