ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡേറ്റ ചോർച്ച; ആധാർ, അക്കൗണ്ട് വിവരങ്ങൾ ഡാർക്ക് വെബിൽ, ഉടൻ നെറ്റ് ബാങ്കിങ് പാസ്‍വേഡ് മാറ്റാൻ നിർദേശം

Massive Bank of Baroda Data Breach: Aadhaar, Account Details Exposed; Leak Linked to Employee Email

ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡേറ്റ ചോർച്ച; ആധാർ, അക്കൗണ്ട് വിവരങ്ങൾ ഡാർക്ക് വെബിൽ, ഉടൻ നെറ്റ് ബാങ്കിങ് പാസ്‍വേഡ് മാറ്റാൻ നിർദേശം

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ (BoB)-യിൽ വൻ ഡേറ്റ ചോർച്ച റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളുടെ ആധാർ നമ്പറുകൾ, പേര്, സേവിങ്സ്/കറന്റ് അക്കൗണ്ട് വിവരങ്ങൾ, വായ്പാ അപേക്ഷകൾ, നെറ്റ് ബാങ്കിങ് വിവരങ്ങൾ, എടിഎമ്മുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഉൾപ്പെടെ ഏകദേശം 1000 ജിബി (1 ടിബി) ഡാറ്റ ഡാർക്ക് വെബിൽ എത്തിയെന്നാണ് റിപ്പോർട്ട്.

ട്രിപ്പിൾഎക്സ് (TripleX) എന്ന ഹാക്കിങ് ഗ്രൂപ്പ് വിവരച്ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പ്രവാസികളുടെയും കോർപറേറ്റ് ബാങ്കിങ് ഉപഭോക്താക്കളുടെയും വിവരങ്ങളും ചോർന്നതായി അവകാശപ്പെടുന്നു.

അതേസമയം, ബാങ്കിന്റെ കോർ ബാങ്കിങ് സിസ്റ്റം സുരക്ഷിതമാണെന്നും, ഒരു ജീവനക്കാരന്റെ ഇമെയിൽ അക്കൗണ്ട് ചോർന്നതിലൂടെയാണ് സംഭവം ഉണ്ടായതെന്നും ബാങ്ക് അറിയിച്ചു. സംഭവത്തിൽ ഫോറൻസിക് അന്വേഷണം ആരംഭിച്ചതായും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും ബാങ്ക് വ്യക്തമാക്കി. ബാങ്കിന്റെ ആഭ്യന്തര രേഖകളായ ഓഡിറ്റ് റിപ്പോർട്ടുകൾ, വിജിലൻസ് അന്വേഷണ രേഖകൾ തുടങ്ങിയവയും ചോർന്നവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഡേറ്റ ചോർച്ചയെ തുടർന്ന് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ബാങ്കിങ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഫിഷിങ്, ഒടിപി തട്ടിപ്പ്, വ്യാജ കോൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ നെറ്റ് ബാങ്കിങ് പാസ്‍വേഡും എം-പിൻ/പിൻ നമ്പറുകളും എത്രയും വേഗം മാറ്റുന്നതാണ് സുരക്ഷിതമെന്ന് അവർ നിർദേശിക്കുന്നു.

എങ്ങനെ നെറ്റ് ബാങ്കിങ് പാസ്‍വേഡ് മാറ്റാം?

  • BoB World Internet Banking പോർട്ടലിൽ യൂസർ ഐഡിയും നിലവിലെ പാസ്‍വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • Profile അല്ലെങ്കിൽ Quick Links വിഭാഗത്തിൽ നിന്ന് Change Password തിരഞ്ഞെടുക്കുക.
  • നിലവിലെ പാസ്‍വേഡ് നൽകിയ ശേഷം പുതിയ പാസ്‍വേഡ് രണ്ട് തവണ നൽകി Confirm ചെയ്യുക.
  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ ലഭിക്കുന്ന OTP നൽകി പാസ്‍വേഡ് മാറ്റം പൂർത്തിയാക്കാം.

പാസ്‍വേഡ് മറന്നാൽ?

  • BoB World Internet Banking ലോഗിൻ പേജിൽ Reset Password ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • യൂസർ ഐഡിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ ലഭിക്കുന്ന OTPയും നൽകി പുതിയ പാസ്‍വേഡ് സജ്ജമാക്കാം.

സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ടത്

  • ശക്തമായ (Strong) പാസ്‍വേഡ് മാത്രം ഉപയോഗിക്കുക.
  • യൂസർ ഐഡി, മൊബൈൽ നമ്പർ, പേര്, ജനനത്തീയതി, ജനനവർഷം തുടങ്ങിയ എളുപ്പത്തിൽ കണ്ടെത്താവുന്ന വിവരങ്ങൾ പാസ്‍വേഡായി ഉപയോഗിക്കരുത്.
  • ബാങ്കിൽ നിന്നെന്ന പേരിൽ വരുന്ന സംശയാസ്പദമായ കോളുകളിലും സന്ദേശങ്ങളിലും OTP, CVV, പാസ്‍വേഡ് തുടങ്ങിയ വിവരങ്ങൾ ഒരിക്കലും പങ്കുവെക്കരുത്.
  • അക്കൗണ്ടിലെ ഇടപാടുകൾ പതിവായി പരിശോധിക്കുകയും സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബാങ്കിനെ അറിയിക്കുകയും ചെയ്യുക.