കാലടി പാലത്തിൽ അറ്റകുറ്റപ്പണി: രാത്രി ഗതാഗത നിയന്ത്രണം; ബദൽ പാതകൾ ഇങ്ങനെ

Night traffic will be completely restricted on the Kalady Bridge from August 8 to 14 (10 PM to 6 AM) to facilitate urgent maintenance and resurfacing work before Onam

കാലടി പാലത്തിൽ അറ്റകുറ്റപ്പണി: രാത്രി ഗതാഗത നിയന്ത്രണം; ബദൽ പാതകൾ ഇങ്ങനെ

ടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കാലടി പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 8 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയായിരിക്കും നിയന്ത്രണം. വരാനിരിക്കുന്ന ഓണം സീസണിന് മുന്നോടിയായി നിലവിലുള്ള പാലത്തിലെ റീ-ടാറിങ്, ടൈലിങ് അടക്കമുള്ള പണികൾ വേഗത്തിൽ തീർക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.

കലക്ടറേറ്റിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഓണത്തിന് മുൻപും, സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ പണികൾ 2027 ജനുവരി 15-നകം പൂർത്തിയാക്കാനും യോഗത്തിൽ നിർദേശം നൽകി.

യാത്രക്കാർ അറിയാൻ: ബദൽ ഗതാഗത മാർഗ്ഗങ്ങൾ

രാത്രികാലങ്ങളിൽ പാലം അടച്ചിടുന്നതിനാൽ വാഹനങ്ങൾക്ക് ഇനിപ്പറയുന്ന രീതിയിൽ വഴിതിരിച്ചുവിടൽ ഏർപ്പെടുത്തിയിട്ടുണ്ട്:

  • വലിയ വാഹനങ്ങൾ: അങ്കമാലി ഭാഗത്തുനിന്ന് എംസി റോഡ് വഴി പോകേണ്ട ചരക്ക്/വലിയ വാഹനങ്ങൾ ആലുവ – പെരുമ്പാവൂർ റൂട്ട് ഉപയോഗിക്കണം. പെരുമ്പാവൂരിൽ നിന്ന് തിരികെ പോകുന്ന വാഹനങ്ങളും ഇതേ പാത പിന്തുടരേണ്ടതാണ്.

  • ചെറിയ വാഹനങ്ങൾ: അങ്കമാലി ഭാഗത്തുനിന്നുള്ള ചെറിയ വാഹനങ്ങൾക്ക് മറ്റൂരിൽ നിന്ന് തിരിഞ്ഞ് മലയാറ്റൂർ – കോടനാട് പാലം, വല്ലം വഴി യാത്ര തുടരാം.

  • എയർപോർട്ട് യാത്രക്കാർക്ക്: മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ വല്ലം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വല്ലംകടവ് – പാറപ്പുറം പാലം, കാഞ്ഞൂർ വഴി എയർപോർട്ടിൽ എത്തണം. തിരികെ പോകുന്ന വാഹനങ്ങൾക്കും ഈ റൂട്ട് ഉപയോഗിക്കാം.

അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്തി മെയിന്റനൻസ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും നിർദേശം നൽകിയിട്ടുണ്ട്.