സർക്കാർ സ്കൂളുകളിൽ ആയിരക്കണക്കിന് അധ്യാപക ഒഴിവുകൾ; എന്നുനികത്തും ഇവ​?

Kerala Government Schools Report 4,224 Teacher Vacancies; Majority in LP, UP and High School Sections

സർക്കാർ സ്കൂളുകളിൽ ആയിരക്കണക്കിന് അധ്യാപക ഒഴിവുകൾ; എന്നുനികത്തും ഇവ​?

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ വിവിധ വിഭാഗങ്ങളിലായി 4,224 അധ്യാപക തസ്തികകൾ നിലവിൽ ഒഴിവായി കിടക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായാണ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 2,734 ഒഴിവുകൾ എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലാണുള്ളത്.

ഹൈസ്കൂൾ അധ്യാപക വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 1,260 തസ്തികകളാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നത്. എൽ.പി.യിലും യു.പി.യിലും തുല്യമായി 737 വീതം ഒഴിവുകളുണ്ട്.

ജില്ലകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 464 അധ്യാപക തസ്തികകളാണ് ഒഴിവായി കിടക്കുന്നത്. ഏറ്റവും കുറവ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇടുക്കി ജില്ലയിലാണ്. അവിടെ ആകെ 41 ഒഴിവുകളാണുള്ളത്.

ഹയർ സെക്കൻഡറി വിഭാഗത്തിലും ഗണ്യമായ ഒഴിവുകളുണ്ട്. എച്ച്.എസ്.എസ്.ടി. ജൂനിയർ വിഭാഗത്തിൽ സംസ്ഥാനത്താകെ 713 ഒഴിവുകളും എച്ച്.എസ്.എസ്.ടി. വിഭാഗത്തിൽ 225 ഒഴിവുകളും നിലവിലുണ്ട്.

വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്ന വൊക്കേഷണൽ ടീച്ചർ തസ്തികയിൽ 378 ഒഴിവുകളും വൊക്കേഷണൽ ഇൻസ്ട്രക്ടർ വിഭാഗത്തിൽ 156 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നോൺ-വൊക്കേഷണൽ ടീച്ചർ ജൂനിയർ വിഭാഗത്തിൽ 14 ഒഴിവുകളും സീനിയർ വിഭാഗത്തിൽ നാല് ഒഴിവുകളും നിലവിലുണ്ട്.

അതേസമയം, സംസ്ഥാനത്തെ വിവിധ സർക്കാർ സ്കൂളുകളിലായി പ്രഥമാധ്യാപകരുടെ 944 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതിൽ എൽ.പി. വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ -446. ഹൈസ്കൂൾ വിഭാഗത്തിൽ 260, യു.പി. വിഭാഗത്തിൽ 151, ഹയർ സെക്കൻഡറി വിഭാഗത്തിൽ 87 പ്രഥമാധ്യാപക തസ്തികകളുമാണ് നിലവിൽ ഒഴിവുള്ളത്.

തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ പുനർവിന്യസിച്ച ശേഷമേ ശേഷിക്കുന്ന ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുകയുള്ളൂവെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിൽ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റ നടപടികൾ പുരോഗമിക്കുകയാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ വൊക്കേഷണൽ ടീച്ചർ, വൊക്കേഷണൽ ഇൻസ്ട്രക്ടർ തസ്തികകൾ 'വാനിഷിങ് കാറ്റഗറി'യിൽ ഉൾപ്പെടുന്നതിനാൽ അവയിൽ സ്ഥിരനിയമനം നടത്തില്ലെന്നും അധികൃതർ അറിയിച്ചു.