പേമാരിയിൽ വിറച്ച് കേരളം: മരണം 15 ആയി; 10 ജില്ലകളിൽ ചൊവ്വാഴ്ച അവധി

Heavy Rains Claim 15 Lives; Orange Alert in 10 Districts, School Holiday Declared for 6 Districts on Aug 4

പേമാരിയിൽ വിറച്ച് കേരളം: മരണം 15 ആയി; 10 ജില്ലകളിൽ ചൊവ്വാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ജനജീവിതം ദുസ്സഹമാകുന്നു. വിവിധ ജില്ലകളിലുണ്ടായ മഴക്കെടുതികളിലും അപകടങ്ങളിലുമായി ഇതുവരെ 15 പേർ മരണപ്പെട്ടു. കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ നാളെ (ഓഗസ്റ്റ് 4, ചൊവ്വാഴ്ച) സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട്, തൃശൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെയും കണ്ണൂരിലെ മൂന്നു താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ.

പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.

മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല.

10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലർട്ട്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

യെലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്.